ഉല്‍പാദനത്തില്‍ ലക്ഷ്യംകടന്ന് ബാണാസുര സോളാര്‍ പദ്ധതി
പടിഞ്ഞാറത്തറ: ബാണാസുര ഹൈഡല്‍ ടൂറിസം കേന്ദ്രം സോളാര്‍ പദ്ധതിയിലെ ഉല്‍പാദനം ലക്ഷ്യമാക്കിയതിലും അധികം. ഇന്ത്യയിലെ ഒഴുകുന്ന ആദ്യത്തെ സൗരോര്‍ജപ്പാടമാണ് വയനാട് ജില്ലയിലെ പടിഞ്ഞാറത്തറയിലെ ബാണാസുര സാഗറില്‍ പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി ഉല്‍പാദന മേഖലയിലെ ബദല്‍ മാര്‍ഗങ്ങളില്‍ കുതിച്ച് ചാട്ടമുണ്ടാക്കാനാവുന്ന ആദ്യ കാല്‍വയ്പാണ് ഈ പദ്ധതിയിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നത്.
2015 നവംബറില്‍ ആരംഭിച്ച ഡാം ടോപ്പ് സോളാറില്‍ നിന്ന് വര്‍ഷം തോറും ശരാശരി ആറ് ലക്ഷം യൂനിറ്റ് വൈദ്യുതിയാണ് നിലവില്‍ ലഭിക്കുന്നത്. എന്നാല്‍ അഞ്ച് ലക്ഷം യൂനിറ്റിന്റെ ഉല്‍പാദനമായിരുന്നു അധികൃതര്‍ പ്രതീക്ഷിച്ചിരുന്നത്.
പത്ത് കോടി രൂപ ചെലവിലായിരുന്നു പദ്ധതി നടപ്പിലാക്കിയിരുന്നത്. 53,800 ചതുരശ്ര അടിയുള്ള കോണ്‍ക്രീറ്റ് പ്രതലത്തിലാണ് സോളാര്‍ പാനലുകള്‍ വിരിച്ചത്. 260 വാട്‌സുള്ള 1,950 സോളാര്‍ പാനലുകളാണ് ഇതിനായി ഉപയോഗിച്ചത്. 10 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന സൗരോര്‍ജ പാനലുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിജയിച്ചതോടെയായിരുന്നു ഇത്തരത്തിലുള്ള പുതു ദൗത്യവുമായി അധികൃതര്‍ മുന്നോട്ട് വന്നത്. വയനാട്ടുകാരായ അജയ് തോമസ്, വി.എം സുധീര്‍ എന്നീ യുവ എന്‍ജിനീയര്‍മാരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
കരയിലും ജലത്തിലും പ്രവൃത്തിക്കുന്ന തരത്തിലുള്ള സോളാര്‍ പദ്ധതികളാണ് ബാണാസുര ഡാമിലുള്ളത്. റിസര്‍വോയറില്‍ രണ്ട് ഫ്‌ളോട്ടിങ് സോളാറും കരയിലുള്ള ഡാം ടോപ്പ് സോളാറുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സോളാര്‍ പദ്ധതിയുടെ പരീക്ഷണാര്‍ഥം 20 ലക്ഷം രൂപ ചെലവഴിച്ച് ചെറിയ ഫ്‌ളോട്ടിങ് സോളാറാണ് ഡാമില്‍ ആദ്യം നിര്‍മിച്ചത്. ഇത് പൂര്‍ണ വിജയത്തിലെത്തിയതോടെ 9.29 കോടി രൂപ ചെലവഴിച്ച് 1.25 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന വലിയ ഫ്‌ളോട്ടിങ് പാനലും നിര്‍മിച്ചു. തുടര്‍ന്ന് പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി 4.40 കോടി രൂപ മുടക്കി ഡാമിന് മുകളിലും പാനലുകള്‍ സ്ഥാപിച്ചു. 2016ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെറിയ ഫ്‌ളോട്ടിങ് പാനലില്‍ നിന്ന് ഇതുവരെ 22,840 യൂനിറ്റ് വൈദ്യുതി ലഭിച്ചു.
വലിയ സോളാര്‍ പാനല്‍ 2017ല്‍ ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ 2019 ഫെബ്രുവരിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് ഗ്രിഡ് വഴി വിതരണം നടത്തുകയാണ് ചെയ്യുന്നത്. 10 കിലോ വാട്ട് ഉല്‍പാദിപ്പാന്‍ കഴിയുന്ന ആദ്യ ഘട്ടം അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദാണ് സ്വിച്ച് ഓണ്‍ കര്‍മം ചെയ്തത്. 500 കിലോ വാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന സൗരോര്‍ജ ജ്വലന സംവിധാനമാണ് ഇതിലൂടെ യാഥാര്‍ഥ്യമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."