പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഒറ്റത്തവണയായി നല്‍കണം: കെ.എസ്.എസ്.പി.യു
തിരുവനന്തപുരം: പ്രായമേറിയ പെന്‍ഷന്‍കാര്‍ നിത്യേന മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ യഥാവസരം നല്‍കേണ്ടത് സാമാന്യ നീതി മാത്രമാണെന്നും പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ അവശേഷിക്കുന്ന 3 ഗഡുക്കള്‍ ഒറ്റത്തവണയായി ഉടന്‍ നല്‍കണമെന്നും ജി.ശിവരാജന്‍ നഗറില്‍ (നിശാഗന്ധി ഓഡിറ്റോറിയം) ചേരുന്ന കേരളാ സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ (കെ.എസ്.എസ്.പി.യു.) രജതജൂബിലി സമ്മേളനം ആവശ്യപ്പെട്ടു.
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്നും, ജീവനക്കാര്‍ക്ക് നല്‍കിയ തോതില്‍ 2000 രൂപ മിനിമം ആനുകൂല്യം സര്‍വിസ് പെന്‍ഷന്‍കാര്‍ക്കും അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംഘടനയുമായി ചര്‍ച്ച ചെയ്ത് പ്രത്യേക ചികിത്സാ പദ്ധതി അടിയന്തിരമായി നടപ്പാക്കുക, കേന്ദ്ര സര്‍ക്കാരും മറ്റു സംസ്ഥാന സര്‍ക്കാരുകളും അനുവദിച്ചതുപോലെ കേരളത്തിലെ പ്രായമേറിയ സര്‍വിസ് പെന്‍ഷന്‍കാര്‍ക്ക് അധിക പെന്‍ഷന്‍ അനുവദിക്കുക, പി.എഫ്.ആര്‍.ഡി.എ നിയമം റദ്ദാക്കുക, യു.ജി.സി.എ.ഐ.സി.ടി.ഇ, മെഡിക്കല്‍ എഡ്യൂക്കേഷന്‍ പെന്‍ഷന്‍കാര്‍ക്ക് പരിഷ്‌കരണാനുകൂല്യം ഉടന്‍ ലഭ്യമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുക, എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍കാര്‍ക്ക് മറ്റു പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി സ്റ്റേജ് ആനുകൂല്യത്തോടെ നടപ്പാക്കുക, പൂര്‍ണപെന്‍ഷന്‍ ലഭിക്കുന്നതിന് 25 വര്‍ഷം മതിയെന്ന ശമ്പള കമ്മിഷന്‍ ശുപാര്‍ശ അംഗീകരിക്കുക എന്നി ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സംസ്ഥാന പ്രസിഡന്റ് എന്‍.സദാശിവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആര്‍.രഘുനാഥന്‍ നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും സംഘടനാ റിപ്പോര്‍ട്ടും ട്രഷറര്‍ ജി.പത്മനാഭപിള്ള കണക്കും അവതരിപ്പിച്ചു.
സംഘടന രൂപംകൊണ്ട കാലം മുതല്‍ വിവിധ ഘട്ടങ്ങളില്‍ സംഘടനയെ നയിച്ച ഭാരവാഹികളെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. സ്ഥാപക പ്രസിഡന്റ് പി.ചിത്രന്‍ നമ്പൂതിരിപ്പാട്, ബി.മുത്തുസ്വാമിപിള്ള, സി.പി.നാരായണന്‍ നമ്പ്യാര്‍, ആര്‍.ഭാസ്‌ക്കരന്‍ നായര്‍, ടി.എന്‍.വിജയാദേവി, പി.ജി.കൃഷ്ണന്‍ നായര്‍, കെ.കരുണാകരന്‍ അടിയോടി, ബി.ജി.എല്‍ബി, എ.ഗംഗാധരന്‍ നായര്‍, എന്‍.നളിനമ്മ, കെ.സുബ്രഹ്മണ്യന്‍, ആര്‍.വി.രാജന്‍, പി.രാജന്‍, റ്റി.ഇന്ദിരാദേവി, നരിക്കല്‍ ഭാസി, ബി.സുമംഗല, വി.വി.കൃഷ്ണന്‍ മാസ്റ്റര്‍, പി.സൗദാമിനി, എം.പി.ജയപ്രകാശന്‍, ടി.എന്‍.ഗോപാലകൃഷ്ണന്‍ നായര്‍, എ.ആര്‍.വിലാസിനി, എം.ആര്‍.ജി.കുറുപ്പ്, ഇ.എന്‍.ദേവകി അമ്മ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."