സര്‍ക്കാര്‍ നയം മാറ്റം: കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് പാരിതോഷികം വര്‍ധിപ്പിക്കും
കാളികാവ്: സംസ്ഥാനത്ത് മാവോയിസ്റ്റുകളെ നേരിടുന്ന രീതി അടിമുടി മാറ്റുന്നതായി സൂചന. മാവോയിസ്റ്റ് പൊലിസ് ഏറ്റുമുട്ടല്‍ ഒഴിവാക്കി അനുനയിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാരിന്റെ നയം മാറ്റത്തെ കുറിച്ച് മലപ്പുറത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വ്യക്തമായ സൂചന നല്‍കിയിട്ടുണ്ട്. ഘടകകക്ഷികളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പാണ് നയം മാറ്റത്തിന് പിന്നിലെന്നാണ് വിവരം.
രണ്ടു വര്‍ഷം മുന്‍പ് പാക്കേജ് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് ഒരു മാവോയിസ്റ്റും കീഴടങ്ങാന്‍ തയാറായിട്ടില്ല. കീഴടങ്ങുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച് ആകര്‍ഷിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള പാക്കേജ് പൂര്‍ണമായും പരിഷ്‌കരിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച മാതൃകയിലാണ് കേരളത്തിലും കീഴടങ്ങല്‍ നയം തയാറാക്കിയത്. കര്‍ണാടകത്തില്‍ പത്തോളം മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പദ്ധതിയുടെ ആനുകൂല്യം സ്വീകരിച്ച് കീഴടങ്ങിയിരുന്നു. കേരളത്തില്‍ കീഴടങ്ങുന്ന മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗത്തിന് അഞ്ച് ലക്ഷം രൂപ, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ എന്നിങ്ങനെയുള്ള വിവേചനമുണ്ട്. കീഴടങ്ങുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന സാങ്കേതിക തടസവുമുണ്ട്. ഇതെല്ലാം പരിഹരിച്ച് ആകര്‍ഷകമായ ഒരു പാക്കേജ് തയാറാക്കാനാണ് അധികൃതരുടെ തീരുമാനം.
മലപ്പുറത്ത് ചേര്‍ന്ന മാതൃകയില്‍ സെപ്തംബര്‍ രണ്ടിന് വയനാട്ടിലും ഉന്നതതല യോഗം ചേരും. മാവോയിസ്റ്റുകളെ നേരിടുന്നത് അവസാനിപ്പിക്കാന്‍ പൊലിസിനോടും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."