പള്ളിദര്‍സുകളിലെ അധ്യാപനങ്ങള്‍ക്കിടയിലും ജാമിഅയോട് ഇഴുകിച്ചേര്‍ന്ന ജീവിതം
പെരിന്തല്‍മണ്ണ: പള്ളിദര്‍സുകളിലെ അധ്യാപനങ്ങള്‍ക്കിടയിലും കര്‍മമണ്ഡലമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യയുമായി ഇഴുകിച്ചേര്‍ന്നതായിരുന്നു പി. കുഞ്ഞാണി മുസ്‌ലിയാരുടെ ജീവിതം. വൈജ്ഞാനികരംഗത്തെ ആഴവും സൂക്ഷ്മതയും ജീവിതചര്യയാക്കിയ പണ്ഡിതവര്യന്‍ അവസാനശ്വാസം വരെയും ആയിരക്കണക്കിന് ഫൈസി പണ്ഡിതരിലേക്ക് അറിവ് വിതറിയാണ് യാത്രയാകുന്നത്.
പുത്തനഴിയില്‍ ഖാസിയും മുദരിസുമായി സേവനം ചെയ്യുന്നതിനിടെ എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജാമിഅയില്‍ മുദരിസായി ചുമതലയേല്‍ക്കുന്നത്. തുടര്‍ന്ന് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണം സൃഷ്ടിച്ച വിടവില്‍ ജാമിഅഃക്ക് നിഴലായി ഉസ്താദിന്റെ സേവനം ലഭിച്ചുപോന്നു. പിന്നീട് സമസ്ത ജന. സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാരോടൊപ്പം തുടര്‍ന്ന സേവനം മരിക്കുവോളം ജാമിഅഃക്കൊപ്പമുണ്ടായി. അധ്യാപനവും കിതാബുകള്‍ പാരായണം ചെയ്യുകയും വഴി ഫൈസാബാദില്‍ അലിഞ്ഞുചേര്‍ന്നതായിരുന്നു ഉസ്താദിന്റെ ജീവിതം. ഇതിനിടെ, കഴിഞ്ഞവര്‍ഷം ഹാജി കെ. മമ്മദ് ഫൈസിയുടെ വിയോഗത്തിലൂടെ ഒഴിവുവന്ന സ്ഥാനത്തേക്ക് കോളജ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ആഴ്ചയില്‍ മൂന്നുദിവസം ജാമിഅയിലെത്തി ക്ലാസ് നയിക്കുന്നതില്‍ പ്രത്യേകം കണിശത പുലര്‍ത്തിയിരുന്ന ഉസ്താദ് ഇക്കാലമത്രയും ഫൈസി പണ്ഡിതര്‍ക്ക് അറിവ് പകര്‍ന്നത് പ്രതിഫലം പറ്റാതെയുള്ള സേവനത്തിലൂടെയായിരുന്നു.
ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പും വിദ്യാര്‍ഥികള്‍ക്ക് അറിവുപകരാന്‍ ഫൈസാബാദിന്റെ മുറ്റത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."