കനാല്‍ തകര്‍ന്നു; പ്രതിസന്ധിയിലായി കര്‍ഷകര്‍
എരുമപ്പെട്ടി: മങ്ങാട് തൊറയന്‍ പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്ന കനാല്‍ പ്രളയത്തില്‍ തകര്‍ന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.
മുട്ടിക്കല്‍ പുഴയിലെ മൂന്നൂറ്റാംകുഴി ചിറയില്‍ നിന്നും മങ്ങാട് നെല്ലുവായ് പ്രദേശങ്ങളിലെ പാടശേഖരത്തിലേയ്ക്ക് വെള്ളമെത്തിക്കുന്ന കനാലാണ് വെള്ളപൊക്കത്തില്‍ തകര്‍ന്നത്.
മങ്ങാട് തോട്ടുപാലം പ്രദേശത്ത് ഏകദേശം ഏഴ് മീറ്റര്‍ നീളത്തിലാണ് കനാലിന്റെ കോണ്‍ഗ്രീറ്റ് ഭിത്തി തകര്‍ന്നിട്ടുള്ളത്. വെള്ളം ഇതിലൂടെ പുറത്തേക്ക് ഒഴുകി പോകുന്നതിനാല്‍ പാടശേഖരങ്ങളിലേക്ക് വെള്ളമെത്താത്ത അവസ്ഥയാണുള്ളത്.
തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കനാലിന്റെ തകര്‍ന്ന ഭാഗം മണല്‍ചാക്കുകള്‍ ഉപയോഗിച്ച് താല്‍ക്കാലികമായി അടയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് പൂര്‍ണ്ണമായും ഫലപ്രദമല്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇതിന് പുറമെ കനാലില്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ വന്‍തോതില്‍ തള്ളുന്നതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കനാല്‍ തകര്‍ന്നതിനാല്‍ 25 ഹെക്ടറിലധികം വരുന്ന നെല്‍വയലുകളില്‍ കൃഷി ഇറക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള കനാല്‍ പുനര്‍ നിര്‍മിക്കാന്‍ ഉടന്‍ നടപടി കൈകൊള്ളണമെന്ന് പാടശേഖര സമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."