പാര്‍ട്ടി സെക്രട്ടറിസ്ഥാനം കണ്ണൂരിന് കൈവിട്ടത് 28ാം വര്‍ഷം കണ്ണൂര്‍ ലോബിയിലെ വിള്ളല്‍ വിജയരാഘവന് വഴിതുറന്നെന്ന് സൂചന
കണ്ണൂര്‍: 28 വര്‍ഷങ്ങള്‍ക്കുശേഷമാണ് സി.പി.എം സംസ്ഥാന സെക്രട്ടറിപദം കണ്ണൂര്‍ ലോബിയില്‍ നിന്ന് കൈവിട്ടുപോകുന്നത്. ഏറ്റവുമൊടുവില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം കണ്ണൂരിന് പുറത്തുപോയത് വി.എസ് അച്യുതാനന്ദനിലൂടെയാണ്. നായനാര്‍ മുഖ്യമന്ത്രിയായപ്പോഴാണ് വി.എസ് സെക്രട്ടറിയായത്. 1980 മുതല്‍ 1992 വരെ. ഇതൊഴിച്ചാല്‍ നീണ്ടകാലം പാര്‍ട്ടിയെ നയിച്ചതു കണ്ണൂരില്‍ നിന്നുള്ള നേതാക്കളായിരുന്നു.
1972 മുതല്‍ 1980 വരെ പാര്‍ട്ടി സെക്രട്ടറിസ്ഥാനം അലങ്കരിച്ച നായനാര്‍ മുഖ്യമന്ത്രിപദമൊഴിഞ്ഞ് 1992 മുതല്‍ 1996 വരെ വീണ്ടും സെക്രട്ടറിയാവുകയും ചെയ്തു. പിന്നീട് 1996 മുതല്‍ 98 വരെ ചടയന്‍ ഗോവിന്ദനായിരുന്നു പാര്‍ട്ടിയുടെ അമരത്ത്. ചടയന്റെ നിര്യാണത്തെ തുടര്‍ന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയന്‍ ചുമതലയേറ്റു. 2015 വരെ പാര്‍ട്ടിയെ നയിച്ചതു പിണറായിയായിരുന്നു. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിലാണു പിണറായി സ്ഥാനമൊഴിഞ്ഞത്. പകരക്കാരനായി വന്നത് പിണറായിയുടെ വിശ്വസ്തന്‍ കൂടിയായ കോടിയേരി ബാലകൃഷ്ണനായിരുന്നു.
സംസ്ഥാനത്ത് സി.പി.എമ്മിന് ഏറ്റവുമധികം സംഘടനാശക്തിയും ജനപിന്തുണയുമുള്ള ജില്ല എന്നതായിരുന്നു കണ്ണൂരിന്റെ ഈ നേതൃനിയന്ത്രണത്തിനുപിന്നില്‍. അതുകൊണ്ടുതന്നെ കണ്ണൂര്‍ ലോബി എന്ന പദപ്രയോഗം തന്നെ പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെടുകയും ചെയ്തു. പാര്‍ട്ടി അധികാരത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും കണ്ണൂര്‍ ലോബിയാണ് സി.പി.എമ്മിലെ നിര്‍ണായക ശക്തി. കഴിഞ്ഞ ഇടതു മന്ത്രിസഭയില്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായതും ഈ സ്വാധീനത്തിനു പുറത്തായിരുന്നു. ഈ മന്ത്രിസഭയിലും ഒന്നാമനും രണ്ടാമനുമടക്കം മൂന്നുപേര്‍ കണ്ണൂരുകാരാണ്.
എന്നാല്‍, അടുത്തകാലത്തായി കണ്ണൂര്‍ ലോബിക്കുള്ളില്‍ ചില വിള്ളലുകള്‍ വീണിട്ടുണ്ട്. കോടിയേരിയുടെ മകനെതിരായി ഉയര്‍ന്ന ആരോപണത്തിനു പിന്നിലടക്കം കണ്ണൂരിലെ മറ്റൊരു പ്രമുഖ നേതാവാണെന്ന വിമര്‍ശനങ്ങള്‍പോലും ഒരുവിഭാഗം ഉന്നയിച്ചു. ഇ.പി ജയരാജന്റെ മകനെതിരേ ഇടക്കാലത്ത് ഉയര്‍ന്നുവന്ന ആരോപണം ഈ അസ്വാരസ്യങ്ങളുടെ ബാക്കിപത്രമായിരുന്നു. അതുകൊണ്ടുതന്നെയാണ് പതിവിനുവിപരീതമായി എല്‍.ഡി.എഫ് കണ്‍വീനറായ ഒരാള്‍ക്കു പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല നല്‍കിയതെന്നാണു സൂചന. കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയുടെ പകരം ചുമതലയിലേക്ക് എത്തുമെന്നായിരുന്നു പൊതുവില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍, മന്ത്രിസഭയിലെ രണ്ടാമനെ പാര്‍ട്ടിയുടെ അമരത്തേക്കു കൊണ്ടുവരാനാണ് പിണറായി വിഭാഗം ആഗ്രഹിക്കുന്നത്. അതുവരെ മാത്രമാകും എ. വിജയരാഘവന് പാര്‍ട്ടി സെക്രട്ടറിയുടെ കസേര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."