കുഞ്ഞാണി മുസ്‌ലിയാരുടെ വിയോഗം വിട നല്‍കാനെത്തിയത് ആയിരങ്ങള്‍
മലപ്പുറം: സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന പി. കുഞ്ഞാണി മുസ്‌ലിയാരുടെ നിര്യാണം ആയിരങ്ങളെ കണ്ണീരിലാഴ്ത്തി. സുന്നത്ത് ജമാഅത്തിന്റെ മുന്നണി പോരാളിയായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വിശുദ്ധവും സൂക്ഷ്മവുമായ ജീവിതം സുന്നീ കൈരളിയെ ആഴത്തില്‍ സ്വാധിനിച്ചുവെന്നതിന്റെ തെളിവായിരുന്നു ഇന്നലെ നിര്യാണ വാര്‍ത്തകേട്ട് മേലാറ്റൂരിലെത്തിയ വന്‍ജനസാഗരം.
മരണ വാര്‍ത്തയറിഞ്ഞ് ബുധനാഴ്ച രാത്രിയോടെ തന്നെ നാടിന്റെ നാനാതുറകളില്‍നിന്നു മത-സാമൂഹിക -സാംസ്‌കാരി രംഗത്തെ പ്രമുഖരടക്കം ഒട്ടേറെപേര്‍ ഒഴുകിയെത്തി. മേലാറ്റൂരിലെ വസതിയില്‍ 21 തവണകളായി നടന്ന ജനാസ നിസ്‌കാരത്തിനു സമസ്ത മുശാവറ അംഗങ്ങളും സയ്യിദന്‍മാരും ഉള്‍പ്പെടെ വിവിധ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കി. ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളും അണമുറിയാതെ തുടര്‍ന്നുകൊണ്ടിരുന്നു. ഉച്ചക്ക് കൃത്യം 12ന് മേലാറ്റൂര്‍ അത്താണിക്കലിലെ വസതിയില്‍നിന്നു ജനാസ നിസ്‌കാരത്തിനായി എടുക്കുകയും 12.30ന് എടപ്പറ്റ ജുമാമസ്ജിദില്‍ അവസാനമായി രണ്ടു തവണ മയ്യിത്ത് നിസ്‌കാരം നടത്തുകയും ചെയ്തു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ജുമാമസ്ജിദില്‍ നടന്ന ജനാസ നിസ്‌കാരത്തിനു നേതൃത്വം നല്‍കിയത്. ശേഷം കണ്ണീരില്‍ കുതിര്‍ന്ന ആയിരങ്ങളുടെ സാനിധ്യത്തില്‍ ജനാസ മറവു ചെയ്തു. ഒഴുകിയെത്തിയ ആയിരങ്ങളെ നിയന്ത്രിക്കാന്‍ വിഖായ വളണ്ടിയര്‍മാരും പ്രദേശവാസികളും ബുധനാഴ്ച രാത്രിമുതലെ മേലാറ്റൂരിലും പരിസരങ്ങളിലും ഊര്‍ജസ്വലമായി നിലകൊണ്ടിരുന്നു.
ദു:ഖ സാന്ദ്രമായി പുത്തനഴി: നഷ്ടം നികത്താനാവാതെ വിവിധ മഹല്ലുകള്‍
കുഞ്ഞാണി മുസ്‌ലിയാരെന്ന പണ്ഡിത ശ്രേഷ്ഠന്റെ വിയോഗത്തിലൂടെ പുത്തനഴിക്ക് നഷ്ടമായത് നീണ്ട അര നൂറ്റാണ്ടുകാലത്തെ ഖാസിയേയും മുദരിസിനേയും. ബാഖിയാത്തിലെ ഉപരിപഠനത്തിനു ശേഷം രണ്ടുവര്‍ഷം ഒഴിച്ച് ബാക്കി മുഴുവന്‍ സേവനവും പുത്തനഴിയിലായിരുന്നു. നിരവധി കാലത്തെ പള്ളിദര്‍സിലൂടെ ആയിരകണക്കിനു ശിഷ്യഗണങ്ങളെയാണ് ഇക്കാലയളവില്‍ വാര്‍ത്തെടുത്തത്. പരിസര മഹല്ലുകളായ മേലാറ്റൂര്‍, കിഴക്കുംപാടം, എടപ്പറ്റ, ഏപ്പിക്കാട് എന്നിവിടങ്ങളിലും ഖാസി പദവി അലങ്കരിച്ച് ആത്മീയ നേതൃത്വം നല്‍കി.
സമസ്തയുടെയും പോഷക സംഘടനകളുടെയും ഒട്ടെറെ സ്ഥാപനങ്ങളുടെ സാരഥ്യം ഏറ്റെടുത്ത് തിരക്കിട്ട ജീവിതം നയിക്കുമ്പോഴും മഹല്ല് കാര്യങ്ങളില്‍ ബന്ധശ്രദ്ധ പുലര്‍ത്തി.
മഹല്ലു സംവിധാനത്തെ മതകീയ ചിട്ടയില്‍ കൊണ്ടു പോവുന്നതില്‍ വിട്ടുവീഴ്ച കാണിച്ചില്ല. നീണ്ട അഞ്ചുപതിറ്റാണ്ടുകാലത്തെ സേവനത്തിന് പുത്തനഴി മഹല്ല് കമ്മിറ്റി പലപ്പോഴും ആദരം നല്‍കാന്‍ മുന്നോട്ടുവരുമ്പോഴും പ്രൗഢിയോ ജാഡകളോയില്ലാതെ നടന്നുനീങ്ങിയ ഈ പണ്ഡിതവര്യന്‍ ഇതെല്ലാം നിരാകരിച്ചിരുന്നു.
മതപഠനത്തിന്റെ പള്ളിദര്‍സ് മോഡലിനെയാണ് ഉസ്താദ് ഏറെ സ്വീകരിച്ചത്. അവസാനം വരെയും വെള്ളിയാഴ്ചകളിലെ ഖുത്വുബക്കും മറ്റും ഊര്‍ജസ്വലതയോടെ നേതൃത്വം നല്‍കി. മരണത്തിന്റെ ഏതാനും ആഴ്ചകള്‍ക്കു മുന്‍പുവരെ താന്‍ നേതൃത്വം അലങ്കരിക്കുന്ന വിവിധ മഹല്ലുകളിലെ ആത്മീയ കാര്യങ്ങളിലും നേതൃപരമായ ഇടപെടലുകള്‍ നടത്തിയാണ് യാത്ര ചോദിച്ചത്.
സമസ്ത കുടുംബത്തിനു അഭിപ്രായമാരായാന്‍ ഇനി ഉസ്താദില്ല
മേലാറ്റൂരിലെ സമസ്ത കുടുംബത്തിനു വിവിധ കാര്യങ്ങളില്‍ അഭിപ്രായമാരായാന്‍ ഇനി കുഞ്ഞാണി മുസ്‌ലിയാരില്ല. കെ.ടി മാനു മുസ്‌ലിയാര്‍ക്കു ശേഷം കിഴക്കന്‍ ഏറനാട് പ്രതിസന്ധി ഘട്ടങ്ങളില്‍ ഉസ്താദിന്റെ വിലയേറിയ ഉപദേശം തേടിയെത്തുക പതിവായിരുന്നു.
സമസ്തക്കും പോഷക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായിരുന്നു ആ ജീവിതം.
മഹല്ലുകളുടെയും മതസ്ഥാപനങ്ങളുടെയും വിജയകരമായ ഗമനത്തിനും ശക്തമായ നിലനില്‍പ്പിനും കുഞ്ഞാണി മുസ്‌ലിയാരുടെ നിലപാടുകള്‍ കരുത്തേകി. ഏതു കാര്യങ്ങളിലും കൃത്യമായ വീക്ഷണവും നിശ്ചയ ദാര്‍ഢ്യവും ഉസ്താദിന്റെ പാണ്ഡ്യത്ത്യത്തിനു കൂടുതല്‍ അംഗീകാരം നല്‍കുന്നതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."