ഏറനാട് മൊഞ്ചത്തിയാകാന്‍ വൈകുന്നു
അരീക്കോട്: ഏറെ കൊട്ടിഘോഷിച്ച് തുടക്കം കുറിച്ച ഏറനാട് മണ്ഡലത്തിലെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ ജനങ്ങള്‍ക്ക് ദുരിതമാകുന്നു. അരീക്കോട്, കിഴിശ്ശേരി, കാവനൂര്‍ ടൗണുകളില്‍ കോടികള്‍ മുടക്കിയുള്ള പ്രവൃത്തിയുടെ മെല്ലെപ്പോക്കാണ് യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ പ്രയാസപ്പെടുത്തുന്നത്.
അരീക്കോട് 2.60 കോടി, കാവനൂര്‍ 2.65 കോടി, കിഴിശ്ശേരി 2.75 കോടി എന്നിങ്ങനെ തുക വകയിരുത്തിയാണ് പ്രവൃത്തിയാരംഭിച്ചതെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഭൂമി വിട്ടുനല്‍കേണ്ടി വരുന്ന സ്വകാര്യ കെട്ടിട ഉടമകളുടെയും ഇടപെടല്‍ മൂലം പ്രവൃത്തി നിര്‍ത്തിവച്ചിരിക്കുകയാണെന്ന ആക്ഷേപവുമായി വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്. സൗന്ദര്യവല്‍ക്കരണ പ്രവൃത്തി പൂര്‍ത്തിയാക്കാതെ കച്ചവടക്കാരെ പ്രയാസപ്പെടുത്തുന്ന അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് അരീക്കോട്, കിഴിശ്ശേരി, കാവനൂര്‍ ടൗണുകളിലെ വ്യാപാരികള്‍.
2017 നവംബര്‍ മൂന്നിനാണ് അരീക്കോട് സൗന്ദര്യ വല്‍ക്കരണ പ്രവൃത്തിയുടെ ഉദ്ഘാടനം നടന്നത്. അരീക്കോട് പാലം മുതല്‍ വിജയ ടാക്കീസ് വരെയുള്ള രണ്ട് കിലോമീറ്ററോളം ദൂരമാണ് സൗന്ദര്യ വല്‍ക്കരണത്തിനായി തെരഞ്ഞെടുത്തത്. എന്നാല്‍ പാലം മുതല്‍ ന്യൂ ബസാര്‍ വരെ മാത്രമാണ് ഇപ്പോള്‍ പ്രവൃത്തി നടന്നത്. ഇനി ബാക്കിയുള്ള ഭാഗങ്ങളില്‍ ഒഴിഞ്ഞുകൊടുക്കേണ്ടത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസ് പ്രവൃത്തിക്കുന്ന സ്ഥലമായതിനാല്‍ പ്രവൃത്തി തല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സ്വകാര്യ കെട്ടിട മുതലാളിമാരുടെ സമ്മര്‍ദ്ധത്തിന് മുന്നില്‍ അധികൃതര്‍ വഴങ്ങിയതാണ് പ്രവൃത്തി നിര്‍ത്തിവയ്ക്കുന്നതിലേക്ക് എത്തിച്ചത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അരീക്കോട്, കിഴിശ്ശേരി, കാവനൂര്‍ ടൗണുകളിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് ആശ്വാസമാകുമെന്നും കരുതിയിരുന്നെങ്കിലും പ്രവൃത്തി പാതിവഴിയില്‍ നിലച്ചതോടെ കുരുക്ക് ഇരട്ടിയായിരിക്കുകയാണ്.
കാവനൂരിലും കിഴിശ്ശേരിയിലും ഇരുവശങ്ങളിലെ ഓവുചാല്‍ നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ റോഡ് പൊളിച്ചിട്ടതോടെ യാത്രക്കാര്‍ ദുരിതം പേറേണ്ട അവസ്ഥയാണുള്ളത്. കിഴിശ്ശേരി അല്‍ അബീര്‍ ആശുപത്രിയുടെ ഭാഗവും ഓവുപാലത്തിന്റെ പരിസരവും റോഡ് പൊളിച്ചിട്ട് മാസങ്ങളായെങ്കിലും നന്നാക്കാനുള്ള യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നമാണ് പ്രവൃത്തി മുടങ്ങാന്‍ കാരണം. സര്‍ക്കാര്‍ ഭൂമി കൈയേറി കെട്ടിടം പണിതവര്‍ക്കെതിരെ നടപടിയെടുക്കാനും കെട്ടിടം പൊളിച്ചുനീക്കി സൗന്ദര്യവല്‍ക്കരണ പ്രവൃത്തി നടത്താനും അധികൃതര്‍ തയാറാകുന്നുമില്ല.
പൊളിച്ചിട്ട റോഡില്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പാറപ്പെടി നിറച്ചതോടെ ഇതുവഴി യാത്ര ചെയ്യാന്‍ സാധിക്കുന്നില്ല. റോഡിലെ കുഴിയില്‍ വീണ് കിഴിശ്ശേരിയില്‍ അപകടവും പതിവായിരിക്കുകയാണ്. പ്രവൃത്തിയുടെ ഭാഗമായി കാവനൂരില്‍ ടൗണില്‍ മഞ്ചേരി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കിയതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രയാസത്തിലാണ്. ഇവിടെയുള്ള കുഴിയില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ച് ജനജീവിതം ദുസ്സഹമാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കിഴിശ്ശേരിയിലെ വ്യാപാരികള്‍ 25ന് കുഴിമണ്ണ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. അന്ന് രാവിലെ പത്തുമുതല്‍ ഉച്ചക്ക് ഒന്നു വരെ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ എം.കെ അലി, കെ.ടി അഷ്‌റഫ്, സുരയ്യ ഷാജഹാന്‍, അബ്ദുല്ല ഹാജി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."