നന്നമ്പ്രയില്‍ സമഗ്ര കുടിവെള്ള പദ്ധതി
തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു. ഇന്നലെ കുണ്ടൂര്‍ മര്‍ക്കസില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും പാര്‍ട്ടി നേതാക്കളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ വീതം അനുവദിക്കപ്പെട്ട കുണ്ടൂര്‍ കുടുക്കേങ്ങല്‍ കുടിവെള്ള പദ്ധതി, വെള്ളിയാമ്പുറം കുടിവെള്ള പദ്ധതി, അല്‍ അമീന്‍ നഗര്‍ കുടിവെള്ള പദ്ധതി എന്നിവ അഞ്ച് വര്‍ഷത്തോളമായിട്ടും പൂര്‍ത്തിയാക്കാത്തതില്‍ എം.എല്‍.എ നീരസം പ്രകടിപ്പിച്ചു.
കുണ്ടൂരില്‍ പദ്ധതിക്ക് കണര്‍ നിര്‍മിച്ചെങ്കിലും ആവശ്യത്തിന് വെള്ളമില്ല. വെള്ളിയാമ്പുറത്തും കിണര്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും പ്രദേശത്തുകാരുടെ എതിര്‍പ്പ് പദ്ധതിക്ക് തടസം സൃഷ്ടിക്കുകയാണ്. അല്‍ അമീന്‍ നഗറില്‍ കിണര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് ആവശ്യത്തിന് വെള്ളമുണ്ടാകില്ലെന്ന ആശങ്കയുള്ളതിനാല്‍ ഈ പദ്ധതിയും പാതി വഴിയിലായി. ഇതോടെ ഈ പദ്ധതികളില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ആലോചിക്കുന്നതിന് മെമ്പര്‍മാര്‍ക്കും ഗുണഭോക്താക്കള്‍ക്കും ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ഒരു മാസത്തിനകം ഈ പദ്ധതികളില്‍ തീരുമാനമായില്ലെങ്കില്‍ തുക മറ്റു പദ്ധതികളിലേക്ക് മാറ്റുമെന്ന് എം.എല്‍.എ യോഗത്തെ അറിയിച്ചു. അതോടൊപ്പം സമഗ്ര കുടിവെള്ള പദ്ധതിക്കായി കുണ്ടൂര്‍ പാടത്തും തട്ടത്തലയിലും മറ്റും ലഭിച്ച ഭൂമി പരിശോധിക്കുന്നതിനും തുടര്‍ നടപടികളുമായി മുന്നോട്ട് പോകുന്നതിനും യോഗത്തില്‍ തീരുമാനമായി. കുണ്ടൂര്‍ പാടത്ത് ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഒരു വ്യക്തി സ്ഥലം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ റസാഖ് ഹാജി യോഗത്തെ അറിയിച്ചു. അതോടൊപ്പം പത്ത് സെന്റ് ഭൂമി തട്ടത്തലം കുന്നിന് മുകളില്‍ ടാങ്കിനായി നല്‍കാമെന്നും അദ്ദേഹം യോഗത്തെ അറിയിച്ചിരുന്നു. ഇതോടെ കൊടിഞ്ഞിയിലും കുണ്ടൂര്‍ ചെറുമുക്ക് മേഖയിലും ടാങ്കിനായി സ്ഥലം ലഭ്യമായാല്‍ പദ്ധതിക്ക് വേണ്ട ഭൂമി പൂര്‍ണമായും ലഭ്യമാകും. ഈ സാഹചര്യത്തില്‍ കടലുണ്ടിപ്പുഴയില്‍നിന്ന് വെള്ളമെത്തിച്ചുകൊണ്ടുള്ള പദ്ധതിയാണ് ഉദ്ദേശിക്കുന്നതെന്നും അബ്ദുറബ്ബ് പറഞ്ഞു.
യോഗത്തില്‍ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പനയത്തില്‍ മുസ്തഫ, വൈസ് പ്രസിഡന്റ് തേറാമ്പില്‍ ആസിയ, മുന്‍ പ്രസിഡന്റുമാരായ കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍, എം.പി മുഹമ്മദ് ഹസ്സന്‍, സ്ഥിര സമിതി അധ്യക്ഷരായ ഷമീര്‍ പൊറ്റാണിക്കല്‍, കാവുങ്ങല്‍ ഫാത്തിമ, ഇ.പി മുജീബ് മാസ്റ്റര്‍, ജന പ്രതിനിധികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."