ആ സര്‍ട്ടിഫിക്കറ്റെങ്കിലും തിരികെകിട്ടിയാല്‍ എനിക്കെവിടെയെങ്കിലും പഠിക്കാമായിരുന്നു...
പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതിന് സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ചു ; തിരികെ ലഭിക്കാന്‍ പരാതിയുമായെത്തിയ വിദ്യാര്‍ഥിയോട് കൈമലര്‍ത്തി സര്‍ക്കാര്‍
കോഴിക്കോട്: ആ സര്‍ട്ടിഫിക്കറ്റെങ്കിലും തിരികെകിട്ടിയാല്‍ എവിടെയെങ്കിലും തുടര്‍ന്ന് പഠിക്കാമെന്ന പ്രതീക്ഷയാണ് ആതിരയ്ക്ക്. അതുകൊണ്ടുതന്നെ ആ പെണ്‍കുട്ടി നിസ്സഹായതയോടെ എല്ലാവരോടും ചോദിക്കുന്നത് കോളജ് അധികൃതര്‍ പിടിച്ചുവച്ച തന്റെ സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നാണ്. തമിഴ്‌നാട്ടിലെ കോളജിലെ റാഗിങ് കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന കോഴിക്കോട് ചേളന്നൂര്‍ പാലക്കോട്ടുതാഴം ആതിരയാണ് തന്റെ ഭാവിയെ പോലും കരിനിഴലിലാക്കുന്ന കോളജ് അധികൃതരുടെ കണ്ണില്‍ച്ചോരയില്ലാത്ത നടപടിക്ക് പരിഹാരം തേടി അലയുന്നത്.
സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാന്‍ ഈ പെണ്‍കുട്ടി മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ എല്ലാവരും കൈമലര്‍ത്തുകയായിരുന്നു. കോളജില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭാ സെക്രട്ടറിയേറ്റിന് മുന്‍പാകെ വരെ പരാതി സമര്‍പ്പിച്ചു. എന്നാല്‍ പരാതി തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും വിഷയത്തില്‍ സമിതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. നേരത്തെ വകുപ്പ് മന്ത്രിക്കും, എം.പിക്കും, എം.എല്‍.എക്കും, കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും എല്ലായിടത്തു നിന്നും നിരാശാജനകമായിരുന്നു മറുപടി. ഇതോടെയാണ് സംസ്ഥാന നിയമസഭാ സെക്രട്ടറിയേറ്റിന് മുന്‍പാകെ കഴിഞ്ഞവര്‍ഷം ജൂണില്‍ ആതിര പരാതി നല്‍കിയത്. എന്നാല്‍ ഇവിടെ നിന്നും കൈയൊഴിഞ്ഞതിനാല്‍ നിസ്സഹായാവസ്ഥയിലാണ് ഈ വിദ്യാര്‍ഥിനി. സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിക്കാത്തതിനാല്‍ മറ്റു കോഴ്‌സുകള്‍ക്കൊന്നും ചേരാനാകാതെ വീട്ടിലിരിക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ ആതിര.
തമിഴ്‌നാട് പേരമ്പല്ലൂരിലെ ശ്രീനിവാസന്‍ കോളജ് ഓഫ് നഴ്‌സിങില്‍ 2017-18 അധ്യയനവര്‍ഷത്തിലാണ് ആതിര നഴ്‌സിങ് പഠനത്തിനായി പ്രവേശനം നേടിയത്. എന്നാല്‍ കോളജിലും ഹോസ്റ്റലിലും നിരന്തരം റാഗിങ് നേരിട്ടു. ഏത് വിധേനെയും അവിടെ പിടിച്ചു നില്‍ക്കാന്‍ തന്നെയായിരുന്നു ശ്രമിച്ചത്. ദേഹോപദ്രവം സഹിക്കാതെ വന്നതോടെ കോളജ് അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍ പ്രശ്‌നം നിസാരവല്‍ക്കരിക്കുകയാണ് പ്രിന്‍സിപ്പല്‍ ചെയ്തതെന്ന് ആതിര പറഞ്ഞു. ഉപദ്രവം കൂടിയതോടെ മൂന്ന് മാസത്തിന് ശേഷം പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു. എന്നാല്‍ ആതിരയുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമൊന്നും തിരിച്ചുനല്‍കാതെ കോളജ് അധികൃതര്‍ പിടിച്ചുവയ്ക്കുകയായിരുന്നു.
നാലു വര്‍ഷത്തെ നഴ്‌സിങ് കോഴ്‌സിന്റെ മൊത്തം ഫീസായ അഞ്ചു ലക്ഷം രൂപ അടച്ചാല്‍ മാത്രമെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാന്‍ കഴിയുകയുള്ളൂവെന്നാണ് കോളജ് അധികൃതര്‍ വ്യക്തമാക്കുന്നത്. നേരത്തെയടച്ച ഒരുവര്‍ഷത്തെ ഫീസായ ഒന്നരലക്ഷം രൂപ തിരികെവേണ്ടെന്ന് അറിയിച്ചെങ്കിലും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കാന്‍ തയാറായില്ല. ഇത്ര ഭീമമായ തുക നല്‍കാന്‍ ഈ കുടുംബത്തിന് കഴിയാത്ത സ്ഥിതിയാണ്. ഇതുവരെയുള്ള തുക പോലും അടച്ചത് വിദ്യാഭ്യാസ ലോണ്‍ എടുത്താണ്. ഇന്‍ഡസ്ട്രിയല്‍ ജോലിക്കാരനായ പിതാവ് ഷാജിയുടെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. നഴ്‌സ് ആകുകയെന്നത് ഏറ്റവും ആഗ്രഹമുള്ള കാര്യമായിരുന്നു. അതുകൊണ്ടാണ് ബി.എസ്.സി നഴ്‌സിങ്ങിന് ചേര്‍ന്നത്. സര്‍ട്ടിഫിക്കറ്റുകളെങ്കിലും മടക്കി ലഭിച്ചിരുന്നെങ്കില്‍ നാട്ടില്‍ എവിടെയെങ്കിലും പഠനം തുടരാമായിരുന്നു. എന്നാല്‍ അതിനുള്ള അവസരമാണ് കോളജ് അധികൃതര്‍ ഇല്ലാതാക്കുന്നതെന്നും ആതിര വേദനയോടെ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."