കഴുതമൂത്രത്തിലെ കപ്പിത്താന്‍
ഒരു പാവം കഴുത രാവിലെ മുതല്‍ വൈകുന്നേരം വരെ ഒട്ടും വിശ്രമമില്ലാതെ തന്റെ യജമാനന് വേണ്ടി ഭാരം ചുമക്കുകയായിരുന്നു. ഒന്നു മൂത്രമൊഴിക്കാനുള്ള സാവകാശം പോലും പാവം കഴുതച്ചാര്‍ക്കു ലഭിച്ചില്ല.
ഒടുവില്‍ പണിയെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ യജമാനന്‍ കഴുതയെ 'ഇനി കുറച്ചു നേരം നീ നിന്റെ പാട്ടിനു പോയ്‌ക്കോ' എന്ന് പറഞ്ഞു സ്വതന്ത്രമാക്കി വിട്ടു.
പുറത്തുനിന്ന് ഭാരം ഒഴിഞ്ഞതിലുള്ള സന്തോഷത്തിലായിരുന്നു കഴുത. സൗകര്യമുള്ള ഒരിടത്തുനിന്ന് അവന്‍ സമൃദ്ധമായി മൂത്രമൊഴിച്ചു.
'ഹോ എന്തൊരു ആശ്വാസം!'
അല്‍പം അകലെ ഇതൊന്നുമറിയാതെ ഒരു ഈച്ച നിലത്തുവീണു കിടക്കുന്ന ഇലയില്‍ കാറ്റുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.
അരുവി കണക്കെ ഒഴുകിവന്ന കഴുത മൂത്രത്തില്‍ ഈച്ച ഇരുന്ന ഇല ഇളകി ഒഴുകാന്‍ തുടങ്ങി.
ഈച്ച ആദ്യം ഒന്നു ഞെട്ടി.
പിന്നീട് ഇലയിലെ യാത്ര അറിഞ്ഞാസ്വദിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് യഥാര്‍ഥത്തില്‍ മനസിലായില്ലെങ്കിലും ഈച്ച ഇങ്ങനെ ആത്മഗതം ചെയ്തു: 'ഞാന്‍ ഒരു മഹാ കപ്പലില്‍ യാത്ര ചെയ്യുകയാണ്. ഈ കപ്പലിന്റെ കപ്പിത്താന്‍ ആണ് ഞാന്‍. എത്ര യോഗ്യയായ നാവികനാണ് ഞാനെന്നോ? ഏഴ് വന്‍കടലുകള്‍ ഞാന്‍ ഒറ്റയ്ക്ക് കീഴടക്കും. ആര്‍ക്കാണ് എന്നെ തടയാന്‍ ധൈര്യം?'
അഭിമാനം കൊണ്ട് വിജ്രംഭിതയായി ഈച്ച. കഴുതമൂത്രത്തില്‍ ഒഴികുകയായിരുന്ന ഈച്ചയുടെ വിചാരം താന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നു ശാന്ത സമുദ്രത്തിലേക്ക് പ്രവേശിക്കുകയാണ് എന്നതായിരുന്നു.
അപ്പോഴും ആരെങ്കിലും കൈകൊണ്ട് ആട്ടിയാല്‍ പറന്നുപോകുന്ന പാവം ഈച്ച തന്നെയായിരുന്നു അവന്‍. അവന്ന് അറിയില്ലായിരുന്നു കഴുത മൂത്രത്തില്‍ ആണ് തന്റെ സവാരി എന്ന്!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."