സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലും കൊവിഡ് വ്യാപനം ശമിച്ചെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലും കൊവിഡ് വ്യാപനം ശമിച്ചെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 610 കൊവിഡ് ക്ലസ്റ്ററുകളില്‍ 417 ഇടത്തും രോഗം ശമിച്ചെന്നാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രതിവാര അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നിലവില്‍ 193 ക്ലസ്റ്ററുകളില്‍ മാത്രമാണ് ഇപ്പോഴും രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും സംസ്ഥാനത്തൊട്ടാകെ ആശ്വാസകരമായ സ്ഥിതിയാണുള്ളത്. ഒക്ടോബറിലെ അവസാന ആഴ്ചയെ അപേക്ഷിച്ച് നവംബര്‍ ആദ്യ ആഴ്ചയില്‍ ഇടുക്കിയില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ട്.
ഒക്ടോബര്‍ അവസാനം ടെസ്റ്റ് പോസിറ്റിവിറ്റി 16.9 ആയിരുന്ന മലപ്പുറത്ത് 15.6 ആയും 17.1 ആയിരുന്ന ആലപ്പുഴയില്‍ 14.3 ആയും കുറഞ്ഞു. മറ്റ് ജില്ലകളിലെ കണക്ക് (ബ്രായ്ക്കറ്റില്‍ പുതിയത്) തൃശൂര്‍-16.1 (12.6), എറണാകുളം 14.5 (12.5), കൊല്ലം 12.7 (12), തിരുവനന്തപുരം 13 (11.7), കോട്ടയം 12 (11.2), കോഴിക്കോട് 11.2 (10.6), കണ്ണൂര്‍ 11 (9.9), കാസര്‍കോട് 11.8 (9.6), പാലക്കാട് 10.3 (8.8), വയനാട് 8.3 (7.8), പത്തനംതിട്ട 7.2 (6.3). ഇടുക്കിയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. നൂറുപേരില്‍ പരിശോധന നടത്തുമ്പോള്‍ എത്രപേരില്‍ രോഗം സ്ഥിരീകരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിശ്ചയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."