നെടുമ്പാശ്ശേരിയില്‍ ഒരു വര്‍ഷത്തിനിടെ പിടികൂടിയത് 167 കിലോ സ്വര്‍ണം
നെടുമ്പാശ്ശേരി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിക്കവേ പിടികൂടിയത് 167 കിലോഗ്രാം സ്വര്‍ണം. 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും സ്വര്‍ണം പിടികൂടിയത്. ഇതിന് 50 കോടിയോളം രൂപ വിലവരും. ഈ കാലയളവില്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 11 കോടി രൂപയുടെ വിദേശ കറന്‍സികളും 1.68 കോടി ഇന്ത്യന്‍ രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
കൂടാതെ നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച വന്‍തോതിലുള്ള വിദേശ സിഗരറ്റുകളും കസ്റ്റംസ് വിഭാഗം പിടികൂടി. വിദേശ രാജ്യങ്ങളില്‍നിന്ന് സ്വര്‍ണം വാങ്ങി അനധികൃതമായി ഇന്ത്യയിലേക്ക് കടത്താനാണ് പ്രധാനമായും വിദേശ കറന്‍സികള്‍ വിമാനത്താവളങ്ങളിലെ സുരക്ഷാ വിഭാഗങ്ങളുടെ കണ്ണുവെട്ടിച്ച് ഗള്‍ഫ് നാടുകളിലേക്ക് കൊണ്ടുപോകുന്നത്.
വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രത്യേക ഏജന്റുമാര്‍ വഴിയാണ് നിയമ വിരുദ്ധമായി വിദേശ കറന്‍സികള്‍ ശേഖരിക്കുന്നത്. നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ കൈവശമുണ്ടാകുന്ന വിദേശ കറന്‍സികള്‍ 'ഫോറിന്‍ മണി എക്‌സ്‌ചേഞ്ച് ' സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്നതില്‍ കൂടുതല്‍ തുക നല്‍കി ഇവര്‍ ശേഖരിക്കും. 2018-19 സാമ്പത്തിക വര്‍ഷം ആകെ 417 കിലോഗ്രാം സ്വര്‍ണമാണ് സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നായി പിടികൂടിയത്. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണവേട്ട നടന്നത് കരിപ്പൂര്‍ വിമാനത്താവളത്തിലാണ്. 199 കിലോഗ്രാം സ്വര്‍ണം ഇവിടെനിന്ന് പിടിച്ചെടുത്തു.
തിരുവനന്തപുരത്ത് 48 കിലോഗ്രാമും കണ്ണൂരില്‍ 3.5 കിലോഗ്രാമും സ്വര്‍ണമാണ് പിടികൂടിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയിലേറെ വര്‍ധനവാണ് സ്വര്‍ണക്കടത്ത് പിടികൂടുന്നതില്‍ ഉണ്ടായിരിക്കുന്നത്. 2017-18ല്‍ നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നായി 103.5 കിലോഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."