വിമാനത്താവളത്തില്‍ കനത്ത സുരക്ഷ
ആഭ്യന്തര യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാനുള്ള സമയം വര്‍ധിപ്പിച്ചു
നെടുമ്പാശ്ശേരി: തീവ്രവാദ ആക്രമണ ഭീഷണികളുടെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആഭ്യന്തര യാത്രക്കാരുടെ വന്‍ തിരക്കാണ് വിമാനത്താവളത്തിലുള്ളത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശ പ്രകാരം പരിശോധനകള്‍ അതീവ കര്‍ശനമാക്കിയതോടെ സുരക്ഷാ പരിശോധനക്ക് ഇപ്പോള്‍ കൂടുതല്‍ സമയം ആവശ്യമായി വരുന്നുണ്ട്. ഇതേതുടര്‍ന്ന് ആഭ്യന്തര യാത്രക്കാര്‍ക്ക് നാളെ മുതല്‍ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് മുതല്‍ ചെക്ക് ഇന്‍ ചെയ്യാനുള്ള സൗകര്യവും സിയാല്‍ ഏര്‍പ്പെടുത്തി.
പ്രതിദിനം മുപ്പതിനായിരത്തോളം പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. സാധാരണയായി ആഭ്യന്തര ചെക്ക് ഇന്‍ കൗണ്ടറുകള്‍ വിമാനം പുറപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് മാത്രമാണ് പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. ഇതിലും നേരത്തെ എത്തുന്നവരെ സി.ഐ.എസ്.എഫ് ചെക്ക് ഇന്‍ മേഖലകളിലേക്ക് കടത്തിവിടാറില്ല. എന്നാല്‍ ഇപ്പോള്‍ പരിശോധനകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ വന്‍ തിരക്കാണ് ചെക്ക് ഇന്‍ മേഖലയില്‍ അനുഭവപ്പെടുന്നത്. പലപ്പോഴും അവസാന നിമിഷം എത്തുന്നവര്‍ക്ക് ഗേറ്റുകളിലേക്ക് പ്രവേശിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്.
ഈ സാഹചര്യം കണക്കിലെടുത്താണ് ചെക്ക് ഇന്‍ കൗണ്ടറുകള്‍ നേരത്തെ തുറക്കാന്‍ സിയാല്‍ എയര്‍ലൈനുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. രാജ്യാന്തര യാത്രക്കാര്‍ക്ക് നിലവില്‍ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് തന്നെ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്ന സ്ഥിതി തുടരും. കൊച്ചിയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഐ.എസ് തീവ്രവാദികള്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിട്ടുള്ളതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംസ്ഥാന പൊലിസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഷോപ്പിങ് മാളുകളും വിമാനത്താവളവും അടക്കമുള്ള സ്ഥലങ്ങളാണ് ഐ.എസ് ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."