മഴക്കാലം: ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍
കോട്ടയം:മഴക്കാലം ആസന്നമായ സാഹചര്യത്തില്‍ അപകടങ്ങള്‍, രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ സി.എ ലത പറഞ്ഞു. കാലവര്‍ഷത്തിന്റെ മുന്നോടിയായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാന്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍.
കാലവര്‍ഷം വരാന്‍ ഇനി 10 ദിവസങ്ങള്‍ ശേഷിക്കെ എല്ലാ വകുപ്പുകളും സമയബന്ധിതമായി തന്നെ അവരവരെ ഏല്‍പ്പിച്ചിട്ടുളള ജോലികള്‍ പൂര്‍ത്തിയാക്കണം.
അടിയന്തിര സാഹചര്യം വന്നാല്‍ നേരിടാന്‍ ഒരു എമര്‍ജന്‍സി ടീമിനെ നിയോഗിക്കും. ദുരന്ത സാധ്യതയുളള സ്ഥലങ്ങള്‍ മുന്‍കൂട്ടി തീര്‍ച്ചപ്പെടുത്തി പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. കൊതുകു വളരാനുളള സാഹചര്യങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയും വെള്ളപ്പൊക്കം ഉണ്ടായാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കാനുളള സ്‌കൂളുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ മുന്‍കൂട്ടി കണ്ടെത്തണം. ഈ സ്ഥലങ്ങളില്‍ ശുദ്ധമായ കുടിവെള്ളം, സാനിട്ടറി സംവിധാനങ്ങള്‍, സൗജന്യ റേഷന്‍ എന്നിവ ഏര്‍പ്പാടാക്കാനുളള തയ്യാറെടുപ്പ് നടത്തണം.
എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും അന്നന്നുളള റിപ്പോര്‍ട്ടുകള്‍ കളക്‌ട്രേറ്റില്‍ അറിയിക്കാനും സംവിധാനം ഉണ്ടാക്കും. 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കണം. ഫയര്‍ഫോഴ്‌സ്, പൊലിസ് എന്നിവരെ ഉള്‍പ്പെടുത്തി ഒരു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം ഉണ്ടാക്കണം. എല്ലാ പി.എച്ച്.സി, സി.എച്ച്.സി എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം. മണ്ണിടിച്ചില്‍ പോലുളള ദുരന്തങ്ങള്‍ നേരിടാന്‍ ജെ.സി.ബി ഉള്‍പ്പെടെയുളള ഉപകരണങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കി നിര്‍ത്തണം. 24 മണിക്കൂര്‍ തുടര്‍ച്ചയായി മഴ ഉണ്ടായാല്‍ പാറപൊട്ടിക്കല്‍ നിരോധിക്കണം.
പ്രകൃതിക്ഷോഭം നേരിടാന്‍ ആംബുലന്‍സ്, മരുന്ന്, വാക്‌സിന്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാനും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും അടിയന്തിര നടപടി ഉണ്ടാകണം. പഴയകെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന അടിയന്തിരമായി നടത്തണം. ഭക്ഷ്യധാന്യങ്ങള്‍ കരുതല്‍ ശേഖരം ഉറപ്പാക്കണം. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനുകള്‍ ഉയര്‍ത്തുക, മരശിഖരങ്ങള്‍ വെട്ടി മാറ്റുക എന്നിവ ചെയ്യണം.
കൃഷി മേഖലയില്‍ നഷ്ടം സംഭവിച്ചാല്‍ താമസം കൂടാതെ തന്നെ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കണം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും. ആര്‍.ഡി.ഒ മാര്‍ അവരുടെ അധികാര പരിധിയിലുളള താലൂക്കുകളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിജയകരമായി പ്രവര്‍ത്തിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 47 പഞ്ചായത്തുകളില്‍ കുടിവെള്ളം നല്‍കി. 71 ലക്ഷത്തോളം രൂപ 47 പഞ്ചായത്തുകളില്‍ കുടിവെള്ളം വിതരണത്തിനു ചെലവായതായും കളക്ടര്‍ അറിയിച്ചു.
യോഗത്തില്‍ കോട്ടയം ആര്‍.ഡി.ഒ കെ. രാമദാസ്, പാലാ ആര്‍.ഡി.ഒ ഇ.എം സഫീര്‍, ശുചിത്വമിഷന്‍, തഹസീല്‍ദാര്‍മാര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, ആരോഗ്യം, പൊലിസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, കൃഷി, വൈദ്യുതി, മരാമത്ത് വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."