മയക്കുമരുന്നുമായി പള്ളിയിലെ ശൗചാലയത്തില്‍ കയറിയ യുവാവിനെ പിടികൂടി
ആറ്റിങ്ങല്‍: ലഹരി കിട്ടാന്‍ വേണ്ടി മയക്കുമരുന്ന് ഇഞ്ചക്ഷന്‍ എടുക്കാനായി ആറ്റിങ്ങല്‍ ആലംകോട് മുസ്‌ലിം ജമാഅത്ത് പള്ളിയിലെ ശൗചാലയത്തില്‍ കയറിയ യുവാവിനെ പള്ളിയിലുണ്ടായിരുന്നവര്‍ പിടികൂടി പൊലിസില്‍ ഏല്‍പിച്ചു.
ഇരവിപുരം സ്വദേശിയും മണമ്പൂര്‍ തോട്ടയ്ക്കാട് നൗഷാദ് മന്‍സിലില്‍ താമസക്കാരനുമായ സെയ്ഫുദ്ദീന്‍ (38) ആണ് പിടിയിലായത്.
വെള്ളിയാഴ്ച ഉച്ചയോടെ ഒരാള്‍ സിറിഞ്ചുമായി പള്ളിയിലെ ശൗചാലയത്തിലേയ്ക്ക് ഓടിക്കയറുന്നതു കണ്ടവര്‍ പള്ളി അധികൃതരോട് വിവരം പറയുകയായിരുന്നു. ഉടന്‍തന്നെ ഓടിയെത്തിയ ജീവനക്കാരും ഭാരവാഹികളും മുട്ടി വിളിച്ചിട്ടും തുറന്നില്ല. ഒടുവില്‍ കതകു പൊളിച്ചു നോക്കുമ്പോള്‍ എന്തോ പൊടി കലക്കി സിറിഞ്ചിലാക്കി ഇഞ്ചക്ട് ചെയ്യാന്‍ ഒരുങ്ങുന്ന യുവാവിനെയാണ് കണ്ടത്. ആളുകളെ കണ്ട് ഭ്രാന്തമായി പെരുമാറിയ ഇയാളെ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇയാളില്‍ നിന്ന് രണ്ടു പൊതി കഞ്ചാവും സിറിഞ്ചുകളും മയക്കുമരുന്നെന്ന് സംശയിക്കുന്ന വെള്ള പൊടിയുടെ കവറും കണ്ടെത്തി. ഇരവിപുരത്തുനിന്ന് ഭാര്യവീടായ തോട്ടയ്ക്കാടേയ്ക്കു താമസം മാറിയ സെയ്ഫുദ്ദീന്‍ മയക്കുമരുന്നിന് അടിമയായിരുന്നെന്നും ഡി അഡിക്ഷന്‍ സെന്ററില്‍ ഒരു വര്‍ഷം മുന്‍പ് ചികിത്സ കഴിഞ്ഞിറങ്ങിയ ആളാണെന്നും അസ്വസ്ഥത തോന്നുമ്പോള്‍ നാക്കിനടിയില്‍ ഇടാനായി സെന്ററില്‍ നിന്ന് നല്‍കുന്ന നല്‍കുന്ന പൊടിയാണ് കവറില്‍ ഉണ്ടായിരുന്നതെന്നും ലഹരി കിട്ടാനായി ഈ പൊടി ഇപ്പോള്‍ വെള്ളത്തില്‍ അലിയിച്ച് ഇഞ്ചക്ടു ചെയ്യുക പതിവാണെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു.
പെയിന്റിങ് ജോലി ചെയ്യുന്ന ഇയാള്‍ ഇപ്പോള്‍ കഞ്ചാവിന് അടിമയാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."