അവധി ദിനങ്ങളുടെ മറവില്‍ നിര്‍മാണം കല്ലായിപ്പുഴയില്‍ പ്രവൃത്തി തടഞ്ഞു
കോഴിക്കോട്: കല്ലായിപ്പുഴയുടെ തീരത്തും പുഴയിലും രണ്ടുദിവസത്തെ അവധിദിനം ഉപയോഗിച്ച് നടത്താന്‍ ശ്രമിച്ച അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കല്ലായിപ്പുഴ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു. പുഴ സംരക്ഷണസമിതി ജില്ലാ കലക്ടര്‍ യു.വി ജോസിനെയും അഡിഷണല്‍ തഹസില്‍ദര്‍ എം. അനിതാ കു മാരിയെയും വിവരമറിയിച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്പ്പിച്ചു.
കസബ വില്ലേജില്‍ മര്യാട് ഭാഗത്താണ് രണ്ടുസ്ഥലങ്ങളില്‍ പുഴയില്‍ വെള്ളമൊഴുകുന്ന സ്ഥലത്തു ഗോഡൗണ്‍ നിര്‍മിക്കുന്നത്. പുഴയില്‍ കോണ്‍ക്രീറ്റ് ചെയ്യാനുള്ള ശ്രമവും മറ്റൊരു സ്ഥലത്തു കെട്ടിടം നിര്‍മിക്കാനുള്ള ശ്രമവുമാണ് തടഞ്ഞത്. 25.5 ഏക്കര്‍ പുഴ പുറമ്പോക്ക് സ്വകാര്യവ്യക്തികള്‍ കൈയേറി കെട്ടിടങ്ങള്‍ നിര്‍മിച്ചതായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം കണ്ടെത്തുകയും സര്‍വേ കല്ലുകള്‍ സ്ഥാപിക്കുകയും ചെയ്ത സ്ഥലത്താണു വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിച്ചത്. നേരത്തെ കൈയേറ്റ സ്ഥലങ്ങളില്‍ നൂറിലധികം സര്‍വേ കല്ലുകള്‍ സ്ഥാപിച്ചത് രാത്രിയുടെ മറവില്‍ നീക്കം ചെയ്യുന്നത് പതിവായിരുന്നു. ഇതേതുടര്‍ന്ന് ജില്ലാ ഭരണകൂടവും കോഴിക്കോട് കോര്‍പറേഷനും ചേര്‍ന്ന് പുഴ തീരങ്ങളില്‍ ജെണ്ട കെട്ടാന്‍ തീരുമാനി ച്ചിരുന്നു. ഇതു ചിലര്‍ ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവ് കാണിച്ച് തടയുകയായിരുന്നു.
കോഴിക്കോട് നഗരത്തിലെയും ഉള്‍പ്രദേശങ്ങളിലെയും മുഴുവന്‍ വെള്ളവും ഒഴുകി അറബിക്കടലില്‍ എത്തിച്ചേരുന്ന ഏകവഴിയാണ് കല്ലായിപ്പുഴ. പുഴ തീരങ്ങളിലെ കൈയേറ്റങ്ങള്‍ കോഴിക്കോട് നഗരത്തിലെ വെള്ളപ്പൊക്കത്തിനു കാരണമാകുന്നതിനാലാണ് ജില്ലാ ഭരണകൂടം പുഴ തീരങ്ങള്‍ സര്‍വേ ചെയ്ത് കൈയേറ്റങ്ങള്‍ കണ്ടെത്തിയത്. പുഴ തീരങ്ങളിലെ കൈയേറ്റം കാരണം വെള്ളത്തിനു ശക്തമായി ഒഴുകി അറബിക്കടലിലെത്താന്‍ സാധിക്കാതെ വരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകും. മാത്രമല്ല ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മഴ വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യും.
കോടതി ഉത്തരവു നിലനില്‍ക്കെ അവധിദിനങ്ങളുടെ മറവില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കോടതിയലക്ഷ്യമായതിനാല്‍ നിര്‍മാണ പ്രവൃത്തി നടത്തുന്നവര്‍ക്കെതിരേ ജില്ലാ ഭരണകൂടം നിയമ നടപടി സ്വീകരിക്കണമെന്ന് കല്ലായിപ്പുഴ സംരക്ഷണസമിതി ആവശ്യപ്പെട്ടു. പുഴ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി, ഫൈസല്‍ പള്ളിക്കണ്ടി, ട്രഷറര്‍ പി.പി ഉമര്‍ കോയ, ടി.എ.സി ബാബു, കെ. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവൃത്തി തടഞ്ഞത്. ഡെപ്യൂട്ടി തഹസില്‍ദാരോടൊപ്പം എന്‍. സുജിത്, എം. വസന്ത് എന്നീ ഉദ്യേഗസ്ഥരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."