ഹറമൈന്‍ ട്രെയിന്‍ സര്‍വീസ്; ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു
റിയാദ്: പുണ്യനഗരികളെ തമ്മില്‍ ബന്ധിപ്പിച്ചോടുന്ന ഹറമൈന്‍ ട്രെയിന്‍ നിരക്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സഊദി റെയില്‍വേയാണ് ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചത്. പദ്ധതി പ്രവര്‍ത്തിപ്പിക്കുന്ന സ്പാനിഷ് കമ്പനിയുമായി ധാരണയുണ്ടാക്കിയ ശേഷം ഗതാഗതമന്ത്രി ഡോ. നബീല്‍ അല്‍ആമൂദിയുടെ മേല്‍നോട്ടത്തിലുള്ള സഊദി റെയില്‍വേ ഭരണ സമിതിയാണ് ടിക്കറ്റ് നിരക്കിന് അനുമതി നല്‍കിയത്. ആദ്യ രണ്ടുമാസത്തേക്ക് നിരക്കുകളില്‍ 50 ശതമാനം ഇളവു നല്‍കുമെന്നും പൊതുഗതാഗത ജനറല്‍ അതോറിറ്റി മേധാവിയും സഊദി റെയില്‍വേ ജനറല്‍ മാനേജര്‍ ഇന്‍ചാര്‍ജ്ജുമായ ഡോ. റുമൈഹ് അല്‍റുമൈഹ് വ്യക്തമാക്കി. ഇക്കണോമി, ബിസിനസ് എന്നിങ്ങനെ രണ്ടുക്ലാസുകളാണ് ട്രെയിനുകളിലുണ്ടാകുക.
മക്ക-മദീന-ജിദ്ദ-റാബിക് ഇക്കോണമി സിറ്റി എന്നിവിടങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചോടുന്ന ഹറമൈന്‍ ട്രയിന്‍ സര്‍വീസ് മുഴുവന്‍ റൂട്ടുകളിലെയും ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ മക്ക, മദീന, റാബിക് കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍ സജ്ജമായിട്ടുള്ളത്. ജിദ്ദ വിമാനത്താവളം സ്റ്റേഷനില്‍ നിന്നുള്ള സര്‍വീസ് റെയില്‍വേ സ്റ്റേഷനും വിമാനത്താവള നിര്‍മാണ ജോലികളും പൂര്‍ത്തിയായ ശേഷമായിരിക്കും ഉണ്ടാകുക.
ടിക്കറ്റ് നിരക്കുകള്‍ ഇപ്രകാരമാണ്
ഇക്കോണമി
മദീന-മക്ക 75 റിയാല്‍
മദീന-ജിദ്ദ 63 റിയാല്‍
മദീന-ജിദ്ദ കിംഗ് അബ്ദുല്ല ഇക്കോണമി സിറ്റി 50 റിയാല്‍
മക്ക-ജിദ്ദ 20 റിയാല്‍
മക്ക-ജിദ്ദ കിംഗ് അബ്ദുല്ല ഇക്കോണമി സിറ്റി 40 റിയാല്‍
ജിദ്ദ-ജിദ്ദ കിംഗ് അബ്ദുല്ല ഇക്കോണമി സിറ്റി 23 റിയാല്‍
ബിസിനസ് ക്ലാസ്
മദീന-മക്ക 125 റിയാല്‍
മദീന-ജിദ്ദ 105 റിയാല്‍
മദീന-ജിദ്ദ കിംഗ് അബ്ദുല്ല ഇക്കോണമി സിറ്റി 75 റിയാല്‍
മക്ക-ജിദ്ദ 25 റിയാല്‍
മക്ക-ജിദ്ദ കിംഗ് അബ്ദുല്ല ഇക്കോണമി സിറ്റി 55 റിയാല്‍
ജിദ്ദ-ജിദ്ദ കിംഗ് അബ്ദുല്ല ഇക്കോണമി സിറ്റി 33 റിയാല്‍
സര്‍വീസ് ആരംഭിക്കുന്നത് മുതല്‍ ആദ്യ രണ്ട് മാസത്തേക്കുള്ള ടിക്കറ്റ് നിരക്കുകളാണിത്. എന്നാല്‍ അതിനു ശേഷം ടിക്കറ്റ് നിരക്കുകള്‍ ഇരട്ടിയാകും. ഉദ്ഘാടനത്തോടനുബന്ധിച്ചു നല്‍കുന്ന ഇളവാണ് ആദ്യ രണ്ടു മാസത്തില്‍ പകുതി നിരക്കിലുള്ള ടിക്കറ്റ്. ഒക്‌ടോബര്‍ ആദ്യം മുതല്‍ ഡിസംബര്‍ അവസാനം വരെ വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്. പ്രത്യേക വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകുമെന്ന് അല്‍ഹറമൈന്‍ പദ്ധതി ജനറല്‍ മാനേജര്‍ എന്‍ജിനീയര്‍ മുഹമ്മദ് അല്‍ഫിദാ പറഞ്ഞു. ഇതിനായി പ്രത്യേക ആപ്പും ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് പുറത്തിറക്കുന്നുണ്ട്.
7,66,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ജിദ്ദ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ട്രെയിനുകള്‍ക്ക് ഏഴ് പാതകളുണ്ട്. 25,000 യാത്രക്കാരെ ഒരു മണിക്കൂറില്‍ ഉള്‍ക്കൊള്ളാനാകും. മക്ക സ്റ്റേഷന്‍ ഹറമില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയും. മദീന സ്റ്റേഷന്‍ മസ്ജിദുന്നബവിയില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയുമാണ് സ്ഥിതി ചെയ്യുന്നത്. ആറ് പാതകളുള്ള സ്റ്റേഷനില്‍ മണിക്കൂറില്‍ 4000 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. ഒരോ സ്റ്റേഷനിലും യാത്രാ ഹാളുകള്‍ക്ക് പുറമെ ബസ്, ടാക്‌സി സ്റ്റാന്‍ഡുകള്‍, ഹെലിപാഡ്, പാര്‍ക്കിങ് സ്ഥലങ്ങള്‍, സിവില്‍ ഡിഫന്‍സ് കേന്ദ്രം, ആരാധനാലയം, കച്ചവട സ്ഥാപനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."