'കാലം തെളിയിക്കും'; പിന്മാറുന്നുവെന്ന സൂചന നല്കി ട്രംപ്
വാഷിങ്ടണ്‍: അടുത്ത ജനുവരിയോടെ വൈറ്റ് ഹൗസ് ഒഴിഞ്ഞ് അടുത്ത പ്രസിഡന്റിനായി വഴിമാറിക്കൊടുക്കുമെന്ന സൂചന നല്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'കാലം തെളിയിക്കും' എന്ന പരാമര്‍ശമാണ് ട്രംപ് നടത്തിയത്. ഇതുവരെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാനാവില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ട്രംപ്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയം ട്രംപ് അംഗീകരിച്ചിരുന്നില്ല. വോട്ടെടുപ്പില്‍ ക്രമക്കേടുണ്ടായെന്നും ബാലറ്റ് പേപ്പര്‍ നഷ്ടപ്പെട്ടുവെന്നും ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍ ഇതിന് തെളിവില്ലെന്ന് പറഞ്ഞ് ആരോപണത്തെ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് മനം മാറ്റത്തോടെയുള്ള ട്രംപിന്റെ പ്രതികരണം.
കൂടാതെ, ട്രംപിന്റെ തട്ടകമായിരുന്ന ജോര്‍ജിയയിലെ ഫലവും പ്രതികൂലമായി വന്നിരുന്നു. ഇതോടെ 306 ഇലക്ട്രല്‍ വോട്ടുകള്‍ നേടി ബൈഡന് ബഹുദൂരം മുന്നിലാണ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാന്‍ 270 ഇലക്ട്രല്‍ വോട്ടുകള്‍ മതിയാവും. ട്രംപിനാവട്ടേ, 232 വോട്ടുകള്‍ മാത്രമാണുള്ളത്.
2016 ല്‍ ഹിലരി ക്ലിന്റണെതിരെ ട്രംപ് നേടിയതും 306 ഇലക്ട്രല്‍ വോട്ടുകളായിരുന്നു. അന്ന് ഈ നേട്ടത്തെ ട്രംപ് അട്ടിമറി വിജയമെന്ന് വിശേഷിപ്പിച്ചിരുന്നു.
'ഈ അഡ്മിനിസ്ട്രേഷന് എന്തായാലും ലോക്ക്ഡൗണിലേക്ക് പോവുന്നില്ല. ഭാവിയില്‍ എന്തുസംഭവിച്ചാലും.., പ്രതീക്ഷയാണ്, ആര്‍ക്കറിയാം അടുത്ത അഡ്മിനിസ്ട്രേഷന് ഏതായിരിക്കുമെന്ന്? കാലം തെളിയിക്കുമെന്നാണ് ഞാന്‍ ഊഹിക്കുന്നത്'- ട്രംപ് പറഞ്ഞു.
ബൈഡന് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് ട്രംപ് ഒരു പൊതുപരാമര്‍ശം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."