HOME
DETAILS
MAL
കോടിയേരി പടിയിറങ്ങി, ചുമതല എ. വിജയരാഘവന്
backup
November 14 2020 | 00:11 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദുമായുള്ള ബിനാമി പണമിടപാട് കേസില്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. ചികിത്സാര്‍ത്ഥം അവധി നല്‍കണമെന്ന കോടിയേരിയുടെ ആവശ്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചതിനെത്തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനത്തു നിന്ന് തല്‍ക്കാലം അദ്ദേഹം മാറിനില്‍ക്കുന്നതെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നത്. എന്നാല്‍ മയക്കുമരുന്നു കേസില്‍ മകന്‍ ജയിലായതിന്റെ സമ്മര്‍ദമാണ് സ്ഥാനമൊഴിയാന്‍ കോടിയേരിയെ പ്രേരിപ്പിച്ചത്.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ആശയവിനിമയം നടത്തിയ ശേഷം ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ കോടിയേരി സന്നദ്ധതയറിയിച്ചു. കോടിയേരിയുടെ ആവശ്യം സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ എ. വിജരാഘവനാണ് പകരം സംസ്ഥാന സെക്രട്ടറിയുടെ ചുമതല.
വിവാദങ്ങള്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുപോലെ പിന്തുടര്‍ന്നിട്ടും രക്ഷാകവചം തീര്‍ക്കുകയായിരുന്നു സി.പി.എം കേന്ദ്ര നേതൃത്വം. എന്നാല്‍ കോടിയേരിയുടെ മകന്‍ മയക്കുമരുന്നു കേസില്‍ ജയിലിലായത് പാര്‍ട്ടിയുടെ ദേശീയ മുഖത്തെ വികൃതമാക്കാന്‍ തുടങ്ങിയപ്പോഴാണ് കടുത്ത തീരുമാനത്തിലേക്ക് ജനറല്‍ സെക്രട്ടറിക്കു നീങ്ങേണ്ടിവന്നത്. മകന്റെ വിഷയം പാര്‍ട്ടിയെ ബോധ്യപ്പെടുത്തുന്നതില്‍ ഗുരുതരമായ പിഴവാണു കോടിയേരിക്കു സംഭവിച്ചതെന്നു വിലയിരുത്തിയ സി.പി.എം പൊളിറ്റ് ബ്യൂറോ, സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് അദ്ദേഹം ഒഴിയുന്നതാണു നല്ലതെന്ന നിലപാടെടുക്കുകയും ചെയ്തു. എതിര്‍ശബ്ദം അറിയിക്കാതെ സ്ഥാനമൊഴിയാന്‍ കോടിയേരി നിര്‍ബന്ധിതനാകുകയായിരുന്നു.
പകരം ആരുടെയെങ്കിലും പേര് സെക്രട്ടറി സ്ഥാനത്തേക്കു നിര്‍ദേശിക്കാന്‍ കേന്ദ്ര നേതാക്കള്‍ കോടിയേരിയോട് ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് വിജയരാഘവന്റെ പേര് കോടിയേരി മുന്നോട്ടുവച്ചത്. വിജയരാഘവനെ കേന്ദ്ര നേതാക്കളെല്ലാം പിന്തുണച്ചു. ബിനോയ് കോടിയേരിക്ക് പിന്നാലെ ബിനീഷ് കോടിയേരിയും കേസിലും വിവാദത്തിലും അകപ്പെട്ട സാഹചര്യത്തില്‍ യെച്ചൂരി നേരത്തെ തന്നെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കേന്ദ്ര നേതൃത്വത്തില്‍ ഒരു വിഭാഗവും കോടിയേരി സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സ്വീകരിച്ചത്.
തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ താന്‍ സ്ഥാനമൊഴിയുകയാണെന്നും അതാണ് ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്കു നല്ലതെന്നും കോടിയേരി വ്യക്തമാക്കി. മകന്റെ കേസ് നിയമപരമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ അല്‍പം കൂടി കാത്തുകൂടേയെന്നു സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നെങ്കിലും കേന്ദ്ര നിര്‍ദേശമുള്ളതിനാല്‍ കോടിയേരി അയഞ്ഞില്ല. രണ്ടു തെരഞ്ഞെടുപ്പുകള്‍ പാര്‍ട്ടിക്ക് അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ ഇനി സെക്രട്ടറി സ്ഥാനത്തു തുടരുന്നത് ഒരുപാട് ചോദ്യങ്ങള്‍ക്കു വഴിവയ്ക്കുമെന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ താനില്ലെന്നും അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു. സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനില്‍ക്കുന്ന കാര്യം ജനറല്‍ സെക്രട്ടറിയെ അറിയിച്ചെന്നും ഉചിതമായ തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചെന്നും കോടിയേരി പറഞ്ഞതോടെ പിന്നീടു ചര്‍ച്ചയൊന്നും കൂടാതെ അദ്ദേഹത്തിന്റെ ആവശ്യം സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയുടെ നിലപാടിനോടു യോജിപ്പാണുണ്ടായിരുന്നത്. കോടിയേരി എത്ര നാളത്തേക്കാണു മാറിനില്‍ക്കുന്നതെന്നു പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. വിജയരാഘവനു സെക്രട്ടറിയുടെ ചുമതല നല്‍കുന്നതില്‍ യോഗത്തില്‍ എതിര്‍പ്പൊന്നുമുണ്ടായില്ല.
വീണത് മക്കള്‍ കുഴിച്ച വാരിക്കുഴിയില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എന്നും പുഞ്ചിരിയോടെ എതിരാളികളെപ്പോലും നിശ്ശശബ്ദമാക്കുന്ന ജനകീയനായ അച്ഛനെ തോല്‍പ്പിച്ചത് മക്കള്‍. അസുഖബാധിതനായിട്ടു പോലും പാര്‍ട്ടിയെ അമരത്തിരുന്ന് നിയന്ത്രിച്ച കോടിയേരി ബാലകൃഷ്ണന്റെ പടിയിറക്കത്തിന് കടുത്ത സമ്മര്‍ദമുയര്‍ത്തിയത് ഇളയ മകന്റെ ചെയ്തികളായിരുന്നു.
ബംഗളൂരു മയക്കുമരുന്നു കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായുള്ള ബിനീഷ് കോടിയേരിയുടെ ബന്ധമായിരുന്നു കാരണം. കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ അനൂപല്ല ശരിക്കും ബോസ് ബിനീഷാണെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ സ്വര്‍ണക്കള്ളക്കടത്ത് പുകിലില്‍ പെട്ട് ഞെരുങ്ങുമ്പോള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും പൊതുജനമദ്ധ്യത്തില്‍ പ്രതിരോധിക്കേണ്ട കനത്ത ഉത്തരവാദിത്വം നിറവേറ്റാന്‍ കോടിയേരി പാടുപെടുമ്പോഴാണ് മകന്റെ കേസ് കൂടി വന്നത്.
ഇതോടെ സി.പി.എം പ്രതിരോധത്തിലായി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു വോട്ട് തേടി വീടുകളില്‍ കയറാനാവാത്ത അവസ്ഥയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും എത്തിയതോടെയാണ് സ്ഥാനമൊഴിയാന്‍ കോടിയേരി തീരുമാനിച്ചത്.
മൂത്ത മകന്‍ ബിനോയിക്കെതിരേ ദുബൈയില്‍ രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസാണ് കോടിയേരിയെ ആദ്യം പ്രതിരോധത്തിലാക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസ് ചെയ്ത വകയില്‍ ബിനോയ് 7.7 കോടി രൂപ കടം വാങ്ങിയ ശേഷം തിരിച്ചുനല്‍കിയില്ല എന്ന ആരോപണവുമായി ദുബൈ കമ്പനി രംഗത്തുവന്നു. കമ്പനി ഉടമ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി ആരോപണവുമായി കേരളത്തിലെത്തിയത് കോടിയേരിക്കും സി.പി.എമ്മിനും വലിയ തിരിച്ചടിയായി. തൊട്ടടുത്ത വര്‍ഷവും മൂത്ത മകന്‍ വിവാദത്തിലകപ്പെട്ടു. ബിനോയിയുമായുള്ള ബന്ധത്തില്‍ ഒരു മകനുണ്ടെന്നും ചെലവിന് കാശ് നല്‍കുന്നില്ലെന്നുമുള്ള ആരോപണമായി ബീഹാര്‍ സ്വദേശിനിയായ യുവതി രംഗത്തുവന്നു. യുവതി മുംബൈ പൊലിസില്‍ പരാതി നല്‍കിയതോടെ വിഷയം മാധ്യമങ്ങളില്‍ നിറഞ്ഞു.
പാര്‍ട്ടിക്കെതിരേയുള്ള എതിരാളികളുടെ ആരോപണങ്ങളും ആക്രമണങ്ങളും ഏറെ കണ്ടയാളാണ് കോടിയേരി. അവിടെയൊന്നും വിറച്ചിട്ടില്ലാത്ത, ശബ്ദമിടറിയിട്ടില്ലാത്ത അദ്ദേഹത്തിന് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ആഘാതമായി. ഇനി കോടിയേരി വിശ്രമ ജീവിതം നയിക്കുമോ അതോ പാര്‍ട്ടി തലപ്പത്ത് വീണ്ടുമെത്തുമോ എന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."