2024ലെ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി ബി.ജെ.പി
ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പി ഒരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ 100 ദിന യാത്ര നടത്തും. പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കുകയാണ് ലക്ഷ്യം. ഓരോ സംസ്ഥാനത്തും നിശ്ചിതദിവസം ചെലവഴിക്കുന്ന വിധത്തിലാണ് 'രാഷ്ട്രീയ വിസ്ത്രിത് പ്രവാസ്' എന്ന പേരിലുള്ള യാത്രയുടെ ഷെഡ്യൂള്‍ തയാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ നിലവിലെ അവസ്ഥ, പ്രാദേശികതലത്തില്‍ സാധ്യമാവുന്ന സഖ്യം, ഭരണത്തിലുള്ള സംസ്ഥാനമാണെങ്കില്‍ സര്‍ക്കാര്‍വിരുദ്ധ വികാരം മറികടക്കല്‍, അതതു സംസ്ഥാനങ്ങളിലെ സ്വാധീന ശക്തിയായ നേതാക്കളെയും വിഭാഗങ്ങളെയും കാണല്‍ തുടങ്ങിയവയാണ് യാത്രയുടെ കാര്യപരിപാടി.
സംസ്ഥാനങ്ങളെ എ, ബി, സി, ഡി എന്നീ വിഭാഗങ്ങളാക്കി തിരിച്ചാവും യാത്ര ആസൂത്രണം ചെയ്യുക. സഖ്യകക്ഷികളുമൊത്ത് ഭരണം നടത്തുന്ന കര്‍ണാടക, ത്രിപുര, ബിഹാര്‍, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് എ വിഭാഗത്തില്‍. രാജസ്ഥാന്‍, മഹാരാഷ്ട്ര, പഞ്ചാബ് പോലെ ഭരണത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളാണ് ബി വിഭാഗത്തില്‍. മിസോറം, മേഘാലയ പോലുള്ള ചെറിയ സംസ്ഥാനങ്ങളാണ് സി വിഭാഗത്തിലുള്ളത്. കേരളം, പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട് എന്നീ തെരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനങ്ങളാണ് ഡിയിലുള്ളത്. കൊവിഡ് കാലമായതിനാല്‍ 200 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നവിധത്തിലുള്ള പരിപാടികളും വലിയ ഹാളുകളും ഒഴിവാക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. നിലവില്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തിലാണ് പാര്‍ട്ടി. വിജയിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാത്തതിന്റെ അസംതൃപ്തി കേന്ദ്ര നേതൃത്വത്തിനുണ്ട്.
അതേസമയം, മമതാ ബാനര്‍ജിയുടെ പശ്ചിമബംഗാളും ഇടതുപക്ഷം ഭരിക്കുന്ന കേരളവുമാണ് ബി.ജെ.പി ഏറ്റവുമധികം നോട്ടമിട്ടിരിക്കുന്ന സംസ്ഥാനങ്ങള്‍. കേരളത്തില്‍ വിദൂര സാധ്യതപോലുമില്ലാത്തതിനാല്‍ ബംഗാളില്‍ ഏതുവിധേനയും അധികാരത്തിലെത്താനുള്ള പദ്ധതികളാണ് ബി.ജെ.പി ആസൂതണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി നേതൃനിരയില്‍ അഴിച്ചുപണിയും നടന്നുവരികയാണ്. ബംഗാളിലെ ബി.ജെ.പി ഐ.ടി സെല്‍ മേധാവിയായി അമിത് മാളവ്യയെ നിയമിച്ചു. വ്യാജ വാര്‍ത്തകളും വര്‍ഗീയ പരാമര്‍ശങ്ങളും സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച് പലപ്പോഴും വിവാദത്തില്‍പ്പെട്ടയാളാണ് അമിത് മാളവ്യ. ഇതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അസമിന്റെ ചുമതല ബൈജയന്ത് ജയ് പാണ്ഡയ്ക്കും നല്‍കി. ആഭ്യന്തരമന്ത്രി അമിത്ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുരളീധര്‍ റാവുവിനാണ് മധ്യപ്രദേശിന്റെ ചുമതല. അടുത്ത വര്‍ഷം ഏപ്രില്‍-മെയില്‍ മാസത്തിലാകും കേരളത്തിനൊപ്പം ബംഗാളിലും തെരഞ്ഞെടുപ്പ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."