വകുപ്പിനെച്ചൊല്ലി തര്‍ക്കം രൂക്ഷം; നിതീഷിന്റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍
പട്‌ന: വകുപ്പ് വിഭജനത്തെച്ചൊല്ലി എന്‍.ഡി.എയില്‍ ഉടലെടുത്ത തര്‍ക്കംമൂലം ബിഹാറില്‍ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. നിതീഷ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നായിരുന്നു നേരത്തെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, മുഖ്യമന്ത്രിപദം സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ല. ഉപമുഖ്യമന്ത്രിയുടെ കാര്യത്തിലും തര്‍ക്കം തുടരുകയാണ്. ഇതിനൊടുവില്‍ ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം ഇടപെട്ട് പരിഹാരശ്രമം നടത്തിവരികയാണ്. തര്‍ക്കം പരിഹരിക്കുന്നതിനായി ഇന്ന് എന്‍.ഡി.എ യോഗം ചേരുന്നുണ്ട്. യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പങ്കെടുക്കും.
തിങ്കളാഴ്ച പുറത്തുവന്ന ഫലം അനുസരിച്ച് എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മുഖ്യമന്ത്രിപദത്തിന് കാര്യമായി വിലപേശല്‍ നടത്താതെ പദവി നിതീഷിന് വിട്ടുകൊടുത്തിരിക്കുകയാണ് ബി.ജെ.പി. എന്നാല്‍, ആഭ്യന്തരം, ധനം, വിദ്യാഭ്യാസം എന്നീ സുപ്രധാനവകുപ്പുകളും ഉപമുഖ്യമന്ത്രി, സ്പീക്കര്‍ പദവികളും ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി ആവശ്യങ്ങള്‍ അംഗീകരിച്ച് പാവ മുഖ്യമന്ത്രിയായി തുടരേണ്ടതില്ലെന്ന വികാരം നിതീഷിനും ജെ.ഡി.യുവിനും ഉണ്ട്.
ഉപമുഖ്യമന്ത്രി പദവിയും ധനവകുപ്പും സുശീല്‍ കുമാര്‍ മോദിക്ക് നല്‍കാന്‍ നീക്കം നടന്നെങ്കിലും നിലവില്‍ കാമേശ്വര്‍ ചൗപാലിന്റെ പേരാണ് ആലോചനയില്‍. ആയോധ്യാകേസില്‍ സജീവമായ കാമേശ്വര്‍ വരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ക്കും താല്‍പര്യമുണ്ട്. നേരത്തെ ഉപമുഖ്യമന്ത്രിയായതിനാല്‍ ഇനിയും സുശീല്‍ കുമാര്‍ വേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ പൊതുവായ നിലപാട്.
വി.ഐ.പി, എച്ച്.എ.എം കക്ഷികളെ അടര്‍ത്തിയെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമാന്തരനീക്കം മഹാസഖ്യവും നടത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. എച്ച്.എ.എമ്മിന്റെ ജിതന്‍ റാം മാഞ്ചിക്ക് ബി.ജെ.പി ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തതിനാല്‍ മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള വിലപേശലില്‍ നിന്ന് പാര്‍ട്ടി പിറകോട്ട് പോയതായാണ് സൂചന. അതേസമയം, കാലാവധി കഴിയുന്നതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നിതീഷ്‌കുമാര്‍ രാജിവച്ചിട്ടുണ്ട്. രാജിക്കത്ത് ഗവര്‍ണര്‍ ഫഗു ചൗഹാന്‍ സ്വീകരിക്കുകയും പുതിയ മുഖ്യമന്ത്രി വരുന്നതുവരെ പദവിയില്‍ തുടരാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."