ഹയര്‍ സെക്കന്‍ഡറി അധ്യയനം അവതാളത്തിലാകും
കോഴിക്കോട്: അധ്യാപകരെ കൂട്ടത്തോടെ സേ പരീക്ഷാ മൂല്യനിര്‍ണയത്തിന് നിയോഗിച്ചതോടെ ഇന്നു മുതല്‍ ഒരാഴ്ചക്കാലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യയനം അവതാളത്തിലാകും. ഇന്നാണ് ഒരാഴ്ച വരെ നീളുന്ന മൂല്യനിര്‍ണയം തുടങ്ങുന്നത്. സ്‌കൂളുകളിലെ ഭൂരിഭാഗം അധ്യാപകരെയും സേ മൂല്യനിര്‍ണയത്തിന് വിടുന്നതോടെ ക്ലാസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയിലാണ് പ്രിന്‍സിപ്പല്‍മാര്‍. മിക്കവാറും സ്‌കൂളുകളില്‍ ഉപഭാഷാ അധ്യാപകര്‍ മാത്രമേ ഹാജരുണ്ടാകൂ. ഇവരെ കൊണ്ട് മാത്രം സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ക്ലാസ് മുടക്കേണ്ട അവസ്ഥ സംജാതമാകും.
മുന്‍ വര്‍ഷങ്ങളില്‍ സേ, ഇംപ്രൂവ്‌മെന്റ് മൂല്യനിര്‍ണയം നടത്തിയത് രണ്ടു ഘട്ടങ്ങളിലായാണ്. പകുതി അധ്യാപകരെ രണ്ടു ഘട്ടങ്ങളിലായി നിയോഗിക്കുക വഴി ക്ലാസുകള്‍ നടത്താന്‍ പ്രയാസം നേരിട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയില്‍ ക്ലാസുകള്‍ മുടങ്ങുന്ന സ്ഥിതിയാണ്. ഏപ്രിലില്‍ നടത്തിയ മൂല്യനിര്‍ണയത്തിന്റെ വേതനം പോലും അധ്യാപകര്‍ക്ക് കുടിശികയായ സാഹചര്യത്തിലാണ് പുതിയ ചുമതല കൂടി നല്‍കിയിരിക്കുന്നത്. പ്രവേശന പ്രക്രിയ പൂര്‍ത്തിയാകും മുന്‍പേ ധൃതിപിടിച്ച് ജൂണ്‍ ആറിന് പ്ലസ്‌വണ്‍ ക്ലാസുകളടക്കം തുടങ്ങിയെങ്കിലും ഇതുവരെ ഭാഗികമായാണ് ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ പ്രവര്‍ത്തിച്ചത്.
രണ്ടാം അലോട്ട്‌മെന്റിന് ശേഷം 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചതിനാല്‍ ഗ്രാമീണ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും ട്രാന്‍സ്ഫര്‍ നേടി മറ്റിടങ്ങളിലേക്ക് മാറിയിട്ടുണ്ട്. കുട്ടികള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോയ ചില വിദ്യാലയങ്ങളില്‍ കഴിഞ്ഞ ദിവസമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ വിദ്യാര്‍ഥികളെത്തിയത്. അപ്പോഴേക്കും അധ്യാപകര്‍ സേ പരീക്ഷാ ഡ്യൂട്ടിയിലായതിനാല്‍ ക്ലാസുണ്ടായില്ല. ഉടനെ ക്ലാസ് ആരംഭിക്കാനിരിക്കെ സേ മൂല്യനിര്‍ണയത്തിന് അധ്യാപകര്‍ പോകുന്ന സ്ഥിതിയാണ്. ഉത്തരവുകള്‍ ഇടക്കിടെ മാറ്റിയും വേണ്ടത്ര സമയം അനുവദിക്കാതെയും അധ്യാപകരെയും സമൂഹത്തെയും വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ദ്രോഹിക്കുകയാണെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുല്ലത്തീഫും ജനറല്‍ സെക്രട്ടറി ഒ. ഷൗക്കത്തലിയും കുറ്റപ്പെടുത്തി.
ഇതിനുപുറമേ ഒന്നാം വര്‍ഷത്തെ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫീസ് പിരിക്കലും അത് ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യലും സ്‌കൂളില്‍ നിന്നുതന്നെ നടത്തണം. മിക്ക സ്‌കൂളുകളിലും അധ്യയനം തന്നെ നടക്കാത്ത സാഹചര്യത്തില്‍ കുട്ടികളില്‍നിന്ന് ഫീസ് സ്വീകരിക്കല്‍ പ്രയാസകരമാണെന്ന് അധ്യാപകര്‍ പറയുന്നു. സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും ക്യാംപിലേക്ക് പോയാല്‍ സ്‌കൂളില്‍ പഠനം നടക്കില്ലെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."