കേട്ടു പഠിക്കണം ആ വാക്കുകള്‍
അടുത്ത കാലത്ത് കേട്ട ഏറ്റവും ശ്രദ്ധേയവും ആനന്ദദായകവുമായ വാക്കുകള്‍ അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റേതാണ്. ഞാന്‍ വിഭജനത്തിന്റെ പ്രസിഡന്റായിരിക്കില്ല, ഐക്യത്തിന്റെ പ്രസിഡന്റായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം ഉറപ്പിച്ചശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗമായിരുന്നു അത്.
ഭരണാധികാരിയില്‍ നിന്ന്, ഭരണാധികാരിയാകാന്‍ പോകുന്നയാളില്‍ നിന്ന് ഇത്രയും മധുരതരമായ വാക്കുകള്‍ കേള്‍ക്കാന്‍ ഏതു രാജ്യത്തെ ജനങ്ങളായാലും ഭാഗ്യമുള്ളവരായിരിക്കണം. കാരണം, ഇന്നു ലോകത്തെങ്ങും വെറുപ്പിന്റെയും പകയുടെയും തത്വശാസ്ത്രം അനിയന്ത്രിതമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഭരണാധികാരികള്‍ തങ്ങളുടെ സിംഹാസനം ഉറപ്പിച്ചു നിര്‍ത്താന്‍ അത്തരം തത്വശാസ്ത്രങ്ങളുടെ പ്രചാരകരും വക്താക്കളുമായി മാറാന്‍ മത്സരിച്ചു കൊണ്ടിരിക്കുകയുമാണ്.
അമേരിക്ക തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം. നാലുവര്‍ഷം മുന്‍പ് അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപിന്റെ വാക്കിലും നോക്കിലും ചെയ്തികളിലും നിറഞ്ഞുനിന്നത് ധിക്കാരമായിരുന്നല്ലോ. കരിമ്പിന്‍ തോട്ടത്തില്‍ ആന കയറിയ പോലെയായിരുന്നു ട്രംപിന്റെ ഭരണകാലം. സ്വന്തം പദവിയെക്കുറിച്ചു ബോധമില്ലാതെ ഏതു വിടുവായത്തവും പറയും. എന്തും ചെയ്യും. മറ്റു രാജ്യങ്ങളിലെ ഭരണാധികാരികളെപ്പോലെ കൊറോണ വൈറസും തന്റെ ചൊല്‍പ്പടിക്കു നില്‍ക്കണമെന്ന അഹങ്കാരം കൊണ്ടാണല്ലോ മാസ്‌കിനെയും സാമൂഹിക അകലത്തെയുമെല്ലാം പുച്ഛത്തോടെ കണ്ടതും പരിഹസിച്ചതും. യഥാ രാജാ തഥാ പ്രജാ എന്ന മട്ടില്‍ ജനങ്ങളും കെട്ടുവിട്ട പട്ടങ്ങളായി. ട്രംപിന്റെ തെറ്റായ മാതൃകയുടെ തിരിച്ചടി നേരിടേണ്ടി വന്നത് ആ നാട്ടിലെ ജനത. ആരംഭകാലത്തു നിന്ന് ഏറെ കഴിയുംമുന്‍പേ കൊവിഡ് വ്യാപനത്തിലും മരണനിരക്കിലും തുടര്‍ച്ചയായി ഏറെ മുന്നില്‍ കുതിച്ചു കൊണ്ടിരിക്കുകയാണ് അമേരിക്ക.
ലോകരാജ്യങ്ങളെ മുഴുവന്‍ പുച്ഛമായിരുന്നു ട്രംപിന്. ലോകരാജ്യങ്ങള്‍ക്കു മുഴുവന്‍ പുച്ഛമായിരുന്നു ട്രംപിനെ. ആകെ ട്രംപ് പ്രകീര്‍ത്തിച്ചത് ഇന്ത്യയുടെ ഭരണത്തലപ്പത്തിരിക്കുന്ന നരേന്ദ്ര മോദിയെ. ട്രംപിനെക്കുറിച്ചു നാലു നാവോടെ സംസാരിച്ചത് നമ്മുടെ പ്രധാനമന്ത്രി മാത്രം. ഒരേ തൂവല്‍പ്പക്ഷികളായിരുന്നു ഇരുവരും. ഇവിടെയാണ് ബൈഡന്റെ വാക്കുകളുടെ മഹത്വം വ്യക്തമാകുന്നത്. ഞാന്‍ ഐക്യത്തിന്റെ ഭരണാധികാരിയായിരിക്കുമെന്ന് ജോ ബൈഡന്‍ പറയുമ്പോള്‍ അദ്ദേഹം അര്‍ഥമാക്കുന്നത് താന്‍ പൊരുതിത്തോല്‍പ്പിച്ച ഭരണാധികാരി അനൈക്യത്തിന്റെ പ്രതീകവും പ്രയോക്താവുമായിരുന്നു എന്നു തന്നെയാണ്. ബൈഡന്റെ പ്രസംഗത്തിലെ ഓരോ വാചകവും ട്രംപിനെ പരോക്ഷമായി തൊലിയുരിച്ചു കാണിക്കുന്നതായിരുന്നു.
രാജ്യത്തിന്റെ ആത്മാവ് നമുക്കു തിരികെപ്പിടിക്കാമെന്നും രാജ്യത്തിന്റെ നട്ടെല്ലിനെ നമുക്കു പുനര്‍നിര്‍മിക്കാമെന്നുമാണ് അദ്ദേഹം അമേരിക്കന്‍ ജനതയോട് ആഹ്വാനം ചെയ്തത്. ശക്തിയുടെ മാതൃകയല്ല നാം പ്രകടിപ്പിക്കേണ്ടത്, നമ്മുടെ മാതൃക എത്രമാത്രം ശക്തമാണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നോക്കൂ, എത്ര പക്വമായ മാനവസ്‌നേഹത്തില്‍ ചാലിച്ച വാക്കുകള്‍. അതു കേള്‍ക്കുമ്പോള്‍ അമേരിക്കയില്‍നിന്ന് എത്രയോ കാതമകലെ കഴിയുന്ന നമ്മള്‍ക്കും രോമാഞ്ചമുണ്ടാകുകയില്ലേ. നമ്മുടെ നാട്ടിലെ ഭരണാധികാരി ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകില്ലേ. വൈവിധ്യങ്ങളുണ്ടായിരിക്കെത്തന്നെ ഐക്യപ്പെടല്‍ എന്ന ബൈഡന്റെ വാക്കുകളെ നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ പൗരാണിക സംസ്‌കാരത്തിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. അപ്പോഴാണ് അതിന്റെ മനോഹാരിത നാം ഇന്ത്യക്കാര്‍ക്ക് ബോധ്യപ്പെടുക. അപ്പോഴാണ് നമുക്കു നഷ്ടബോധം തോന്നുക.
തീര്‍ച്ചയായും.., പകയും വെറുപ്പും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ വര്‍ത്തമാന രാഷ്ട്രീയ പശ്ചാത്തലത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഏതൊരു മനുഷ്യസ്‌നേഹിയും കൊതിച്ചുപോകും ഇങ്ങനെയൊരു ഭരണാധികാരിയെ നമുക്കു കിട്ടിയിരുന്നെങ്കിലെന്ന്. നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ ആശയം പിറന്ന നാട്ടില്‍ ഇന്നു വിഭാഗീയതയുടെയും സ്പര്‍ദ്ധയുടെയും വംശഹത്യയുടെയും വെറുപ്പിന്റെയും മതഭ്രാന്തിന്റെയും തത്വശാസ്ത്രമാണല്ലോ തഴച്ചുവളരുന്നത്.
അധികാരത്തിലേറും മുന്‍പ് മധുരതരമായ വാക്കുകള്‍ പറയാന്‍ എളുപ്പമാണ്. അധികാരത്തിലേറിയാല്‍ അതെല്ലാം സൗകര്യപൂര്‍വം പലരും മറന്നുപോകാറുണ്ട്. വാക്കും പ്രവൃത്തിയും വിളക്കിച്ചേര്‍ക്കാന്‍ അപൂര്‍വം ഭരണാധികാരികള്‍ക്കേ കഴിയൂ. ബൈഡന്റെ ശരീരഭാഷ വ്യക്തമാക്കുന്നത് അദ്ദേഹം അത്തരമൊരു ഭരണാധികാരിയായിരിക്കുമെന്നാണ്. ആറു വര്‍ഷം മുന്‍പ്, 2014ല്‍ ഇന്ത്യക്കാരും കേട്ടിരുന്നു ഇതുപോലുള്ള മധുരതരമായ വാക്കുകള്‍. മറ്റാരില്‍ നിന്നുമല്ല, അന്നു നിയുക്ത പ്രധാനമന്ത്രിയായിരുന്ന നരേന്ദ്ര മോദിയില്‍നിന്ന്.
അധികാരക്കസേരയില്‍ ഇരിക്കുന്നതിനു തലേന്നാള്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ വാക്കുകളും ഇതുപോലെയായിരുന്നു. എന്റെ രാജ്യത്തിന്റെ മതം ഭരണഘടനയായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. അയല്‍ക്കാരുമായി നല്ല സൗഹൃദം വളര്‍ത്തിയെടുക്കുമെന്നാണ് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ജാതി, മത വേര്‍തിരിവുകളും അകറ്റിനിര്‍ത്തലുകളും ഇല്ലാതെ ഏകോദര സഹോദരങ്ങളായി കഴിഞ്ഞുകൂടുന്ന അവസ്ഥ സൃഷ്ടിക്കുമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.
എന്നിട്ടു സംഭവിച്ചതോ...
2014നു ശേഷമുള്ള ഇന്ത്യയുടെ ദയനീയ സ്ഥിതിയെക്കുറിച്ച് ആര്‍ക്കും വിശദീകരിച്ചു കൊടുക്കേണ്ടതില്ല. പശുവിറച്ചി കഴിച്ചുവെന്നും പശുമാംസം കൈവശം വച്ചുവെന്നും പശുവിനെ കൊന്നുവെന്നും അറുക്കാനായി പശുക്കളെ കടത്തിക്കൊണ്ടുപോയി എന്നുമൊക്കെ ആരോപിച്ച് കൊന്നൊടുക്കപ്പെട്ടവര്‍ എത്ര പേരാണ്.
മതാന്ധരുടെ ക്രൂരതകള്‍ ഏറ്റുവാങ്ങേണ്ടി വന്ന പാവം ഇരകള്‍ തെറ്റുകാരായിരുന്നില്ല എന്ന യാഥാര്‍ഥ്യം പകല്‍വെളിച്ചത്തിലെന്ന പോലെ ബോധ്യമായിട്ടും അര്‍ഥഗര്‍ഭമായ മൗനത്തിലാണല്ലോ ഈ രാജ്യത്തിന്റെ ഭരണാധികാരികള്‍. അയല്‍രാജ്യങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി ശത്രുപ്പട്ടികയിലായിട്ടും ആയുധബലത്തില്‍ ഊറ്റം കൊള്ളുകയാണല്ലോ നമ്മുടെ ഭരണാധികാരികള്‍. ജനിച്ചുവീണ മണ്ണില്‍നിന്ന് ഒരു വിഭാഗം ജനതയെ മാത്രം പൗരത്വം നല്‍കാതെ ചവിട്ടിമെതിക്കാന്‍ ശ്രമിക്കുകയാണല്ലോ നമ്മുടെ ഭരണാധികാരികള്‍.
അവരെല്ലാം കാത് തുറന്നു കേള്‍ക്കേണ്ടതാണ് ജോ ബൈഡന്റെ ഐക്യകാഹളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."