അന്താരാഷ്ട്ര കപ്പല്‍ പാതക്ക് സമീപം പ്രകോപനം തീര്‍ത്ത് ഇറാന്റെ സൈനിക പ്രകടനം
റിയാദ്: അറബ് രാജ്യങ്ങളുമായി ഇടഞ്ഞു നില്‍ക്കുന്ന ഇറാന്‍ കൂടുതല്‍ പ്രകോപനവുമായി രംഗത്ത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണകയറ്റുമതി നടക്കുന്ന അന്താരാഷ്ട്ര കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിനു സമീപമാണ് ഇറാന്‍ സൈനിക പരേഡ് നടത്തിയത്. ഇറാന്റെ വ്യോമ സൈനിക വിഭാഗമാണ് വെള്ളിയാഴ്ച്ച ഇവിടെ സൈനിക പരേഡ് നടത്തിയതെന്നു ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. എണ്ണവിപണിയുടെ മൂന്നിലൊന്ന് കടന്നു പോകുന്ന ഈ പാതക്ക് സമീപം ഇറാന്റെ നടപടി ഗുരുതരമായ ഭീഷണീയായാണ് അറബ് രാജ്യങ്ങള്‍ കാണുന്നത്. ഹോര്‍മുസ് കടലിടുക്കിനു സമീപം ഒമാന്‍ കടലിലും പേര്‍ഷ്യന്‍ ഗള്‍ഫ് കടലിലുമാണ് സൈനിക പരേഡ് അരങ്ങേറിയത്.
അമേരിക്കന്‍ നിര്‍മിത എഫ്.ഫോര്‍, ഫ്രഞ്ച് മിറാഷ്, റഷ്യന്‍ സുഖോയ് 22 അടക്കമുള്ള ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിന്റെ പക്കലുള്ള വിവിധ തരത്തിലുള്ള അത്യാധുനിക യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് സൈനിക പരേഡ് നടത്തിയത്. കൂടാതെ, വിവിധ തരത്തിലുളള യുദ്ധ ഹെലികോപ്ടറുകളും പരേഡില്‍ അണിനിരന്നു. ഇറാനെതിരെ നീങ്ങുന്നവര്‍ക്കുള്ള കനത്ത മുന്നറിയിപ്പായാണ് സൈനിക പരേഡ് നടന്നതെന്നും രാജ്യത്തിനെതിരെയുള്ള നീക്കത്തിന് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇര്‍ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇറാഖ് ഭരണാധികാരി സ്ഥാനം ഹുസൈനുമായി നടന്ന നീണ്ട എട്ടു വര്‍ഷത്തെ യുദ്ധത്തിന്റെ വാര്‍ഷികാഘോഷമായിട്ടാണ് പരേഡ് നടത്തിയത്. എന്നാല്‍, ഹോര്‍മുസ് കടലിടുക്കില്‍ സഊദി എണ്ണക്കപ്പല്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ എണ്ണകയറ്റുമതി നിര്‍ത്തിവെച്ചതിനു ശേഷമുള്ള ഇറാന്റെ നീക്കം കൂടുതല്‍ അപകടത്തിലേക്കാണ് നീക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആണവകരാര്‍ റദ്ദാക്കിയതിനു മറുപടിയായി ഈ പാത വഴിയുള്ള എണ്ണകയറ്റുമതി തടസപ്പെടുത്തുമെന്നു ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതും ഇപ്പോള്‍ സഊദിയടക്കമുള്ള രാജ്യങ്ങള്‍ ഗൗരവമായാണ് കാണുന്നത്.
അതേസമയം, ചെങ്കടലില്‍ സുരക്ഷ സഊദിയടക്കമുള്ള മേഖലയിലെ അറബ് രാജ്യങ്ങള്‍ക്കും അമേരിക്കക്കും പ്രധാനപ്പെട്ടതാണെന്നു അമേരിക്കയിലെ സഊദി അംബാസിഡര്‍ പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വാഷിഗ്ടണില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ലോകത്തിന്റെ മൂന്നിലൊന്നു ഭാഗത്തേക്കുള്ള എണ്ണകയറ്റുമതി നടക്കുകയും ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിന്റെ കവാടവുമായ ബാബ് അല്‍ മന്‍ദബിലെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സഊദിയും സഖ്യരാഷ്ട്രങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."