റേഷന്‍ വിതരണം കുറഞ്ഞു ആദിവാസികള്‍ ക്ഷുഭിതരായി
കരുളായി: കുറഞ്ഞ റേഷന്‍ ലഭിച്ചതിനെത്തുടര്‍ന്ന് ആദിവാസികള്‍ ക്ഷുഭിതരായി. മാഞ്ചീരി കോളനിയില്‍ റേഷന്‍ വാങ്ങാനെത്തിയ ചോലനായിക്കരായ ആദിവാസികളാണ് റേഷന്‍ കുറഞ്ഞതിനാല്‍ ഐ.ടി.ഡി.പി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും സ്ഥലത്ത് ബഹളം വെക്കുകയും ചെയ്തത്.
നിലവില്‍ മാസത്തില്‍ ഒരു കുടുംബത്തിന് 35 കിലോ അരിയാണ് നല്‍കുന്നത്. ഈ 35 കിലോ ഓരോ ആഴ്ചയിലും നാലില്‍ ഒരു വീതമായാണ് നല്‍കുന്നത്. ഇത് ഒരു കുടുംബത്തിന് ഒരാഴ്ചയ്ക്ക് തികയുന്നില്ലെന്ന് പറഞ്ഞാണ് താളിപ്പുഴ കേത്തന്‍ മാഞ്ചീരിയില്‍ അരി വിതരണത്തിന് എത്തിയ ടി.ഇ.ഒയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
എന്നാല്‍ കരുവാരക്കുണ്ട് എസ്.ഐ ജോതിന്ദ്രകുമാറും, നിലമ്പൂര്‍ സി.ഐ ദേവസ്യയും ഇടപ്പെട്ട് രംഗം ശാന്തമാക്കുകയും കേത്തന്‍ ഒരു കിറ്റ് റേഷന്‍ അധികം നല്‍കുകയും ചെയ്ത് പ്രശ്നം പരിഹരിച്ചു. അംഗങ്ങള്‍ കൂടുതലുള്ള കുടുംബത്തില്‍ നിലവില്‍ നല്കുന്ന റേഷന്‍ തികയുന്നില്ലെന്ന പ്രശ്നം കുറെ കാലങ്ങളായി ആദിവാസികള്‍ ഉന്നയിക്കുന്നതാണ്. ഇതിന് ഒരു പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ക്കോ, ഭരണാധികാരികള്‍ക്കോ ഇതേവരെയായിട്ടില്ല. ഐ.ടി.ഡി.പിയ്ക്ക് പുറമെ പി.വി.ടി.ജിയും ഇവര്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ നല്‍കിയിരുന്നു. ഇത് നിര്‍ത്തലാക്കിയതാണ് ഇവരെ പ്രയാസത്തിലാക്കിയിട്ടുള്ളത്. ഇത് പുന:സ്ഥാപിക്കാനെങ്കിലും അധികൃതര്‍ തയാറാവണമെന്നാണ് ആദിവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."