ചെറുപുഴയുടെ ദിശമാറ്റി നാലേക്കറോളം സ്ഥലം കൈയേറി
പാലക്കാട്: മലമ്പുഴ ഡാമിന്റെ മുഖ്യ ജലസ്രോതസുകളിലൊന്നായ ചെറുപുഴയുടെ ദിശമാറ്റി സ്വകാര്യവ്യക്തി നാലേക്കറോളം ഭൂമി കൈയേറി. ഇവിടെ സ്ഥലം മതില്‍കെട്ടി തിരിക്കുകയും കൃഷിയിറക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി കിണര്‍ കുഴിക്കുകയും ചെയ്ത നിലയിലാണ്. മലമ്പുഴ ധോണി പരശുരാമന്‍കുണ്ട് വെള്ളച്ചാട്ടത്തില്‍നിന്നാണ് ചെറുപുഴ ഒഴുകിവരുന്നത്. കടുത്ത വേനലില്‍പോലും ഈ പുഴയില്‍ വെളളം വറ്റാറില്ല. പുഴയുടെ ഉത്ഭവ സ്ഥാനത്തുനിന്നു നാലു കിലോമീറ്റര്‍ കഴിഞ്ഞു വെള്ളെഴുത്താന്‍പൊറ്റ എന്ന സ്ഥലത്തുവച്ചാണ് പുഴയുടെ ഒഴുക്കിന് തടസമുണ്ടാക്കിയിരിക്കുന്നത്. കൈയേറിയ ഭൂമിയില്‍ മതില്‍ കെട്ടാനായാണ് നൂറു മീറ്റര്‍ ദൂരം പുഴയെ ദിശ മാറ്റിയിരിക്കുന്നത്. ഇതോടെ പുഴ തോടായി ചുരുങ്ങി. നേരത്തേ പുഴ ഒഴുകിക്കൊണ്ടിരുന്ന ഭാഗം മുഴുവന്‍ ബണ്ടും മതിലും കെട്ടി തിരിക്കുകയും ഇവിടേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തു.
രണ്ടു വര്‍ഷം മുന്‍പ് മറ്റൊരു സ്വകാര്യവ്യക്തിയായിരുന്നു ഈ ഭൂമി ആദ്യം കൈയേറിയത്. ഇപ്പോഴത്തെ വ്യക്തിക്ക് വന്‍ തുകക്ക് വില്‍പന നടത്തുകയായിരുന്നു.
മലമ്പുഴ ഒന്ന് വില്ലേജിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൈവശപ്പെടുത്തുകയും പിന്നീട് ഒലവക്കോട് സബ് രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരുടെ സഹായത്തോടെ വ്യാജരേഖ ചമച്ചാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പുഴയുടെ മുകള്‍ ഭാഗം പാലക്കാട് വനം ഡിവിഷന്റെ കീഴിലുള്ള എലിവാല്‍ സെക്ഷനില്‍പെട്ട സ്ഥലമാണ്. കൈയേറിയ കുറെ ഭാഗം വനംവകുപ്പിന്റെ സ്ഥലമായതിനാല്‍ അവര്‍ ആ ഭാഗം നേരത്തെ അളന്ന് തിട്ടപ്പെടുത്തി ജണ്ടയിട്ടിരുന്നു. ഇപ്പോള്‍ താഴെയുള്ള ഈ ഭാഗം മുഴുവന്‍ കമ്പിവേലികെട്ടി വേര്‍തിരിച്ച നിലയിലാണ്. 1987ല്‍ പ്രദേശവാസികള്‍ ഇവിടെ നെല്‍കൃഷി ചെയ്തതിന് ജലസേചന വകുപ്പ് പിഴയിട്ട് കൃഷി ഒഴിവാക്കിയിരുന്ന സ്ഥലമാണ് ഇപ്പോള്‍ സ്വകാര്യ വ്യക്തി കൈയേറുകയും പുഴയുടെ ഗതി മാറ്റുകയും ചെയ്തിട്ടുള്ളതെന്നതാണ് ഗൗരവകരമായ കാര്യം.
ജലസേചന വകുപ്പിന്റെ ഈ സ്ഥലം കൈയേറിയിട്ടും യാതൊരു നടപടിയും എടുക്കാന്‍ അധികാരികള്‍ തയാറായിട്ടില്ല. ഇവിടെ കൃഷിയിറക്കാന്‍ മൂന്ന് മാസം മുന്‍പ് ജെ.സി.ബി ഉപയോഗിച്ച് സ്ഥലം നികത്തിയിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ മലമ്പുഴഡാം നിറഞ്ഞതിനാല്‍ ഇവിടെ മണ്ണും മണലുംഅടിഞ്ഞു പൂര്‍ണമായും നികന്ന അവസ്ഥയിലാണ്. ഇപ്പോള്‍ ഇതെല്ലാം നീക്കം ചെയ്യാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."