ചുമട്ടുകൂലി തര്‍ക്കം: സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി
പിലിക്കോട് : ജില്ലാ ലേബര്‍ ഓഫിസര്‍ അംഗീകരിച്ചു നല്‍കിയ പട്ടിക പ്രകാരമുള്ള കൂലി വാങ്ങാതെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതായി പരാതി. പടുവളത്തിലെ 'പോര്‍ക്കലി' ഇരുമ്പ് ഉല്‍പന്ന വില്‍പന സ്ഥാപന നടത്തിപ്പുകാരാണ് ചുമട്ടുതൊഴിലാളികള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. 38 ദിവസമായി സ്ഥാപനം അടഞ്ഞു കിടക്കുകയാണ്. വ്യാപാരി സംഘടനകളും ചുമട്ടുതൊഴിലാളികളും ചര്‍ച്ച ചെയ്തുനിശ്ചയിക്കുന്ന വേതനമാണ് നേരത്തെ കൊടുത്തുവരുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും ഏകീകൃത കൂലി സംവിധാനം ഓഗസ്റ്റ് ഒന്നു മുതല്‍ നിലവില്‍ വന്നു. ഡി.എല്‍.ഒ അംഗീകരിച്ച കൂലി നല്‍കാന്‍ സ്ഥാപനം തയാറാണെങ്കിലും നേരത്തയുള്ള കൂലി വേണമെന്ന് വാശിപിടിക്കുകയും അല്ലെങ്കില്‍ സ്ഥാപനം തുറക്കാന്‍ അനുവദിക്കില്ലെന്ന് ചുമട്ടുതൊഴിലാളികള്‍ ഭീഷണിപ്പെടുത്തിയതായും നടത്തിപ്പുകാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
14നു സ്ഥാപനം തുറക്കാനെത്തിയ നടത്തിപ്പുകാരില്‍ ഒരാളായ ബിജുലാലിനെ വാഹനത്തില്‍നിന്നു പിടിച്ചിറക്കി ചുമട്ടുതൊഴിലാളികള്‍ മര്‍ദിച്ചുവെന്നും ഇവര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുചുമട്ടുതൊഴിലാളികള്‍ക്കെതിരേ ചന്തേര പൊലിസില്‍ കേസുണ്ട്. ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഏകീകൃതകൂലി അംഗീകരിക്കുകയും എന്നാല്‍ സ്ഥാപനത്തിലെത്തിയ ശേഷം പുതിയ കൂലി അംഗീകരിക്കാനാവില്ലെന്നുമാണ് തൊഴിലാളികളുടെ നിലപാട്. സ്ഥാപനത്തിനു മുമ്പില്‍ കൊടി നാട്ടുകയും ചെയ്തിട്ടുണ്ട്. സ്ഥാപന നടത്തിപ്പുകരായ സി. നാരായണന്‍, ടി.വി ബിജുലാല്‍, ടി.വി മോഹന്‍ലാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."