ഡിഫ്തീരിയ; മരുന്ന് രണ്ടുദിവസത്തേക്ക് മാത്രം കേസുകളുടെ എണ്ണം 75
മലപ്പുറം: പ്രതിരോധ കുത്തിവെപ്പും ബോധവത്കരണവും സജീവമാകുമ്പോഴും ജില്ലയില്‍ ആവശ്യത്തിനു മരുന്നില്ല. ആരോഗ്യ വകുപ്പിന്റെ ബോധവത്കരണമറിഞ്ഞു കൂട്ടത്തോടെ കുത്തിവെപ്പെടുക്കാന്‍ എത്തുന്നവര്‍ക്ക് ആവശ്യമായ മരുന്നു ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞിട്ടില്ല. രണ്ടുദിവസത്തേക്കുള്ള ടി.ഡി വാക്‌സിനുകള്‍ മാത്രമാണു ജില്ലയില്‍ ഇനി ബാക്കിയുള്ളത്. കൂടുതല്‍ മരുന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പിനെ സമീപിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ മരുന്ന് എന്നെത്തുമെന്നു വ്യക്തമല്ല. ഊര്‍ജിത പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പെടുത്തവരുടെ എണ്ണം 1,61,179 ആയിട്ടുണ്ട്. ജില്ലക്കു ലഭിച്ച 1,75,000 ഡിസി വാക്‌സിനുകളില്‍ ഇനി ബാക്കിയുള്ളതു വെറും 13,700 എണ്ണം മാത്രമാണ്. കൈവശമുള്ള മരുന്നു തീര്‍ന്നതായി അറിയിച്ചു നിരവധി ബ്ലോക്ക് തലങ്ങളില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ സമീപിച്ചിട്ടുണ്ട്.
അതേസമയം ജില്ലയില്‍ ഡിഫ്തീരിയ രോഗ ലക്ഷണങ്ങളുമായി മൂന്നു പേര്‍ കൂടി ഇന്നലെ ചികിത്സ തേടി.
കൊണ്ടോട്ടി ബ്ലോക്കിലെ പള്ളിക്കല്‍ സ്വദേശികളായ രണ്ടുപേര്‍ക്കും വണ്ടൂര്‍ ബ്ലോക്കിലെ കാപ്പില്‍ സ്വദേശിയായ വിദ്യാര്‍ഥിക്കുമാണു ഡിഫ്തീരിയ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. പള്ളിക്കലില്‍ നിന്നു ചികിത്സ തേടിയവര്‍ 26, 37 വയസ് പ്രായമുള്ളവരാണ്. 11 വയസുകാരനായ വിദ്യാര്‍ഥിയാണു വണ്ടൂര്‍ കാപ്പില്‍ ചികിത്സയിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് ചികിത്സ തേടിയത്. ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഡിഫ്തീരിയ കേസുകളുടെ എണ്ണം 75 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."