വിജയരാഘവന് ഇനി ഇരട്ടദൗത്യം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഒരേസമയം ഇനി പാര്‍ട്ടിയെയും മുന്നണിയെയും എ. വിജയരാഘവന്‍ നിയന്ത്രിക്കും. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിസ്ഥാനം അടുത്തകാലത്തൊന്നും പ്രതീക്ഷിച്ചിരുന്ന നേതാവല്ല വിജയരാഘവന്‍. ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ അസാധാരണമായി സംഭവിച്ചതാണെന്നു മാത്രം. മകന്‍ മൂലം കോടിയേരി ബാലകൃഷ്ണന് സെക്രട്ടറിസ്ഥാനം ഒഴിയേണ്ടിവന്ന സാഹചര്യത്തിലാണ് വിജയരാഘവന്റെ പാര്‍ട്ടിയിലെ ഉന്നത സ്ഥാനലബ്ദി.
പിണറായിയുടെയും കോടിയേരിയുടെയും വിശ്വസ്തനായാണ് വിജയരാഘവന്‍ പാര്‍ട്ടിയുടെ അമരത്ത് എത്തുന്നത്. പ്രസംഗങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും വിവാദക്കുരുക്കില്‍ വീഴുമ്പോഴും അടിയുറച്ച പാര്‍ട്ടിക്കാരന്‍ എന്ന പ്രതിച്ഛായയാണ് സി.പി.എമ്മില്‍ വിജരാഘവന്റെ മുതല്‍ക്കൂട്ട്. തീര്‍ത്തും ദരിദ്രമായ സാഹചര്യത്തില്‍ നിന്നാണ് വിജയരാഘവന്‍ എന്ന നേതാവ് ഉയര്‍ന്നുവന്നത്. സി.പി.എം വിഭാഗീയതയില്‍ പിണറായി വിജയനൊപ്പം അടിയുറച്ചുനിന്ന നേതാവായിരുന്നു. വിശ്വസിക്കാന്‍ പറ്റുന്നവന്‍ എന്നായിരുന്നു പാര്‍ട്ടിയില്‍ പൊതുവേയുള്ള അദ്ദേഹത്തിന്റെ വിളിപ്പേര്. കോടിയേരിക്കും പ്രിയപ്പെട്ടവനാണ്. അതുകൊണ്ടുതന്നെയാണു താല്‍ക്കാലികമാണെങ്കിലും തന്റെ പിന്‍ഗാമിയായി സി.പി.എം കേന്ദ്ര നേതൃത്വം വിജയരാഘവനെ കണ്ടപ്പോള്‍ കോടിയേരി എതിര്‍ക്കാതിരുന്നത്. കണ്ണൂരുകാരനായ എം.വി ഗോവിന്ദന്‍ മാസ്റ്ററാകും അടുത്ത സംസ്ഥാന സെക്രട്ടറിയെന്ന അഭ്യൂഹം പാര്‍ട്ടിക്കുള്ളില്‍ പരക്കെ ചര്‍ച്ച ചെയ്യുന്നതിനിടെയാണു മലപ്പുറത്തുകാരനായ എ.വിജയരാഘവന്‍ സി.പി.എം സെക്രട്ടറി സ്ഥാനത്തെത്തുന്നത്. രണ്ടു തെരഞ്ഞെടുപ്പുകളാണ് പുതിയ സെക്രട്ടറിയെ കാത്തിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം ശുഭകരമല്ലെന്ന് വിജയരാഘവനറിയാം. ഇങ്ങനെയൊരു പ്രതിസന്ധിഘട്ടത്തില്‍ അദ്ദേഹത്തിന്റെ നേതൃപാടവവും വിലയിരുത്തപ്പെടും. ഇതുതന്നെയാകും അടുത്ത പാര്‍ട്ടി സമ്മേളനത്തിലും പ്രതിഫലിക്കുക.
കൊടിയ ദാരിദ്ര്യത്തില്‍ വിദ്യാഭ്യാസംപോലും സാധ്യമാകാത്ത കുട്ടിക്കാലമാണ് വിജയരാഘവന്റേത്. ഹോട്ടലുകളിലും ബേക്കറിയിലും പണിയെടുത്തായിരുന്ന ബാല്യത്തില്‍ ഉപജീവനം. മലപ്പുറത്തെ പ്രമുഖനായ അഭിഭാഷകന്റെ സഹായിയായി എത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. മുടങ്ങിയ പഠനം വീണ്ടും തുടങ്ങി റാങ്ക് ജേതാവായാണ് വിജയരാഘവന്‍ ബിരുദം പൂര്‍ത്തിയാക്കുന്നത്. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നെങ്കിലും 20ാം മാസം മടങ്ങിയെത്തി പഠനം തുടര്‍ന്നു.
പിന്നാലെ നിയമവിദ്യാര്‍ഥിയായി പഠനത്തില്‍ മൂന്നാംവരവ്. കോളജില്‍ വിദ്യാര്‍ഥി നേതാവായതോടെ വിജയരാഘവന്‍ സി.പി.എം നേതാക്കള്‍ക്കും പ്രിയപ്പെട്ടവനായി. 1989ല്‍ വി.എസ് വിജയരാഘവനെ പാലക്കാട്ട് അട്ടിമറിച്ചാണ് പാര്‍ലമെന്റില്‍ എത്തുന്നത്. ലോക്‌സഭയിലെ പ്രകടനം ദേശീയതലത്തില്‍ വിജയരാഘവനെ ശ്രദ്ധേയനാക്കി. തുടന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ഷകസംഘം അഖിലേന്ത്യാ നേതാവായി ഉയര്‍ന്ന വിജയരാഘവന്‍ പാര്‍ട്ടി കേന്ദ്ര സെന്ററിലും തിളങ്ങി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ആലത്തൂര്‍ മണ്ഡലത്തിലെ വിവാദ പ്രസംഗം പാര്‍ട്ടിക്ക് തിരിച്ചടിയായപ്പോഴും നേതൃത്വം വിജയരാഘവനെ തള്ളിയില്ല. ജോസ് വിഭാഗത്തിന്റെയും എല്‍.ജെ.ഡിയുടെയും എല്‍.ഡി.എഫ് പ്രവേശനത്തില്‍ മുന്നണി കണ്‍വീനറായി തിളങ്ങിനില്‍ക്കുമ്പോഴാണ് പാര്‍ട്ടിയുടെ അമരത്തും വിജയരാഘവന്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."