ആന്തൂര്‍ ആത്മഹത്യ: പ്രതിഷേധം അറിയിച്ച് ചെന്നിത്തലയുടെ രാജി
തിരുവനന്തപുരം: പ്രവാസികളായ വ്യവസായികള്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളിലും അവഗണനകളിലും പ്രതിഷേധിച്ച് ലോക കേരള സഭയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യഥാര്‍ഥ കുറ്റവാളികള്‍ക്കെതിരെ നടപടിസ്വീകരിക്കാതെ ഉദ്യോഗസ്ഥരെ ബലിയാടാക്കി പാര്‍ട്ടിക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ കുറ്റവാളികള്‍ക്കെതിരെ നടപടി പ്രഖ്യാപിക്കാതെ ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ നടപടി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഉദാസീനമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഇത് സാജന്റെ മരണം സര്‍ക്കാര്‍ എത്ര ലഘുവായി കണക്കാക്കുന്നു എന്നതിന് തെളിവാണ്. എല്ലാ കുറ്റവും ഉദ്യോഗസ്ഥരുടേതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സെക്രട്ടറിയാണ് അനുമതി നിഷേധിച്ചതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എങ്കില്‍ പിന്നെ ഭരണസമിതി എന്തിനാണ്.
എല്ലാം തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണോ? എങ്കില്‍ സംസ്ഥാനത്ത് മുഖ്യമന്ത്രി എന്തിനാണ്. ചീഫ് സെക്രട്ടറി പോരേ. അദ്ദേഹം ഭരിച്ചാല്‍ പോരേ. അന്യനാട്ടില്‍ ജീവിതത്തിന്റെ യൗവനകാലം മുഴുവന്‍ ഹോമിച്ച് സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ട് ആന്തൂര്‍ പോലൊരു കുഗ്രാമത്തില്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചതിനാണ് സാജനെന്ന ഹതഭാഗ്യന് ജീവിതം ഹോമിക്കേണ്ടി വന്നത്. കണ്ണൂീര്‍ ജില്ലയിലെ സിപിഎം വിഭാഗീയതയുടെ രക്തസാക്ഷിയാണ് സാജന്‍ പാറയില്‍ എന്ന പ്രവാസി വ്യവസായിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
രാത്രി കുടുംബത്തെയും കൊണ്ട് കാറില്‍ പണി പൂര്‍ത്തിയാകാത്ത കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍ പോയി സാജന്‍ നെടുവീര്‍പ്പിടുമായിരുന്നു എന്നാണ് ആന്തൂര്‍ സന്ദര്‍ശിച്ചപ്പോള്‍ മനസ്സിലാക്കാനായത്. താന്‍ ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ലെന്ന് നഗരസഭാധ്യക്ഷ പി കെ ശ്യാമള പറഞ്ഞു. ഇത്തരത്തില്‍ പറയാന്‍ എന്ത് അധികാരമാണ് അവര്‍ക്ക് ഉള്ളത്. ഏത് മുനിസിപ്പല്‍ ചട്ടം അനുസരിച്ചാണ് ശ്യാമള ഇങ്ങനെ പറഞ്ഞതെന്ന് ചെന്നിത്തല ചോദിച്ചു.
മുതിര്‍ന്ന സിപിഎം നേതാവിന്റെ ഭാര്യയാണ് എന്ന ധിക്കാരത്തിലാണ് ശ്യമളയുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം. ശ്യാമളക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തണമെന്ന് സാജന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷിക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിന് എന്തിനാണ് അന്വേഷണം. പി ജയരാജന്റെ മകന്റെ വിവാഹത്തിന് സാജന്‍ പോയത് ശ്യാമള അറിഞ്ഞതും അനുമതി നിഷേധത്തിന് കാരണമായി.
ആന്തൂര്‍ സി.പി.എം കോട്ടയാണ്. ഇനിയും അവിടെ സി.പി.എം ഭരണമാണ് വരികയെന്ന് സാജന്‍ ഭയന്നു. അതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പിണറായി സര്‍ക്കാരിന്റെ കാലത്ത് രണ്ടാമത്തെ പ്രവാസിയാണ് ആത്മഹത്യ ചെയ്തത്. പുനലൂരില്‍ സുഗതന്‍ ആത്മഹത്യ ചെയ്തത് സര്‍ക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു. സുഗതന്റെ സ്ഥാപനത്തിന് ഇതുവരെയും അനുമതി നല്‍കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിച്ചു.
ആന്തൂരിലെ സാജന്റെ ആത്മഹത്യ അട്ടിമറിക്കാനാണ് സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നത്. പ്രമോട്ടിയായ നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്. ആര്‍ക്ക് വേണം ഈ അന്വേഷണം. കേരളത്തെ നടുക്കിയ സംഭവത്തില്‍ ഐജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം മുഖ്യമന്ത്രിക്ക് കത്ത്ു നല്‍കിയിരുന്നു. എന്നാല്‍ പ്രമേഷന്‍ ലഭിച്ചെത്തിയ നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പിയെയാണ് ചുമതലപ്പെടുത്തിയത്. ഇത് അന്വേഷണം തങ്ങളുടെ വരുതിയില്‍ നിര്‍ത്തുന്നതിന് വേണ്ടിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."