ഫിഫ അണ്ടര്‍ 17 ലോകകപ്പ് സ്റ്റേഡിയം പരിശോധിച്ചത് ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ
കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരത്തിന്റെ കൊച്ചിയിലെ പരിശീലന വേദികളിലൊന്നായ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയും വെന്യൂ ഓപ്പറേഷന്‍ ഹെഡ് റോമ ഖന്നയും എത്തുമ്പോള്‍ ഉച്ച ഒരു മണികഴിഞ്ഞ് 10 മിനിറ്റ്.
ഇരുവരും വാഹനത്തില്‍ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക് പ്രവേശിക്കുമ്പോഴാണ് പ്രവേശന കവാടത്തിന് മുന്നിലെ റോഡില്‍ ടൈല്‍ പാകിയിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ തിരികെ നടന്ന് റോഡിന് നടുവില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തി.
പിന്നെ സ്‌റ്റേഡിയത്തിലേക്ക് കയറി; നേരെ പോയത് കളിക്കാര്‍ക്കായി വിശ്രമമുറികള്‍ സജ്ജീകരിച്ചിരിക്കുന്നിടത്തേക്ക്. ശുചിമുറികളും തുറന്ന് പരിശോധിച്ചു. വെള്ളവും വൈദ്യുതിയും ലഭ്യമാണെന്ന് ഉറപ്പ് വരുത്തി.
തുടര്‍ന്ന് ഗ്യാലറിയിലേക്ക് ഓടിക്കയറി ഗ്രൗണ്ടിന്റെ പൂര്‍ണരൂപം മനസിലാക്കിയ ഇരുവരും ചിത്രങ്ങളും പകര്‍ത്തി. ഞൊടിയിടയ്ക്കുള്ളില്‍ ഇറങ്ങിവന്ന് ഗ്രൗണ്ടില്‍ വച്ചുപിടിപ്പിച്ചിരിക്കുന്ന പുല്‍ത്തകിടിയിലൂടെ നടന്ന് എല്ലാം കൃത്യമായി പരിശോധിച്ചു. കൂടെയുണ്ടായവര്‍ക്ക് ചില നിര്‍ദേശങ്ങളും നല്‍കി.
വേനല്‍മഴ രാത്രി ഇടയ്ക്കിടക്ക് പെയ്യുന്നുണ്ടെങ്കിലും വെച്ചുപിടിപ്പിച്ച പുല്ല് കുറച്ചൊക്കെ കരിഞ്ഞ നിലയിലായിരുന്നു. പുല്ല് പിടിച്ച് വരുമ്പോള്‍ അതിന്റെ മുകളില്‍ മണല്‍ അരിച്ചിടാനും നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഗ്രൗണ്ടിനോട് ചേര്‍ന്ന് സജ്ജമാക്കിയിരിക്കുന്ന വാട്ടര്‍ ടാങ്കും പരിശോധിച്ചു.
രാവിലെ പത്ത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സംഘം നേരെപോയത് ഫോര്‍ട്ട് കൊച്ചി വെളി, പരേഡ് ഗ്രൗണ്ടുകളിലേക്കായിരുന്നു. ഇവിടെയൊക്കെ സംഘം ഒരുക്കത്തില്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതൊക്കെ ഉടനടി പരിഹരിക്കപ്പെടുമെന്ന നിലപാടിലായിരുന്നു അധികൃതര്‍. എന്നാല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ പരിശോധനയില്‍ സംഘം ഏറെകുറെ തൃപ്തരായിരുന്നു. നഗരപരിധിയിക്കുള്ളിലെ മറ്റൊരു പരിശീലന വേദിയായ പനമ്പിള്ളി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മൈതാനവും സന്ദര്‍ശിച്ചതിനുശേഷമാണ് സംഘം മത്സരവേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തിയത്.
ഫിഫ, കൊച്ചിക്ക്് മത്സരവേദിയുടെയും പരിശീലന വേദികളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നല്‍കിയ സമയം അവസാനിച്ചതിനുശേഷമുള്ള ആദ്യ വിലയിരുത്തലായിരുന്നു ഇന്നലെ നടന്നത്.
ഒരു വേദിയിലും ഒരുക്കങ്ങളെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന സംഘം നാല് മണിക്ക് കലൂര്‍ സ്റ്റേഡിയത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എല്ലാവേദികളുടെയും ഒരുക്കത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് അറിയിച്ചതോടെ അനിശ്ചിതത്വം മാറി. ക്വാര്‍ട്ടര്‍ ഫൈനല്‍ അടക്കമുള്ള മത്സരങ്ങള്‍ക്കായിരിക്കും കൊച്ചി വേദിയാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."