കന്യാസ്ത്രീകളുടെ സമരത്തില്‍ വര്‍ഗീയവാദികളുടെ കടന്നുകയറ്റമെന്ന് കോടിയേരി ബാലകൃഷ്ണന്‍
കൊച്ചി: ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തില്‍ വര്‍ഗീയവാദികള്‍ കടന്നുകയറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സമരം സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭമാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന കേസില്‍ ഇരയ്‌ക്കൊപ്പമാണ് സി.പി.എം നിലകൊളളുന്നതെന്ന് അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയുടെ പരാതിയില്‍ കത്തോലിക്ക സഭയെയും സി.പി.എമ്മിനെയും സര്‍ക്കാരിനെയും പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കന്യാസ്ത്രീകളുടെ സമരത്തിന് നേരെ വിമര്‍ശനം ഉന്നയിച്ചത്. 'സ്ത്രീസുരക്ഷയില്‍ അധിഷ്ഠിതമാണ് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും നയം. അതുകൊണ്ടുതന്നെ സ്ത്രീകള്‍ ആക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുന്ന സംഭവങ്ങളുണ്ടായാല്‍ അതില്‍ പ്രതി എത്ര സ്വാധീനവും ശക്തിയുമുള്ള ആളായാലും ഇരയോടൊപ്പമേ ഞങ്ങള്‍ നിലകൊള്ളൂ,- കോടിയേരി പറഞ്ഞു.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസ് അന്വേഷണത്തില്‍ പരിപൂര്‍ണ സ്വാതന്ത്ര്യമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പൊലിസിന് നല്‍കിയിട്ടുള്ളതെന്ന് കോടിയേരി പറഞ്ഞു. പരാതിക്ക് അടിസ്ഥാനമായ സംഭവം നാലുവര്‍ഷം മുമ്പുണ്ടായതാണ്. തെളിവ് ശേഖരിക്കലും മൊഴിയെടുക്കലും ഞൊടിയിടയില്‍ നടത്താവുന്നതല്ലെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.
'ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നാല് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ സത്യാഗ്രഹം നടത്തുകയാണ്. ഈ സമരത്തെ ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാന്‍ ചില ശക്തികള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. ഇത്തരം രാഷ്ട്രീയശക്തികള്‍ കന്യാസ്ത്രീ സമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാനവ്യാപകമായി സമരപരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുകയാണ്,' കോടിയേരി വിശദീകരിച്ചു.
'ഒരു ബിഷപ്പിനെതിരെ സ്വന്തം സഭയിലെ കന്യാസ്ത്രീ പൊലിസില്‍ പരാതിയുമായി എത്തിയതും അവര്‍ക്ക് പിന്തുണയുമായി നാല് കന്യാസ്ത്രീകള്‍ പ്രത്യക്ഷസമരത്തിന് വന്നതും സഭയില്‍ത്തന്നെ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. ഇത് മനസ്സിലാക്കി ആഭ്യന്തരശുദ്ധീകരണം എങ്ങനെ വേണമെന്ന ആലോചന നടത്താനുള്ള കരുത്ത് ക്രൈസ്തവസഭയ്ക്കുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. സന്മാര്‍ഗജീവിതത്തില്‍നിന്ന് വ്യതിചലിക്കുന്ന വൈദികര്‍ക്ക് താക്കീതും ശിക്ഷയും നല്‍കുന്നതിനും അവരെ നേര്‍വഴിക്ക് നയിക്കാന്‍ ഉപദേശവും കല്‍പ്പനയും പുറപ്പെടുവിക്കുന്നതിലും ക്രൈസ്തവസഭയുടെ ഇന്നത്തെ അധിപന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ധീരമായ നേതൃത്വമാണ് നല്‍കുന്നത്', എന്നും കോടിയേരി എഴുതി.
ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതിയുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന ചിത്രീകരണം നടത്തുകയും ക്രൈസ്തവസഭയെത്തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ചില കേന്ദ്രങ്ങളുണ്ട്. ഒരു ബിഷപ്പ്, കേസില്‍ ഉള്‍പ്പെട്ടതുകൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരമാണ്. ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാന്‍ നിലകൊള്ളുന്ന വര്‍ഗീയശക്തികളുടെ ഇമ്മാതിരി വകതിരിവുകേടിനെ തുറന്നുകാട്ടണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീപീഡനക്കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ ബിഷപ്പായാലും സന്യാസിയായാലും മുക്രിയായാലും പൊലീസ്‌നിയമഭരണചക്രങ്ങള്‍ ഉരുളുന്നതില്‍ ഒരു ദയാദാക്ഷിണ്യവും എല്‍ഡിഎഫ് ഭരണത്തില്‍ ഉണ്ടാകില്ല. പ്രതികളുടെ ജാതി,മതം നോക്കാതെ ശക്തമായ നടപടികളാണ് ഇത്തരം കേസുകളിലെല്ലാം പൊലീസ് സ്വീകരിച്ചത്. ഇതേ സമീപനമാകും ബിഷപ്പിന്റെ കാര്യത്തിലുമുണ്ടാകുക. സ്ത്രീ പീഡിപ്പിക്കപ്പെട്ട കേസുകളില്‍ തെളിവുണ്ടെങ്കില്‍ പ്രതികള്‍ അഴിയെണ്ണുകയും നിയമനടപടിക്ക് വിധേയരാകുകയും ചെയ്യും. വോട്ട് അല്ല കുറ്റത്തിന്റെ ഗൗരവവും തെളിവുമാണ് നിയമനടപടിക്ക് അടിസ്ഥാനമെന്നും കോടിയേരി പറഞ്ഞു.
ഇതെല്ലാമാണ് വസ്തുതയെന്നിരിക്കെ കന്യാസ്ത്രീ സത്യാഗ്രഹത്തിന്റെ മറവില്‍ ബിജെപിയും ആര്‍എസ്എസും കുത്തിയിളക്കുന്ന വര്‍ഗീയതയ്ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധതയ്ക്കും വളമിടാന്‍ കോണ്‍ഗ്രസിലെയും യുഡിഎഫിലെയും ഒരു വിഭാഗവും അരാജകവാദികളും രംഗത്തിറങ്ങിയിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ഇത് രാഷ്ട്രീയവും സാമൂഹ്യവുമായ അപഥസഞ്ചാരമാണെന്നും അദ്ദേഹം പറഞ്ഞു.
'സോളാര്‍ ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമ ആക്ഷേപം നേരിടുന്നവരാണ് യുഡിഎഫിലെ ഒരു പറ്റം നേതാക്കള്‍. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മാത്രമായി അറസ്റ്റോ, മറ്റ് നിയമനടപടികളോ മാസങ്ങള്‍ പിന്നിട്ടിട്ടും ഉണ്ടായിട്ടില്ല. ഇത്തരം കേസുകളില്‍ രാഷ്ട്രീയ ശത്രുതയോ വൈരനിര്യാതന ബുദ്ധിയോ എല്‍ഡിഎഫ് സര്‍ക്കാരിനില്ല. ആവശ്യമായ പരിശോധനകളും തെളിവെടുപ്പും നടത്തി അവധാനതയോടെ കൈകാര്യം ചെയ്യുകയാണ് സര്‍ക്കാര്‍. അതുകൊണ്ട് ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി വന്നയുടനെ അറസ്റ്റുണ്ടായില്ലെന്ന ചില യുഡിഎഫ് നേതാക്കളുടെ അഭിപ്രായം അര്‍ഥശൂന്യമാണ്', കോടിയേരി പറഞ്ഞു.
യു.ഡി.എഫ് ഭരണത്തിന്റെ അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 5982 ബലാത്സംഗവും 886 സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകലും 1997 ലൈംഗിക അതിക്രമങ്ങളുമുണ്ടായി. എല്‍ഡിഎഫ് ഭരണത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. രാഷ്ട്രീയശത്രുക്കള്‍പോലും ഇത് അംഗീകരിക്കും. ക്രമസമാധാനത്തില്‍ കേരളം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിതി ഭയാനകമാണ്. സ്ത്രീകള്‍ക്കെതിരായ എല്ലാവിധ അതിക്രമങ്ങള്‍ക്കുംനേരെ അതിശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ഈ നയംതന്നെയാണ് കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരായുള്ള കേസിലും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."