വേനല്‍മഴ;ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫിസര്‍
കോട്ടയം : വേനല്‍മഴ മൂലം ഉണ്ടാകാനിടയുളള പകര്‍ച്ചവ്യാധികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. ഡങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ വരാന്‍ സാധ്യതയുണ്ട്.
വീടിനും സ്ഥാപനത്തിലും ചുറ്റുപാടിലുമായി അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്, ടയര്‍, ചിരട്ട, കളിപ്പാട്ടങ്ങള്‍, പൂച്ചട്ടികള്‍, വീടുനുമുകളിലെ ടെറസ് സണ്‍ഷെയ്ഡുകള്‍, വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍, ഫ്രിഡ്ജ്, കൂളറുകള്‍ തുടങ്ങിയിടങ്ങളില്‍ ഡങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നതിന് കാരണമാകുന്നതിനാല്‍ ഇത്തരം സാഹചര്യം ഒഴിവാക്കണം. ആഴ്ചയിലൊരിക്കല്‍ വീടും പരിസരവും വൃത്തിയാക്കണം. വെള്ളം ശേഖരിച്ചു വയ്ക്കുമ്പോള്‍ കൊതുക് കടക്കാതെ മൂടി സൂക്ഷിക്കണം. ശക്തിയായ പനി, ശരീരവേദന, സന്ധിവേദന, തൊലിപ്പുറത്ത് തടിപ്പ്, കണ്ണുകള്‍ക്കു പിന്നില്‍ വേദന തുടങ്ങിയവയാണ് ഡങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. സ്വയം ചികിത്സ ഒഴിവാക്കണം.
ചികിത്സയും വിശ്രമവും അത്യാവശ്യമാണ്.തിളപ്പിച്ചാറിയ വെള്ളം കുടിക്കണം.എലിമൂത്രം, നാല്‍ക്കാലികളുടെ മൂത്രം എന്നിവ വഴി മലിനമാക്കപ്പെട്ട വെള്ളവുമായുളള സമ്പര്‍ക്കമാണ് സാധാരണ എലിപ്പനിക്ക് കാരണമാകുന്നത്. ശക്തിയായ പനിയും ശരീരവേദന, കണ്ണുകള്‍ക്ക് ചുമപ്പ്, മഞ്ഞ് നിറം, മൂത്രത്തിന്റെ അളവു കുറയുക, നിറം മാറുക തുടങ്ങിയവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. രോഗാരംഭത്തിലെ ചികിത്സ ലഭിച്ചാല്‍ വളരെ എളുപ്പത്തില്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ് എലിപ്പനി. വേനല്‍മഴയില്‍ ജലസ്രോതസ്സുകള്‍ മലിനപ്പെടാനുളള സാദ്ധ്യതയുണ്ട്.ഇത് മഞ്ഞപ്പിത്തം, വയറിളക്കം, രോഗങ്ങള്‍ പോലുളള പകര്‍ച്ച വ്യാധികള്‍ക്ക് സാദ്ധ്യതയുണ്ടാകും. തിളച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണം. എല്ലാ കിണറുകളും കുടിവെള്ള സ്രോതസ്സുകളും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം.ജലദൗര്‍ലഭ്യത കൊണ്ടും വേനല്‍മഴകൊണ്ടും ജലസ്രോതസ്സുകള്‍ മലിനമാക്കപ്പെടുന്നതും കൊണ്ടും വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. ഭക്ഷണത്തിനു മുന്‍പും ശേഷവും കക്കൂസില്‍ പോയശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
ഈച്ച വളരുന്ന സാഹചര്യം ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, ഒ.ആര്‍.എസിന്റെ ഉപയോഗം ഏറ്റവും ഫലപ്രദമാണ്. ഇത് എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ സൗജന്യമായി ലഭിക്കും. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുളള സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുളള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ ആരോഗ്യപ്രവര്‍ത്തകരുമായോ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."