സുവര്‍ണ സ്വപ്നവുമായി സൈനയും ബാഡ്മിന്റണ്‍ സംഘവും
റിയോയിലെ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയില്‍ മുന്നില്‍ നില്‍ക്കുന്നു ബാഡ്മിന്റണ്‍ ഐക്കണ്‍ സൈന നേഹ്‌വാള്‍. നിലവില്‍ ബാഡ്മിന്റണിലെ ഒളിംപിക് വെങ്കല മെഡല്‍ ജേതാവാണ് സൈന. ബാഡ്മിന്റണില്‍ ഒളിംപിക് മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരവും സൈന തന്നെ. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സൈന നിലവില്‍ അഞ്ചാം റാങ്കില്‍ നില്‍ക്കുന്നു.
ഒളിംപിക്‌സ് ബാഡ്മിന്റണില്‍ ജി ഗ്രൂപ്പിലാണ് സൈന. ഗ്രൂപ്പ് ഘട്ടങ്ങള്‍ സൈനയ്ക്ക് എളുപ്പമാണ്. പ്രീ ക്വാര്‍ട്ടറിലും കടുത്ത എതിരാളിയെ ലഭിക്കാനിടയില്ല. സാധ്യത തായ്‌ലന്‍ഡ് താരം പോണ്‍ടിപ് ബുര്‍നപ്രസെര്‍കിനെ എതിരാളിയായി ലഭിക്കാനാണ്. അവിടെ കടന്നാല്‍ പക്ഷേ കാര്യങ്ങള്‍ എളുപ്പമാകില്ല.
ക്വാര്‍ട്ടറിലെത്തിയാല്‍ അവിടെ ഒളിംപിക് ചാംപ്യന്‍ ചൈനയുടെ ലി സുറേയിയെ ആയിരിക്കും എതിരാളിയായി ലഭിക്കുക. സുറേയിയെ മറികടന്നാല്‍ സെമിയില്‍ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ സ്‌പെയിനിന്റെ കരോലിന മരിനേയാവും മിക്കവാറും നേരിടേണ്ടി വരിക.
സൈനയ്‌ക്കൊപ്പം മെഡല്‍ സാധ്യതയുള്ള മറ്റൊരു വനിതാ താരം പി.വി സിന്ധുവാണ്.
ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ റിയോയിലെ ഇന്ത്യന്‍ പ്രതീക്ഷ കിഡംബി ശ്രീകാന്താണ്. പുരുഷ സിംഗിള്‍സില്‍ മത്സരിക്കുന്ന ഏക ഇന്ത്യന്‍ താരവും ശ്രീകാന്താണ്. നിലവിലെ ഫോം പരിഗണിച്ചാല്‍ ശ്രീകാന്തിനും പ്രതീക്ഷയ്ക്കു വകയുണ്ട്.
വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യമാണ് സാധ്യതകള്‍ നിലനിര്‍ത്തുന്നത്. പരുഷ ഡബിള്‍സില്‍ മനു അത്രി- സുമിത് റെഡ്ഡി സഖ്യവും മികച്ച ഫോമിലാണുള്ളത്.
ഗോപി ചന്ദിന്റെ മുഖ്യപരിശീലനത്തിലാണ് ഇന്ത്യന്‍ ടീം പോരിനിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."