സംസ്ഥാനത്തെ ആദ്യ ഔഷധ പാര്‍ക്ക് കാടുകയറി നശിക്കുന്നു
കൊല്ലം: സംസ്ഥാനത്തെ ആദ്യത്തെ ഔഷധ സസ്യ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിലച്ചു. ഔഷധ സസ്യ ബോര്‍ഡും വനംവകുപ്പും ചേര്‍ന്നുള്ള കൂട്ട് സംരഭത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കൊല്ലം, പത്തനംതിട്ട ജില്ലാ അതിര്‍ത്തിയില്‍ പത്തനാപുരത്തിന് സമീപം കലഞ്ഞൂര്‍ - മാങ്കോട് പാതയരികില്‍ ഡിപ്പോ ജങ്ഷനിലായിരുന്നു പാര്‍ക്ക് ഒരുക്കാനിരുന്നത്.
വംശ ഭീഷണിയുള്ള അപൂര്‍വയിനം ഔഷധ സസ്യങ്ങളും വനവൃക്ഷങ്ങളും സംരക്ഷിക്കുന്നതിനും അവ നേരിട്ട് കണ്ട് പ്രത്യേകതകള്‍ അറിയുന്നതിനുമായാണ് ഇവിടെ ഏക്കര്‍ കണക്കിന് സ്ഥലത്തായി പാര്‍ക്ക് ഒരുക്കാന്‍ തയാറായത്.
ഔഷധ പാര്‍ക്കിന് പുറമേ ഔഷധ സസ്യ നഴ്‌സറി, ഇക്കോ ടൂറിസം, കാവുകളുടെ നിര്‍മാണം തുടങ്ങി ആയുര്‍വേദത്തിനൊപ്പം ടൂറിസം സാധ്യതകള്‍ കൂടി കണ്ടാണ് ഔഷധസസ്യ ബോര്‍ഡും വനംവകുപ്പും ചേര്‍ന്ന് കലഞ്ഞൂരില്‍ ഇത്തരത്തിലൊരു പാര്‍ക്കൊരുക്കാനായി മുന്നിട്ടറിങ്ങിയത്. എന്നാല്‍ ലക്ഷകണക്കിന് രൂപ ചെലവഴിച്ച് നിര്‍മാണം ആരംഭിച്ച പാര്‍ക്ക് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പദ്ധതി പ്രദേശം കാടുകയറി നശിച്ചു.
നട്ടുപിടിപ്പിച്ച ഔഷധ സസ്യങ്ങളും കാണാനില്ല. മുന്‍ മന്ത്രി അടൂര്‍ പ്രകാശ് പ്രത്യേക താല്‍പര്യമെടുത്താണ് പാര്‍ക്ക് തുടങ്ങാന്‍ നടപടി സ്വീകരിച്ചത്. പ്രാരംഭ ചെലവുകളുടെ പേരില്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുകയും ചെയ്തു. പാര്‍ക്ക് സ്ഥാപിച്ച് സന്ദര്‍ശകരായി എത്തുന്നവരില്‍ നിന്ന് തുക ഫീസായി ഈടാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടത്. വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് പര്‍ക്ക് സ്ഥാപിച്ച് സന്ദര്‍ശകരില്‍നിന്ന് പണം വാങ്ങാന്‍ പാടില്ലെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിട്ടു. സാമ്പത്തിക താല്‍പര്യം നഷ്ടപ്പെട്ടതോടെയാണ് ഔഷധ പാര്‍ക്ക് ഉപേക്ഷിക്കാന്‍ തയാറായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പാര്‍ക്കിനുള്ളിലെ മരങ്ങള്‍ക്ക് ചുറ്റിനും അലങ്കാരരീതിയില്‍ ഇരിപ്പിടങ്ങളും നിര്‍മിച്ചിട്ടുണ്ട്. ഔഷധ സസ്യപാര്‍ക്കിനായുള്ള ഫണ്ട് സംസ്ഥാന ഔഷധബോര്‍ഡും, ഇക്കോ ടൂറിസം ഉള്‍പ്പടെയുള്ളവയ്ക്കായി വനംവകുപ്പുമാണ് ഫണ്ട് നല്‍കിയത്. ഔഷധ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനൊപ്പം നിര്‍മാണത്തിലെ വ്യാപക അഴിമതി പുറത്തു കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."