കര്‍ണാടകയില്‍ ജെ.ഡി.എസുമായുള്ള സഖ്യം തിരിച്ചടിയായി: വീരപ്പമൊയ്‌ലി
ബംഗളൂരു: ഇഷ്ടമുണ്ടായിട്ടല്ല കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതെന്ന ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ നടത്തിയ പരാമര്‍ശത്തിന് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ വീരപ്പമൊയ്‌ലി.
ജെ.ഡി.എസുമായി സഖ്യം സ്ഥാപിച്ചത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണുണ്ടാക്കിയതെന്നും മൊയ്‌ലി വ്യക്തിമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിച്ചിരുന്നുവെങ്കില്‍ കര്‍ണാടകയില്‍ ഏറ്റവും ചുരുങ്ങിയത് 16 സീറ്റെങ്കിലും കിട്ടുമായിരുന്നു. സഖ്യകക്ഷിയെ വിശ്വസിച്ചതാണ് കോണ്‍ഗ്രസിനേറ്റ ഏറ്റവും വലിയ പരാജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഖ്യമുണ്ടായിരുന്നില്ലെങ്കില്‍ നൂറ് ശതമാനവും കോണ്‍ഗ്രസിന് നല്ല വിജയം ഉണ്ടാകുമായിരുന്നു. ചിക്ബല്ലാപൂരില്‍ നിന്ന് താന്‍ മത്സരിച്ചത് ജെ.ഡി.എസിന്റെ സഹായത്തോടെയല്ലെന്നും വീരപ്പമൊയ്‌ലി പറഞ്ഞു. സഖ്യമുണ്ടാക്കാത്തതിന് കോണ്‍ഗ്രസില്‍ നിന്നുതന്നെ തനിക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സഖ്യമില്ലാതിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ശക്തമായ വിജയം ഉണ്ടാകുമായിരുന്നു. ചിക്‌ബെല്ലാപൂരില്‍ മൊയ്‌ലിയെ പരാജയപ്പെടുത്തിയത് ബി.എന്‍ ബച്ചെ ഗൗഡയായിരുന്നു. ചിക്‌ബെല്ലാപൂരില്‍ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിലെ ജനങ്ങളോടുള്ള തന്റെ വിശ്വാസം നഷ്ടപ്പെടില്ല.വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടാമോ എന്ന കാര്യത്തില്‍ തനിക്ക് ഒരുറപ്പുമില്ല. മത്സരിക്കണമെന്ന് ആഗ്രഹവുമില്ല. എന്നാല്‍ ജനങ്ങളോടുള്ള സ്‌നേഹവും വിശ്വാസവും തുടരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടതില്ലെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.
കോണ്‍ഗ്രസിനെ അടിത്തട്ടില്‍ നിന്നുതന്നെ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. കഠിനമായ ചില പരീക്ഷണങ്ങളെയാണ് നേരിട്ടത്. ഇത്തരത്തിലുള്ള ഒരു തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പാര്‍ട്ടിയെ പുനഃസംഘടിപ്പിച്ച് വീണ്ടും കരുത്തുറ്റതാക്കുമെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."