കനിവുള്ളവര്‍ കേള്‍ക്കട്ടെ... ഐശ്വര്യമോള്‍ക്ക് ഓപ്പറേഷന്‍ വേണം
ചെറുപുഴ: പറക്കമുറ്റാത്ത നാലു കുട്ടികളുമായി ഒറ്റമുറി മാത്രമുള്ള ചെറ്റക്കുടിലില്‍ ഇരിക്കുമ്പോള്‍ ലക്ഷ്മിയമ്മയുടെ നെഞ്ചില്‍ തീയാണ്. എട്ടു മാസം മാത്രം പ്രായമുള്ള കൊച്ചുമകള്‍ ഐശ്വര്യയുടെ ഹൃദയവാല്‍വിന്റെ അസുഖം മാറണമെങ്കില്‍ വലിയ തുകയുടെ ഓപ്പറേഷന്‍ നടത്തണം. എന്നാല്‍ നിത്യച്ചെലവിനു പോലും പണമില്ലാത്തതിനാല്‍ അമ്മയില്ലാത്ത നാലു കുട്ടികളെയും കെട്ടിപ്പിടിച്ച് കുഞ്ഞിന്റെ അസുഖം മാറ്റിത്തരണമെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുകയാണ് പുളിങ്ങോം പാലാന്തടം കോളനിയിലെ പള്ളിവീട്ടില്‍ ലക്ഷ്മി എന്ന അന്‍പത്തിയഞ്ചുകാരി.
മകന്‍ സുനിലിന്റെ അമ്മയില്ലാത്ത നാലു കുട്ടികളെയാണ് പട്ടിണിയും വാര്‍ധക്യപ്രശ്‌നങ്ങളും ഉള്ളിലൊതുക്കി ലക്ഷ്മി സംരക്ഷിക്കുന്നത്. സുനിലിന്റെ ഏറ്റവും ഇളയ കുട്ടിയായ ഐശ്വര്യയ്ക്കാണ് ഹൃദയത്തിന് തകരാറ് മൂലം ചികിത്സ ആവശ്യമുള്ളത്. മകന്‍ സുനിലിന്റെ ഭാര്യ മഞ്ജു നാലാമത്തെ കുട്ടിക്ക് ജന്മം നല്‍കി ആറാം ദിവസമാണ് ഹൃദയസംബന്ധമായ അസുഖം മൂലം മരിച്ചത്. സുനിലിന് വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണി കൊണ്ടുവേണം ഈ കുടുംബത്തിന്റെ വിശപ്പ് മാറ്റാന്‍. മൂത്ത മകള്‍ സൂര്യയ്ക്ക് വയസ് ആറര. രണ്ടാമത്തെ മകന്‍ സൂരജിന് അഞ്ചര. മൂന്നാമന്‍ സുജിത്തിന്റെ വയസാകട്ടെ രണ്ടരയും. മഞ്ജുവിന്റെ മരണശേഷം ഹൃദ്‌രോഗ ബാധിതയായ ഐശ്വര്യ മൂന്നു മാസത്തിലധികം പരിയാരം മെഡിക്കല്‍ കോളജില്‍ ചികത്സയിലായിരുന്നു. രോഗം മാറണമെങ്കില്‍ ഓപ്പറേഷന്‍ വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. എന്നാല്‍ ഒരുനേരത്തെ ഭക്ഷണത്തിനു പോലും കഷ്ടപ്പെടുന്ന ഈ കുടുംബത്തിന് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത ചെലവുവരുന്നതിനാല്‍ കുട്ടിയുടെ ഓപ്പറേഷന്‍ ഇപ്പോള്‍ ഇവര്‍ക്ക് ഒരു വിദൂരസ്വപ്‌നം മാത്രമാണ്. പന്ത്രണ്ട് സെന്റ് സ്ഥലത്ത് നാല് തൂണിന്മേല്‍ സ്ഥിതി ചെയ്യുന്ന ഒരു കൂരയിലാണ് നാലു പറക്കമുറ്റാത്ത കുട്ടികളുമായി ഈ കുടുംബം കഴിയുന്നത്. ഒന്നു തുണി മാറുന്നതിനുള്ള മറ പോലുമില്ലാത്ത ഈ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കലും തീറ്റയും കിടപ്പും ഒരേസ്ഥലത്തു തന്നെ. കാല്‍ നൂറ്റാണ്ട് മുന്‍പ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച മണ്‍കട്ട കൊണ്ടുള്ള വീട് കഴിഞ്ഞ മഴക്കാലത്ത് നിലംപൊത്തിയതിനു ശേഷമാണ് ഇവര്‍ താമസം കുടിലിലേക്ക് മാറ്റിയത്. അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങുന്നതും ഐശ്വര്യ മോളുടെ ഓപ്പറേഷന്‍ നടത്തുന്നതും ഈ നിര്‍ധന കുടുംബത്തിന്റെ നിറമുള്ള സ്വപ്‌നങ്ങള്‍ മാത്രമാണെങ്കിലും ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സുമനസ്സുകള്‍ ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."