പനി; വിഴിഞ്ഞം മേഖല ഭീതിയില്‍
വിഴിഞ്ഞം: പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന വിഴിഞ്ഞം മേഖലയില്‍ ഡെങ്കിപ്പനി ബാധിച്ച് ബാലന്‍ മരിച്ചതോടെ ജനം ഭീതിയിലായി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്ന് ആരോഗ്യ വകുപ്പധികൃതര്‍ അവകാശപ്പെടുമ്പോഴാണ് വിഴിഞ്ഞം പി.എച്ച്.സി യുടെ കീഴില്‍ ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.
തീരദേശം പനിച്ച് വിറക്കുമ്പോഴും മതിയായ സംവിധാനമൊരുക്കാതെ സര്‍ക്കാര്‍ ആശുപത്രികളെ നോക്കുകുത്തിയാക്കിയതിന്റെ ഫലമാണ് ഒരു കുരുന്നു ജീവന്‍ നഷ്ടമാകാന്‍ വഴിതെളിച്ചതെന്നാണ് ആരോപണം. വിഴിഞ്ഞം പി.എച്ച് സി യുടെ കീഴില്‍ തിരുവല്ലം, മുക്കോല എന്നി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ഒന്നിലും പരിശോധന സംവിധാനം പോലുമില്ല.
ദിനംപ്രതി നൂറ് കണക്കിന് പേര്‍ ചികിത്സ തേടിയെത്തുന്ന വിഴിഞ്ഞത്ത് ലാബ് ടെക്‌നീഷ്യന്‍മാര്‍ അഞ്ചോളം പേര്‍ ഉണ്ടെങ്കിലും പ്രവര്‍ത്തിക്കുന്ന മൈക്രോ സ്‌കോപ്പ് ഒരെണ്ണം മാത്രം. രക്ത മുള്‍പ്പെടെയുള്ളവയുടെ പരിശോധന ഒരെണ്ണത്തിലായതോടെ ജനവും കഷ്ടത്തിലായി. രക്ത പരിശോധനയിലുണ്ടായ കാലതാമസമാണ് അനന്ദു എന്ന പതിനൊന്നുകാരന്റെ വരെ ജീവന്‍ നഷ്ടമാകാന്‍ വഴിതെളിച്ചത്.മുക്കോല പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ലാബ് അടച്ച് പൂട്ടിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയില്ല.
പനി പടരുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങക്ക് നേതൃത്വം നല്‍കേണ്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇവിടെ ഇല്ലതാനും. ഉണ്ടായിരുന്നയാള്‍ ഉന്നത പിടിപാടോടെ ഡെപ്യൂട്ടേഷനില്‍ ഡി.എം.ഒ.ഓഫിസിലേക്ക് മാറി. പുതിയതായി ആരും എത്തിയതുമില്ല.യാതൊരു പരിജ്ഞാനവുമില്ലാത്ത ആശാ വര്‍ക്കര്‍മാര്‍ക്കാണ് ബോധവല്‍ക്കരണത്തിന്റെയും മറ്റും ചുമതല.
കൊതുകു നശീകരണവും മറ്റും നടക്കുന്നതായി പറയുമ്പോഴും ഫോഗിങ് നിര്‍ത്തിവച്ചിരിക്കുന്നതായും ആരോപണമുണ്ട്.നഗരസഭയ്ക്കും ഹെല്‍ത്ത് സ്‌ക്വാഡുണ്ടെങ്കിലും ഓട ശുചീകരണത്തിലും റോഡുശുചീകരണത്തിലും മാത്രമൊതുങ്ങുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."