ടിക്കറ്റ്‌നമ്പര്‍ തിരുത്തി പണം തട്ടിയെടുത്തു
ചാരുംമൂട്: കഴിഞ്ഞ ദിവസം നറുക്കെടുപ്പു നടന്ന പൗര്‍ണമി ഭാഗ്യക്കുറിയുടെ ടിക്കറ്റില്‍ നമ്പര്‍ തിരുത്തി ഏജന്റില്‍ നിന്നും അയ്യായിരം രൂപ കവര്‍ന്നതായി പരാതി.
നൂറനാട് മുതുകാട്ടുകര ഉഷാ ഭവനത്തില്‍ വിദ്യാധരന്റെ പണമാണ് നഷ്ടമായത്. പൗര്‍ണമി ഭാഗ്യക്കുറിയുടെ 664862 എന്ന നമ്പരിന് അയ്യായിരം രൂപ സമ്മാനമുണ്ട്. എന്നാല്‍ തട്ടിപ്പു നടത്തിയ ആളിന്റെ പക്കല്‍ ഉണ്ടായിരുന്ന 664062 എന്ന ടിക്കറ്റിലെ പൂജ്യം എട്ടാക്കി തിരുത്തിയാണ് ഏജന്റിനെ കബളിപ്പിച്ചു പണം തട്ടിയത്.
സമ്മാന ടിക്കറ്റിന്റെ പണം വാങ്ങാന്‍ ലോട്ടറി മൊത്ത വില്‍പനശാലയില്‍ നല്‍കിയപ്പോഴാണ് ടിക്കറ്റ് തിരുത്തിയ വിവരം ബോധ്യമായത്.
ടിക്കറ്റ് തന്നയാള്‍ നേരത്തെ ലോട്ടറി കച്ചവടക്കാരനായിരുന്നെന്നും ഇയാള്‍ പഴകുളം സ്വദേശിയാണെന്നും വിദ്യാധരന്‍ നൂറനാട് പൊലിസിനു കൊടുത്ത പരാതിയില്‍ പറഞ്ഞു.
ഇയാളെ തിരക്കി പഴകുളത്തു പല പ്രാവശ്യം പോയങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
വിദ്യാധരന്‍ ആറു വര്‍ഷമായി ലോട്ടറി കച്ചവടം നടത്തുന്നു.
കഴിഞ്ഞവര്‍ഷവും ഇതുപോലെ തിരുത്തി നല്‍കിയ ടിക്കറ്റിന് ആറായിരം നല്‍കി വഞ്ചിക്കപ്പെട്ടതായും അന്ന് ഇത് നല്‍കിയവര്‍ ആരാണെന്ന് ഓര്‍മയില്ലന്നും ഏജന്റ് പറഞ്ഞു. ഏജന്റില്‍ നിന്നും പരാതി ലഭിച്ചതായും അന്വേഷണം നടത്തി വരുന്നതായും നൂറനാട് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."