ബൈക്ക് യാത്രികരായ നവദമ്പതികള്‍ക്ക് ദാരുണാന്ത്യം
പള്ളിക്കല്‍ (മലപ്പുറം) : കോഴിക്കോട് - മലപ്പുറം ജില്ലാ അതിര്‍ത്തിക്കടുത്ത് ദേശീയപാതയിലെ ചേലേമ്പ്രയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ നവദമ്പതികള്‍ക്ക് ദാരുണാന്ത്യം. പെരുവള്ളൂര്‍ തോട്ടശ്ശേരിയറ ചേലക്കോട്ട് സ്വദേശി കണിത്തൊടിക മുഹമ്മദിന്റെ മകന്‍ സലാഹുദ്ദീന്‍( 25), ഭാര്യ ചേലേമ്പ്ര ഇളന്നുമ്മല്‍ കുറ്റിയില്‍ നാസറിന്റെ മകള്‍ ഫാത്തിമ ജുമാന (19) എന്നിവരാണ് മരിച്ചത്.
സൗദിയില്‍ നിന്ന് ഒരു മാസം മുന്‍പാണ് സലാഹുദ്ദീന്‍ നാട്ടിലെത്തിയത്. കഴിഞ്ഞ അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. വിവാഹ സല്‍ക്കാരത്തിനായി ഫറോക്ക് പേട്ടയിലെ കുടുംബ വീട്ടിലേക്ക് പോകും വഴി ഇന്നലെ രാവിലെ പത്തോടെ ദേശീയപാതയില്‍ ഇടിമുഴിക്കല്‍ അങ്ങാടിക്കും സ്പിന്നിങ് മില്ലിനുമിടയില്‍ വച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് അപകടത്തില്‍പ്പെട്ടത്. എതിരേ നിന്ന് വേഗതയിലെത്തിയ ടാങ്കര്‍ ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട ബൈക്ക് ടാങ്കറിനടിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃസാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം. ടാങ്കറിന്റെ പിന്നിലെ ടയര്‍ ദേഹത്ത് കൂടി കയറിയങ്ങി സലാഹുദ്ദീന്‍ തല്‍ക്ഷണം മരിച്ചു. ഗുരുതര പരുക്കേറ്റ് ആംബുലന്‍സ് എത്തും വരെ ഏറെ നേരം റോഡില്‍ കിടന്ന ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.
വേങ്ങര മലബാര്‍ കോളജ് പ്രഥമ യൂനിയന്‍ ചെയര്‍മാനായിരുന്ന സലാഹുദ്ദീന്‍ ദീനീ പ്രവര്‍ത്തന രംഗത്തും സാമൂഹിക - രാഷ്ട്രീയ സംഘടനാ രംഗത്തും നിറസാന്നിധ്യമായിരുന്നു. ശരീഫ പുത്തലത്ത് ആണ് സലാഹുദ്ദീന്റെ മാതാവ്. സഹോദരങ്ങള്‍: സിറാജുദ്ദീന്‍, ദില്‍ഷാദ്, സമ്മാസ്. ഷഹര്‍ബാനുവാണ് ജുമാനയുടെ മാതാവ്. സഹോദരങ്ങള്‍: സല്‍മനുല്‍ ഫാരിസ്, മുഹമ്മദ് ആദില്‍. ഖബറടക്കം ഇന്ന് ഉച്ചക്ക് രണ്ടിന് നടുമ്പറമ്പ് ജുമാമസ്ജിദില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."