സ്രാമ്പി ച മരിച്ചു പോയ കൃഷിയിടങ്ങളില്‍ വിശ്വാസം ബാക്കി വെച്ചത്
തോടിനും സ്‌കൂളിനുമിടക്ക് തെല്ലൊരറ്റത്തേക്ക് മാറി, സ്ഥൂലവും ജീര്‍ണ്ണവുമായൊരു പള്ളി കയ്യും കാലും കുത്തി നില്‍ക്കുന്നു. തോടിനക്കരെ പാടങ്ങളാണ്. ഒരു താമരക്കുളം. വീണ്ടും പരന്ന പാടങ്ങള്‍. അതിനപ്പുറത്ത് സന്ധ്യയുടെ സിന്ദൂരക്കുറി.' (ഖസാക്കിന്റെ ഇതിഹാസം- ഒ.വി വിജയന്‍)
പാടശേഖരങ്ങള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവയോട് ചേര്‍ത്ത് നിര്‍മിക്കപ്പെട്ടിരുന്ന കൊച്ചു പള്ളികളെയാണ് പൊതുവേ സ്രാമ്പി എന്ന് വിളിക്കുന്നത്. മലബാറിലെ മുസ്‌ലിം കര്‍ഷകരാണ് ഇതിന്റെ നിര്‍മാതാക്കള്‍. ചിലവ് കുറഞ്ഞ രീതിയില്‍ നാലു കാലില്‍ കെട്ടി ഉയര്‍ത്തി പുല്ലോ ഓലയോ ഓടോ മേഞ്ഞ് നിര്‍മിക്കപ്പെട്ട ഇവ വയലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിസ്‌കാരത്തിനും ചെറിയ വിശ്രമത്തിനും വേണ്ടിയാണ് ഉപയോഗിക്കപ്പെട്ടത്.
അരീക്കോട് ഐ.ടി.ഐ പരിസരത്ത് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള നാലാള്‍ക്ക് മാത്രം നിസ്‌കരിക്കാവുന്ന ഇത്തരത്തിലുള്ള ഒരു സ്രാമ്പി ഇന്നുമുണ്ട്. തെങ്ങിന്‍ മരത്തടി കൊണ്ടാണിതിന്റെ ഏതാണ്ടെല്ലാ ഭാഗവും നിര്‍മിച്ചിരിക്കുന്നത്. നിസ്‌കരിക്കാന്‍ വേണ്ടി വയലേലകളുടെ അടുത്ത് കഴുകിശുദ്ധിയാക്കി നിര്‍ത്തിയിരുന്ന നിസ്‌കാരകല്ലുകളും നിസ്‌കാരപ്പാറകളുമാണ് മിക്കയിടങ്ങളിലേയും സ്രാമ്പികളുടെ ആദ്യകാലം. എന്നാല്‍ പുഴക്കരകളിലും പാറപ്പുറങ്ങളില്‍ മഴക്കാലത്ത് മാത്രം രൂപപ്പെടുന്ന വെള്ളകെട്ടുകളോട് ചേര്‍ന്ന് നാട്ടിന്‍പുറങ്ങളിലും മറ്റുംനിര്‍മിക്കപ്പെട്ട ചെറിയ പള്ളികളേയും പില്‍കാലത്ത് ഈ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ചിരട്ടയില്‍ തുളയുണ്ടാക്കി കോല്‍കുത്തി ഭൂമിയിലേക്ക് കുഴിച്ചുണ്ടാക്കിയ ഹൗളില്‍ നിന്നായിരുന്നു വെള്ളക്ഷാമമുള്ള സമയങ്ങളില്‍ ഇവിടെ വുളൂ (അംഗശുദ്ധി) എടുത്തിരുന്നത്. വെള്ളം മുക്കുന്ന ഈ ഉപകരണം 'ഒയങ്ങ്'എന്നാണ് അറിയപ്പെടുന്നത്. അതേസമയം മലബാറിന്റെ പല ഭാഗങ്ങളിലും വലുപ്പത്തില്‍ താരതമ്യേന ചെറിയ ഓട് മേഞ്ഞ എല്ലാ പള്ളികളേയും സ്രാമ്പി എന്ന് വിളിക്കുന്ന രീതിയും നിലനില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ കുളത്തിങ്ങല്‍ പള്ളി, തോട്ടുങ്ങല്‍ പള്ളി എന്നീ വിളിപ്പേരുകളിലെ വകഭേദങ്ങളും ഇതിനുണ്ട്. സ്രാമ്പി അല്ലെങ്കില്‍ സ്രാമ്പ്യ എന്ന പദത്തിന്റെ ഉല്‍പത്തിയും പരിണാമവും തേടിയിറങ്ങിയവര്‍ 'ചെറിയ ആരധനാലയം'എന്ന അര്‍ഥമുള്ള അറബ് ഭാഷയിലെ 'സാവിയ' എന്ന പദം ലോപിച്ചുണ്ടായതാവും എന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്.
ആശ്രയ തീരം
ഒരു കാലത്ത് ഏതാണ്ടെല്ലാ ഗ്രാമങ്ങളിലും ഇത്തരം പള്ളികള്‍ വളരെ സജീവമായിരുന്നു. നേരം ഇരുട്ടിയാല്‍ കത്തിതുടങ്ങുന്ന ശരറാന്തലുകളുടെ അരണ്ട വെളിച്ചത്തില്‍ പാടം കടന്ന് ഈറനണിഞെത്തുന്ന ഇളം കാറ്റും കൊണ്ട് മൗലിദുകളും റാത്തിബുകളും ഉറക്കെ ചൊല്ലി പാതിരയാവോളം പലപ്പോഴും സ്രാമ്പികള്‍ ഉണര്‍ന്നിരുന്നു. മിക്ക സ്രാമ്പികളിലും വിള കൊയ്ത്തുകാലത്തും മീന്‍ പിടുത്തകാലത്തും പ്രത്യേകം മൗലിദുകളും അനുബന്ധപരിപാടികളും ചീരണി വിതരണവും വരെ നടന്നിരുന്നു. റമളാനില്‍ ഉറുദികളും തറാവീഹും ഒക്കെയായും നിറഞ്ഞുതന്നെ നില്‍ക്കുമായിരുന്ന സ്രാമ്പികളില്‍ ചിലതിനോട് ചാരി ചായ്പ്പ് കെട്ടി ഓത്ത് പള്ളിക്കൂടങ്ങള്‍ വരെ ഉണ്ടായിരുന്നുവെന്ന് പഴമക്കാര്‍ ഓര്‍ത്തുപറയുന്നു. പല പ്രദേശങ്ങളിലേയും അങ്ങാടികളും ജീവിത ക്രമങ്ങളും രൂപപ്പെട്ടത് പൊലും ഇവയെ ചുറ്റിപ്പറ്റിയാണ്. ചില നാടുകളുടെ പേരുകള്‍ പോലും പില്‍ക്കാലത്ത് സ്രാമ്പ്യകളുടേതായിട്ടുണ്ട്. സ്രാമ്പിക്കല്‍, സ്രാമ്പി, സ്രാമ്പിയോട് ഇവയെല്ലാം ഉദാഹരണം. കൃഷിയേയും ആവാസ വ്യവസ്ഥയേയും സ്‌നേഹിച്ചിരുന്ന കര്‍ഷകര്‍ മാത്രമല്ല, ദൂരയാത്രപോകുന്നവരും തോണിക്കാരുമെല്ലാം വിശ്രമിക്കാനൊരു ഇടമായി ഇതിനെ കണ്ടിരുന്നു. മലപ്പുറം ചെറുവാടിയില്‍ ചാലിയാറിന്റെ തീരത്ത് ഇന്നുമുള്ള സ്രാമ്പി ഇത്തരത്തില്‍ ആശ്രയിക്കപ്പെട്ടിരുന്നവയില്‍ പെട്ടതാണ്.
സ്രാമ്പിയുടെ വാസ്തുവിദ്യ
ഒരു ചെറിയ അകത്തെ പള്ളിയും നന്നേ ചെറിയ ഒരു കോലായയുമാണ് സ്രാമ്പികളുടെ പൊതുവേയുള്ള രൂപം. എന്നാല്‍ അവയില്‍ ചിലതെല്ലാം പൊന്നാനി പള്ളിയുടെ രൂപമണിയാനായി ശ്രമിച്ചതും ശ്രദ്ധിച്ച് നോക്കിയാല്‍ കാണാനാവും. അതേസമയം കാര്‍ഷികവൃത്തികള്‍ ഒരു തലമുറയെ എതൃമാത്രം ആവേശിച്ചിരുന്നുവെന്ന് നിര്‍മിതികളില്‍ നിന്ന് തന്നെ വായിച്ചെടുക്കാനാവും വിധമാണ് പല സ്രാമ്പികളും രൂപ കല്‍പ്പന ചെയ്തിരിക്കുന്നതും കൊത്തുപണികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നതും. ഒന്നേകാല്‍ നൂറ്റാണ്ടോളം പഴക്കമുള്ള പുഴക്കാട്ടിരിയിലെ തോട്ടുങ്ങല്‍ പള്ളി എന്ന് വിളിക്കപ്പെടുന്ന സ്രാമ്പി ഇതിന്റെ ഇനിയും മങ്ങാത്ത കാഴ്ചയാണ്. സ്രാമ്പിയുടെ മേല്‍ കൂട്ടില്‍ മുന്‍ഭാഗത്തേക്ക് ഉന്തി നില്‍ക്കുന്ന ഭാഗത്ത് മരംകൊണ്ട് കടഞ്ഞുണ്ടാക്കിയ ചക്കയും പറങ്കിമാങ്ങയും ചുരക്കയും ഒരു തലമുറയുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളെ ഇപ്പോഴും കാത്തുവയ്ക്കുന്നുണ്ട്.
പ്രകൃതിയുടെ താളങ്ങളില്‍ മുങ്ങിനിവര്‍ന്ന് ചമയങ്ങളുടെ ചാരുതകളൊന്നുമില്ലാത്ത ദര്‍വ്വീശുകളെ പോലെ ജീവിച്ച ഒരു തലമുറയുടെ ഏകാന്തതകളിലുണര്‍ന്ന കാല്‍പനിക ബോധം പോലും ഇത്തരം സ്രാമ്പികളുടെ ചുമരുകളില്‍ നിന്ന് വായിച്ചെടുക്കാനാവും എന്നതാണ് അനുഭവം. കാലപ്പഴക്കത്തിന്റെ ക്ലാവ് വീണ ഇത്തരത്തിലുള്ള ഒരുപാട് കവിതകള്‍ കോഴിക്കോട് കടമേരിക്കടുത്തുള്ള ഒരു സ്രാമ്പിയുടെ ചുമരില്‍ കാണാമായിരുന്നു. മലബാറിലെ പല സ്രാമ്പികളുടേയും ചുമരുകളിലും മരങ്ങളിലും അറബിമലയാളത്തില്‍ എഴുതിവച്ച നാഥനില്ലാത്ത കവിതകള്‍ കാണാമായിരുന്നു.
ഓര്‍മകളുടെ തുരുത്തുകള്‍
ഒരു പ്രതാപ കാലമുണ്ടായെങ്കിലും കാലാന്തരത്തില്‍ കൃഷിയേയും പ്രകൃതിയേയും കൈവിട്ടവര്‍ സ്രാമ്പികളേയും കൈവിട്ടു. മിക്കതും ആധുനിക സജീകരണങ്ങളുള്ള മാര്‍ബിള്‍ പള്ളികളായി പുനര്‍ജ്ജനിച്ചു. എന്നാല്‍ വിരലിലെണ്ണാവുന്നവ മാത്രം ഇപ്പോഴും മൈനകളും പ്രാവുകളും കടവാതിലുകളും കൂട് കൂട്ടി, എലികളുടേയും പാമ്പുകളുടേയും വിഹാര കേന്ദ്രങ്ങളായി വീണുടഞ്ഞ ഓര്‍മകളേയും താലോലിച്ച്കാലപ്പഴക്കത്തിന്റെ ദൈന്യതയും പേറി നിക്കുന്നു, സൗകര്യങ്ങളൊരുക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ശ്വാസംമുട്ടി മരിച്ച പാടങ്ങള്‍ക്കും തോടുകള്‍ക്കും കാലമൊരുക്കിയ മീസാന്‍ കല്ല് പോലെ. കയ്യും മുഖവും വൃത്തിയാക്കി അല്‍പ്പനേരത്തെ വിശ്രമത്തിനും നമസ്‌കാരത്തിനും ശേഷം വീണ്ടും വയലിലേക്ക് മുഷിഞ്ഞ ഒറ്റ തോര്‍ത്ത് മുണ്ടുമെടുത്ത് കര്‍ഷകര്‍ ഇറങ്ങിപ്പോവുന്ന കാഴ്ചകള്‍ മാഞ്ഞുപോയെങ്കിലും മറവിയുടെ കൂട്ട അള്‍ഷിമേഴ്‌സ് ബാധിക്കുന്ന ഒരു കാലത്ത് മറവിക്കെതിരെ ഓര്‍മകളുടെ തുരുത്തുകള്‍ തീര്‍ക്കുക തന്നെയാണ് കാലം ബാക്കിവച്ച സ്രാമ്പികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."