ഇരിട്ടി പുതിയപാലം; നിര്‍മാണം പുനരാരംഭിച്ചു
ഇരിട്ടി: മഹാമാരിയും പ്രളയക്കെടുതിയും ദുരന്തം വിതച്ച കാലവര്‍ഷത്തിന് ശമനമായതോടെ നിര്‍ത്തിവച്ച ഇരിട്ടി പുതിയ പാലം നിര്‍മാണ പ്രവൃത്തി പുനരാരംഭിച്ചു. പുതിയ പാലത്തിന്റെ നിര്‍ത്തിവച്ച ബാക്കി ഭാഗത്തെ പൈലിങ് പ്രവൃത്തിയും പാലത്തിന്റെ മൂന്നാമത്തെ തൂണിന്റെ നിര്‍മാണവുമാണ് തുടങ്ങിയത്. പൈലിങ്ങിനായി പുഴയുടെ ഇരുകരകളിലുമായി സ്ഥാപിച്ച മണ്‍തിട്ട കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും കുത്തിയൊലിച്ചു പോയതോടെയാണ് പാലത്തിന്റെ പ്രവൃത്തി കരാറുകാര്‍ നിര്‍ത്തിവച്ചത്. അതിന് മുന്‍പ് തന്നെ രണ്ട് തൂണിന്റെ പൈലിങ് പ്രവൃത്തി പൂര്‍ത്തീകരിച്ചിരുന്നു.
പ്രളയത്തില്‍ ഒരു ഭാഗത്തെ മണ്‍തിട്ട പൂര്‍ണമായും പുഴയെടുത്തു. കാലവര്‍ഷം കുറഞ്ഞതും പഴശ്ശി ഷട്ടര്‍ തുറന്ന് നീരൊഴുക്ക് ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യം കണക്കിലെടുത്താണ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തി പുനരാരംഭിച്ചത്. ലോകബാങ്ക് സഹായത്തോടെ നിര്‍മിക്കുന്ന തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായാണ് കൂട്ടുപുഴ, ഇരിട്ടി, ഉളിയില്‍, കളറോഡ്, കരേറ്റ, മെരുവമ്പായി, എരഞ്ഞോളി തുടങ്ങിയ പാലങ്ങളും പുതുതായി നിര്‍മാണമാരംഭിച്ചത്. ഇതില്‍ ഇരിട്ടി പാലമൊഴികെ മറ്റു പാലങ്ങളെല്ലാം ഇതിനകം ഭാഗികമായി പൂര്‍ത്തിയായി കഴിഞ്ഞു. ഇരിട്ടി പാലം നിര്‍മാണ പ്രവൃത്തി മാത്രമാണ് ഇഴഞ്ഞുനീങ്ങുന്നത്.
പെരുമ്പാവൂര്‍ ആസ്ഥാനമായ ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല. പഴശ്ശി ഡാം ഷട്ടര്‍ അടച്ച് കുടിവെള്ള വിതരണത്തിനായി വെള്ളം സംഭരിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിനു മുന്‍പേ പുഴയുടെ മധ്യഭാഗത്തുള്‍പ്പെടെ വരുന്ന തൂണുകളുടെ നിര്‍മാണ പ്രവൃത്തി വേഗത്തില്‍ തീര്‍ക്കാനാണ് കരാറുകാരുടെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."