സപ്ലൈക്കോയില്‍ അനധികൃത നിയമനം നടക്കുന്നതായി ആക്ഷേപം
ചേര്‍ത്തല: സപ്ലൈക്കോ സ്ഥാപനങ്ങളില്‍ അനധികൃത നിയമനം നടക്കുന്നതായി ആക്ഷേപം. റാങ്ക് ലിസ്റ്റും ഒഴിവുകളും നിലനില്‍ക്കേ താല്‍ക്കാലിക നിയമനം നടത്തി അസിസ്റ്റന്റ് സെയില്‍സ്മാന്‍ റാങ്ക് ലിസ്റ്റ് അട്ടിമറിക്കുന്നെന്ന പരാതിയുമായാണ് ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്.
തങ്ങള്‍ക്കിഷ്ടമുള്ളവരെ പിന്‍വാതിലിലൂടെ താല്‍ക്കാലിക ജീവനക്കാരായി തിരുകികയറ്റുന്നതായാണ് ആരോപണം. വിദ്യാഭ്യാസ യോഗ്യതയുള്ളവരെ പുറത്തു നിര്‍ത്തിയാണ് സപ്ലൈകോയിലെ ചില ഉദ്യോഗസ്ഥര്‍ സാമ്പത്തിക ലാഭം മുന്‍നിര്‍ത്തി താല്‍ക്കാലിക ജീവനക്കാരെ അധികമായി നിയമിക്കുന്നത്.
മുന്‍കാലങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരായി നിയമിച്ചവരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും തകൃതിയാണ്. ഭരണകക്ഷിയില്‍പ്പെട്ടവരുടെ പിന്‍ബലത്തില്‍ അനധികൃത നിയമനം നടക്കുമ്പോള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ജോലി ലഭിക്കാനുള്ള അവസരം നഷ്ടമാകുകയാണ്.
ഇതിനെതിരേ സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍. ഔട്ട്‌ലെറ്റുകളിലും, ഡിപ്പോയിലും, സബ് ഡിപ്പോയിലും,റീജിയണല്‍ ഓഫിസിലും, സപ്ലൈകോ ഹെഡ് ഓഫിസിലും, പെട്രോള്‍ പമ്പുകളിലുമായി ഇത്തരത്തില്‍ നിരവധി പേരെയാണ് നിയമിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2100 അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തിക ഉണ്ടായിരുന്നെങ്കിലും തൊട്ടടുത്ത വര്‍ഷം അത് 1688 ആക്കി നിജപ്പെടുത്തിയിരുന്നു.
ഒരോ പഞ്ചായത്തിലും രണ്ടില്‍ കൂടുതല്‍ മാവേലി സ്റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത്. പല മാവേലി സ്റ്റോറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളായി ഉയര്‍ത്തുകയും ചെയ്തു. കൂടാതെ എന്‍.എഫ്.എസ്.എ സ്ഥാപനങ്ങള്‍ പുതിയതായി തുടങ്ങി.
ഇതനുസരിച്ച് തസ്തികകളുടെ എണ്ണം 5000 ത്തിനു മുകളില്‍ വരേണ്ടതാണ്.
സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് തസ്തിക നിജപ്പെടുത്താന്‍ അധികാരികള്‍ തയാറാകാത്തതും പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
ജൂണില്‍ പ്രസിദ്ധീകരിച്ച 437 പേരുടെ മെയിന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 43 പേര്‍ക്ക് മാത്രമാണ് പി.എസ്.സി അഡൈ്വസ് മെമ്മോ അയച്ചത്. രണ്ട് വര്‍ഷം കഴിഞ്ഞ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനാല്‍ നിയമന പരിധിയോട് അടുത്തവരും ഇനിയൊരു പരീക്ഷയ്ക്ക് അവസരമില്ലാത്തവരുമാണ് ലിസ്റ്റില്‍ അധികവും.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ സപ്ലൈക്കോയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
പി.എസ്.സി ജില്ലാതലത്തില്‍ നടത്തുന്ന അസിസ്റ്റന്റ് സെയില്‍സ്മാന്‍ പരീക്ഷയ്ക്ക് സംസ്ഥാന തലത്തിലാണ് സപ്ലൈക്കോ തസ്തിക നിശ്ചയിച്ചിരിക്കുന്നത്.
ഇത് ജില്ലാ തലത്തിലേക്ക് മാറ്റിയാല്‍ ഒട്ടേറെ പേര്‍ക്ക് പ്രയോജനം ലഭിക്കും.
സപ്ലൈക്കോയിലെ പിന്‍വാതില്‍ നിയമനത്തിനെതിരേ ശക്തമായ പ്രക്ഷോഭ സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് റാങ്ക് ഹോള്‍ഡര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."