മദീന സന്ദർശനം: ഓൺലൈൻ രജിസ്ട്രേഷൻ സന്ദർശകർക്ക് ഏറെ ആശ്വാസമാവുന്നു
മദീന: കൊവിഡ് സാഹചര്യത്തിൽ മദീന സന്ദർശനത്തിന് ഹറം അധികൃതർ ഏർപ്പെടുത്തിയ ഓൺലൈൻ രജിസ്ട്രേഷൻ സന്ദർശകർക്ക് വലിയ ആശ്വാസമാവുന്നു. ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് നിശ്ചയിക്കപ്പെട്ട സമയം ക്രമീകരിച്ച് തിക്കും തിരക്കും ഉണ്ടാക്കാതെ സമാധാനത്തോടെ സന്ദർശനം നടത്താൻ ഇപ്പോൾ കഴിയുന്നതാണ് വിശ്വാസികൾക്ക് ഏറെ ആശ്വാസകരമാകുന്നത്. ''ഇഅ്തമർനാ" എന്ന മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് റൗദ ശരീഫ് സന്ദർശിക്കാനും പ്രവാചകന്റെ ഖബർ സന്ദർശനത്തിനും ഇപ്പോൾ രജിസ്റ്റർ ചെയ്തു അനുമതി എടുക്കേണ്ടതുണ്ട്. സന്ദർശകർക്ക് അവരവരുടെ സൗകര്യം നോക്കി സമയം തിരെഞ്ഞെടുക്കാൻ അവസരം ഉള്ളതിനാൽ മുൻ കാലങ്ങളെ അപേക്ഷിച്ചു തിക്കും തിരക്കും കുട്ടാതെ റൗദയും പ്രവാചകന്റെയും സമീപത്ത് അന്ത്യ വിശ്രമം കൊള്ളുന്ന ഖലീഫമാരുടെയും ഖബറുകൾ സന്ദർശിക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്.
[caption id="attachment_905322" align="alignnone" width="454"] മദീനയിൽ പ്രവാചക ഖബർ സന്ദർശിക്കാൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്‌തവർ ഊഴം കാത്ത് നിൽക്കുന്നു[/caption]കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടി അധികൃതർ വിശുദ്ധ ഉംറ തീർത്ഥാടനത്തിന് താത്കാലിക നിരോധനം ഏർപ്പെടുത്തിയ സമയത്ത് തന്നെ മദീന സന്ദർശനവും വിലക്കിയിരുന്നു. എന്നാൽ പിന്നീട് മസ്ജിദുന്നബവി സന്ദർശിക്കാനും പ്രാർത്ഥന നടത്താനും അനുമതി നൽകിയപ്പോഴും റൗദയിലേക്കും പ്രവാചകന്റെ ഖബർ സന്ദർശനത്തിനും വിലക്ക് തുടരുകയായിരുന്നു. പിന്നീട് റബീഉൽ അവ്വൽ മുതലാണ് പ്രവാചകൻ "സ്വർഗത്തോപ്പ്" എന്ന് വിശേഷിപ്പിച്ച റൗദ ശരീഫും പ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്ന ഖബറിടവും സന്ദർശിക്കാൻ അധികൃതർ അനുമതി നൽകിത്തുടങ്ങിയത്.
റൗദയിൽ പ്രവേശിച്ചു പ്രാർത്ഥന നടത്താനും പ്രവാചകന്റെ ഖബറിടം സന്ദർശിച്ചു സലാം പറയാനും എപ്പോഴും ശക്തമായ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഇത് അവധി ദിനങ്ങളിൽ അധികമാകുകയും പലപ്പോഴും സന്ദർശക ബാഹുല്യം കാരണം ആളുകളെ നിയന്ത്രിക്കാൻ പോലും അധികൃതർക്ക് കഴിയാറില്ല. എന്നാൽ ഇപ്പോൾ ഓൺലൈൻ രജിസ്ട്രേഷൻ വഴി അനുമതി വേണമെന്നതിനാൽ തിക്കും തിരക്കും ഇല്ലാതെ മദീന സന്ദർശനം ആശ്വാസത്തോടെയാണ് വിശ്വാസികൾ പൂർത്തീകരിക്കുന്നത്.
പുതിയ സംവിധാനം തിരക്ക് ഒഴിവാക്കി ആശ്വാസത്തോടെ റൗദയിൽ പ്രാർത്ഥന നടത്താനും പ്രവാചനോടും ഖലീഫമാരോടും സലാം പറയാനും കഴിയുന്നുണ്ടെന്നും രജിസ്‌ട്രേശൻ സംവിധാനം വളരെ ആശ്വാസകരമാണെന്നും പുതിയ സാഹചര്യത്തിൽ അധികൃതർ ഏർപ്പെടുത്തിയ പരിഷ്ക്കാരം മദീന സന്ദർശനം വളരെ ആയാസകരവും ആശ്വാസകരവും ആക്കിയതായും ജിദ്ദ എസ് ഐ സി യുടെ കീഴിൽ മദീന സിയാറക്ക് നേതൃത്വം നൽകുന്ന ദിൽഷാദ് കാടാമ്പുഴ, സാലിം അമ്മിനിക്കാട്, അബ്ദുൽ മുസവിർ കോഡൂർ എന്നിവർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."