ബാങ്കുകള്‍ കൈയൊഴിയുന്നു; സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനാകാതെ വിദ്യാര്‍ഥികള്‍
മഞ്ചേരി: ബാങ്ക് അധികൃതര്‍ കൈയൊഴിഞ്ഞതോടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനാകാതെ രക്ഷിതാക്കളും വിദ്യാര്‍ഥികളും വലയുന്നു. ബാങ്ക് അക്കൗണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ കഴിയാത്തത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷയുടെ അപേക്ഷയും ബാങ്ക് അധികൃതരുടെ അവഗണന മൂലം അവതാളത്തിലായിരിക്കുകയാണ്.
വിദ്യാര്‍ഥികള്‍ക്കായി സീറോ ബാലന്‍സില്‍ അക്കൗണ്ട് നല്‍കണമെന്നും അപേക്ഷ നിരസിക്കാന്‍ പാടില്ലെന്നും ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അവ പാലിക്കാന്‍ ബാങ്ക് അധികൃതര്‍ തയാറാകുന്നില്ല. അപേക്ഷയുമായി എത്തുന്ന വിദ്യാര്‍ഥികളോട് പല ഒഴിവു കഴിവുകള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് ബാങ്ക് അധികൃതര്‍.
ദേശസാല്‍കൃത ബാങ്കുകളില്‍ അകൗണ്ടുള്ളവര്‍ക്കേ സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാന്‍ സാധിക്കുകയുള്ളൂ. എസ്.ബി.ഐ ബാങ്കുകളില്‍ വിദ്യാര്‍ഥികള്‍ക്കടക്കം 2000 രൂപയുടെ മിനിമം ബാലന്‍സ് വേണമെന്ന നിര്‍ദേശമാണ് രക്ഷിതാക്കളെ വലയ്ക്കുന്നത്. ചില ബാങ്കുകള്‍ അപേക്ഷക്കായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്തരം അപേക്ഷയും ഇപ്പോള്‍ പരിഗണിക്കുന്നില്ല. അക്കൗണ്ട് ഉണ്ടാക്കാനായി ബാങ്കില്‍ എത്തുന്നവരോട് അപേക്ഷ ഫോം തീര്‍ന്നെന്ന കാരണം പറഞ്ഞ് മടക്കി വിടുകയാണ് ചെയ്യുന്നത്. ബാങ്കിന്റെ ഹെഡ് ഓഫിസില്‍ പോയി അക്കൗണ്ട് ഉണ്ടാക്കണമെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പ്രയാസപ്പെടുത്തുന്നവരുമുണ്ട്. പൂജ്യം ബാലന്‍സില്‍ അക്കൗണ്ട് ഉണ്ടാക്കുന്നത് മൂലം ബാങ്കിന് പ്രത്യേകിച്ച് ലാഭമില്ലെന്ന കാരണത്താലാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് തുക ഇവര്‍ കാരണം മുടങ്ങിപ്പോകുന്നത്.
പ്രോസ്റ്റ് മെട്രിക്, പ്രീ മെട്രിക് അപേക്ഷ ഈ മാസം 30ന് അവസാനിക്കാനിരിക്കെ അക്കൗണ്ട് ലഭിക്കാതെ എങ്ങനെ അപേക്ഷിക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും. നേരത്തെ ബാങ്ക് അക്കൗണ്ട് ഉള്ളവരുടെ ആധാറിലും ബാങ്ക് രേഖയിലും പേരുകളില്‍ വ്യത്യാസം ഉള്ളതിനാല്‍ അവതിരുത്തുന്നതിനായി അക്ഷയകളില്‍ വന്‍ തിരക്കാണ്. അഞ്ച് വയസിന് മുന്‍പായി ആധാര്‍ എടുത്തവര്‍ വീണ്ടു പുതുക്കണമെന്നാണ് പുതിയ നിര്‍ദേശം. ഇത്തരക്കാരുടെ പുതുക്കലിലും തിരക്ക് അനുഭവപെടുന്നുണ്ട്. സ്‌കോളര്‍ഷിപ്പ് അപേക്ഷ തയാറാക്കുന്നതിനായി സ്‌കൂള്‍ അധികൃതര്‍ തന്നെ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."