കൈക്കൂലി: എ.എസ്.ഐ വിജിലന്‍സ് പിടിയില്‍
പുല്‍പ്പള്ളി: കൈക്കൂലി വാങ്ങിയ സംഭവത്തില്‍ എ.എസ്.ഐയെ വിജിലന്‍സ് പിടികൂടി. പുല്‍പ്പള്ളി പൊലിസ് സര്‍ക്കിള്‍ ഓഫിസിലെ എ.എസ്.ഐ അമ്പലവയല്‍ ആയിരംകൊല്ലി സ്വദേശി റെജി ജെയിംസി(51)നെയാണ് ഇന്നലെ ഉച്ചയോടെ പുല്‍പ്പള്ളിയിലെ പോസ്റ്റോഫിസിനു സമീപത്തുനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ പിടികൂടിയത്. എ.എസ്.ഐയെ മീനങ്ങാടി വിജിലന്‍സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ആനപ്പാറ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒരു യുവാവിനൊപ്പം ഒളിച്ചോടിയെന്ന കേസിനെ തുടര്‍ന്നാണ് ഇയാള്‍ യുവാവിന്റെ ബന്ധുക്കളില്‍ നിന്ന് 10,000 രൂപ ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയെ കൊണ്ടുപോയ യുവാവ് ഗൂഡല്ലൂരിലുള്ള ബന്ധുവീട്ടില്‍ രണ്ടുദിവസം താമസിപ്പിച്ചിരുന്നു. ഏപ്രില്‍ 27നാണ് പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം ഒളിച്ചോടിയത്. സംഭവസമയത്ത് പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കളെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ 10,000 രൂപ ആവശ്യപ്പെട്ടത്.
വിവരം നല്‍കിയതിനെ തുടര്‍ന്ന് വിജിലന്‍സ് മാര്‍ക്ക് ചെയ്ത നോട്ടുകള്‍ യുവാവിന്റെ ബന്ധുക്കളില്‍ നിന്ന് എ.എസ്.ഐ വാങ്ങുമ്പോഴാണ് പിടിയിലായത്. പ്രതിയെ തലശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. ഡിവൈ.എസ്.പി കെ.ജി മാര്‍ക്കോസ്, ഇന്‍സ്പെക്ടര്‍ ഷാജി വര്‍ഗീസ്, സാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."