ചെമ്മനാട് സ്‌കൂളിലെ സംഘര്‍ഷം: ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കുമെന്ന് എസ്.പി
കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊലിസും വിദ്യാര്‍ഥികളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ കുറിച്ച് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി ഡോ.എ. ശ്രീനവാസന്‍ പറഞ്ഞു.
സ്‌കൂള്‍ വളപ്പില്‍ കടന്നുവിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിചാര്‍ജ് നടത്തിയ സംഭവം വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയെ കൊണ്ട് സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിപ്പിക്കാന്‍ ജില്ലാ പൊലിസ് മേധാവി തയാറായത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് സ്‌കൂളിലെ കായികമേളയോടനുബന്ധിച്ച് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥി പടക്കം പൊട്ടിച്ചത്.
പടക്കം പൊട്ടിയതോടെ പരിഭ്രാന്തരായ സ്‌കൂള്‍ അധികൃതര്‍ പൊലിസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് പടക്കം പൊട്ടിച്ച വിദ്യാര്‍ഥിയെ പൊലിസ് കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റിയപ്പോള്‍ വിദ്യാര്‍ഥികള്‍ പൊലിസ് ജീപ്പ് തടയുകയും സ്‌കൂള്‍ ഗേറ്റ് അടക്കുകയുമായിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ പൊലിസെത്തി വിദ്യാര്‍ഥികളെ ലാത്തിച്ചാര്‍ജ് ചെയ്തത്. ലാത്തിച്ചാര്‍ജിനിടെ ചിലര്‍ പൊലിസിനെ കല്ലെറിഞ്ഞു.
കല്ലേറില്‍ പൊലിസുകാര്‍ക്കും ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. വിദ്യാര്‍ഥികളെ അതിക്രൂരമായാണ് പൊലിസ് ലാത്തിച്ചാര്‍ജ് ചെയ്തതെന്നാണ് പൊതുവില്‍ ഉയര്‍ന്ന വികാരം.
മര്‍ദനമേറ്റ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പരാതി നല്‍കാനൊരുങ്ങുകയാണ്.
അതിനിടെ മുന്‍ ജില്ലാപൊലിസ് മേധാവി ഹബീബ് റഹ്മാന്‍ സ്‌കൂളിലെ പൊലിസ് നടപടിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു. അതിക്രൂരമായ നരനായാട്ടാണ് പൊലിസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ നടത്തിയതെന്നും 13 വയസുകാരന്‍ വരെ പൊലിസിന്റെ ക്രൂരതയ്ക്കിരയായെന്നും മുന്‍ ജില്ലാ പൊലിസ് മേധാവി ഫോസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇതോടെ വിശദമായ അന്വേഷണത്തിനു ജില്ലാ പൊലിസ് മേധാവി ഉത്തരവിടുകയായിരുന്നു. ഒരു വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ പൊലിസിനുനേരെ കല്ലെറിഞ്ഞതാണ് ലാത്തിചാര്‍ജിനിടയാക്കിയതെന്നാണ് പൊലിസിന്റെ വിശദീകരണം.
സംഭവത്തില്‍ നൂറോളം വിദ്യാര്‍ഥികള്‍ക്കെതിരേ കാസര്‍കോട് പൊലിസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ അന്വേഷണത്തിനു ശേഷം മാത്രമേ നടപടികളുണ്ടാവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."