ഝാന്‍സി യാത്രയായി ഗോദാവരിയുടെ മടിത്തട്ടിലേക്ക്
കോഴിക്കോട്: വഴിതെറ്റിയെത്തി ഒരു വര്‍ഷത്തോളമായി വെള്ളിമാടുകുന്ന് ഷോര്‍ട്ട്‌സ്‌റ്റേ ഹോമിലെ അന്തേവാസിയായിരുന്ന ജുതുക ഝാന്‍സി എന്ന യുവതി സഹോദരനൊപ്പം ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലെ രാമചന്ദ്രപുരം മുച്ചുമില്ലിയിലെ വീട്ടിലേക്ക് യാത്രയായി. വെള്ളിമാടുകുന്ന് ഷോര്‍ട്ട്‌സ്‌റ്റേ ഹോമില്‍നിന്ന് ഒരു അന്തേവാസി ആദ്യമായി വീട്ടിലേക്ക് മടങ്ങുന്ന നിമിഷങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ലളിതമായ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ആര്‍.എല്‍ ബൈജു ഉദ്ഘാടനം ചെയ്തു.
വീട് വിടുന്ന സമയത്ത് രണ്ടു വര്‍ഷമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു ഝാന്‍സിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. അവളെ ദത്തെടുത്തിരുന്ന ലക്ഷ്മണ റാവു പിന്നീട് മാതാപിതാക്കളുടെ അടുത്ത് തിരിച്ചുകൊണ്ടാക്കി. ഏതാനും ദിവസം കഴിഞ്ഞ് അവള്‍ വീട്ടിലാരെയും അറിയിക്കാതെ നാടുവിടുകയായിരുന്നുവെന്നാണ് ആന്ധ്ര പൊലിസില്‍ നല്‍കിയ വിവരം. 2016 ജൂലൈ മൂന്നിനാണ് കോഴിക്കോട് നഗരത്തില്‍നിന്ന് വനിതാ പൊലിസ് ഝാന്‍സിയെ കണ്ടെത്തുന്നത്. അന്ന് 23 വയസ്സായിരുന്നു പ്രായം. ഷോര്‍ട്ട് സ്‌റ്റേ ഹോമില്‍ വന്ന സമയം ഒന്നും സംസാരിക്കില്ലായിരുന്നു. മൂളല്‍ മാത്രം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചപ്പോള്‍ കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ പതിവായി കാണിച്ച് ചികിത്സ തേടി. മരുന്നുകള്‍ കൃത്യമായി കഴിച്ചതിനാല്‍ രോഗം ഭേദമായി. അതിനിടെ സാമൂഹിക പ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനുമായ എം. ശിവന്റെ സഹായത്തോടെ ഝാന്‍സിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞതാണ് വഴിത്തിരിവായത്. പത്താം തരം വരെ പഠിച്ച ഝാന്‍സി സ്‌കൂളിന്റെ പേരും നാടും ഇംഗ്ലീഷില്‍ എഴുതി നല്‍കി.
ശിവന്‍ ഈസ്റ്റ് ഗോദാവരിയിലെ പൊലിസുമായി ബന്ധപ്പെട്ട് ബന്ധുക്കളുമായി സംസാരിച്ചു. അവര്‍ ഝാന്‍സിയെ സ്വീകരിക്കാന്‍ തയാറായി. സഹോദരന്‍ ലോകേഷ്, പഞ്ചായത്തംഗം കോലമൂരി ശിവാജി എന്നിവരടക്കം അഞ്ചുപേരാണ് ഝാന്‍സിയെ കൊണ്ടുപോവാനെത്തിയത്. ഇന്നലെ വൈകീട്ട് ചെന്നൈ മെയിലില്‍ ഝാന്‍സി ഇവര്‍ക്കൊപ്പം മടങ്ങി.
യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ സാമൂഹികനീതി ഓഫീസര്‍ ടി.പി സാറാമ്മ അധ്യക്ഷയായി. ഷോര്‍ട്ട് സ്‌റ്റേ ഹോം സൂപ്രണ്ട് എന്‍. റസിയ, സാമൂഹിക പ്രവര്‍ത്തകന്‍ എം. ശിവന്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി.പി വിനീഷ്, കെ. പ്രകാശന്‍, എ.പി അബ്ദുല്‍ കരീം ആശംസകള്‍ അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."