പ്രിവിലേജ് ഇഖാമ: ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി
റിയാദ്: വിഷന്‍ 2030ന്റെ ഭാഗമായി വിദേശികള്‍ക്കായി സഊദി അറേബ്യ പ്രഖ്യാപിച്ച പ്രിവിലേജ് ഇഖാമയുടെ അപേക്ഷ ഓണ്‍ലൈന്‍ വഴി സ്വീകരിച്ച് തുടങ്ങി. ഇഖാമയെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മെുൃര.ഴീ്.മെ എന്ന വെബ്‌സൈറ്റ് വഴി വ്യക്തിഗത വിവരങ്ങളടങ്ങിയ രേഖകള്‍ സമര്‍പ്പിക്കുന്നതിനും ആവശ്യമായ തുക അടയ്ക്കുന്നതിനുമുള്ള സൗകര്യമൊരുക്കിയതായി പ്രീമിയം റസിഡന്‍സി സെന്റര്‍ അറിയിച്ചു.
ഒട്ടേറെ ആനുകൂല്യങ്ങളടങ്ങിയ രണ്ടുതരം ഇഖാമകളാണ് സഊദി ഭരണകൂടം പ്രഖ്യാപിച്ചത്.
ഒറ്റത്തവണ എട്ടുലക്ഷം റിയാല്‍ മുടക്കിയെടുക്കാവുന്ന ആജീവനാന്ത പ്രിവിലേജ് ഇഖാമയാണ് ഒന്ന്. ഓരോ വര്‍ഷവും ഒരു ലക്ഷം റിയാല്‍ ഫീസ് നല്‍കിയെടുക്കാവുന്നതാണ് രണ്ടാമത്തെ പ്രിവിലേജ് ഇഖാമ.
അപേക്ഷകന് 21 വയസ് പൂര്‍ത്തിയായിരിക്കണം. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ വരുമാനം തെളിയിക്കുന്ന രേഖ, ഹെല്‍ത്ത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തടങ്ങിയവ ഹാജരാക്കണം. സഊദിയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ നിയമാനുസൃതമായ ഇഖാമയും കൂടെ പാസ്‌പോര്‍ട്ടും സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
സ്വദേശികള്‍ക്ക് മാത്രമായി ലഭിക്കുന്ന ഒട്ടേറെ ആനുകൂല്യങ്ങളാണ് പ്രിവിലേജ് ഇഖാമയുള്ളവര്‍ക്ക് ലഭിക്കുക. ഇതുവഴി സഊദിയില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കും പാര്‍പ്പിടാവശ്യങ്ങള്‍ക്കും വേണ്ടി ഭൂമിയോ കെട്ടിടമോ സ്വന്തം പേരില്‍ വാങ്ങാനാവും. മക്കയിലും മദീനയിലും ഭൂമിയും കെട്ടിടങ്ങളും വാടകയ്ക്ക് എടുക്കാനും പ്രിവിലേജ് ഇഖാമ ഉടമകള്‍ക്ക് അവസരമുണ്ട്. ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാനും വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനും കഴിയും.
ബസുകള്‍, ലോറികള്‍, ട്രെയ്‌ലറുകള്‍ തുടങ്ങിയ വാഹനങ്ങളെല്ലാം സ്വന്തമായി വാങ്ങാം. വ്യവസായമടക്കം വിവിധ മേഖലകളില്‍ നിക്ഷേപമിറക്കാനും സ്വതന്ത്രമായി സഊദിയിലേക്ക് വരികയും പോവുകയും ചെയ്യാനും ഇവര്‍ക്ക് കഴിയും.
വിമാനത്താവളങ്ങളില്‍ സ്വദേശികള്‍ക്ക് നല്‍കി വരുന്ന ഗ്രീന്‍ചാനല്‍ സൗകര്യം തുടങ്ങി സ്വതന്ത്രമായി ജോലിയില്‍ പ്രവേശിക്കുന്നതിനും ഉപേക്ഷിക്കുന്നതിനും വരെയുള്ള ഒട്ടേറെ ആനുകൂല്യങ്ങളാണ് പ്രിവിലേജ് ഇഖാമ ഉടമകളെ കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."